Thursday, 3 September 2015

അഗസ്ത്യമല ട്രെക്കിംഗ്

കഴിഞ്ഞ കൊല്ലം (2014) ജനുവരിയിലാണ് ട്രെക്കിംഗിന് പോയതെങ്കിലും ഇപ്പോഴാണ് ബ്ലോഗ്‌ പബ്ലിഷ് ചെയ്യാന്‍ ടൈം കിട്ടിയത്‌!

ഓഫീസില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന കട്ടപ്പനക്കാരന്‍ സോനു-വാണ് ചോദിച്ചത്, അഗസ്ത്യമല കേറാന്‍ പോവുന്നുണ്ടോയെന്ന്. നമുക്ക് കിട്ടാവുന്ന ഏറ്റവും നല്ലയൊരു യാത്രാനഭവമായിരിക്കും അഗസ്ത്യമല ട്രെക്കിങ്ങെന്ന്‍ പണ്ടുമുതലേ കേട്ടിട്ടുള്ളതാണ്. ഓരോ വര്‍ഷവും രണ്ടോ മൂന്നോ മാസത്തേക്ക് മാത്രമേ വനംവകുപ്പ് അങ്ങോട്ട്‌ പ്രവേശനം നല്‍കാറുള്ളൂ, അതും ദിവസം നൂറു പേരെ വെച്ച് മാത്രം. ഇതില്‍തന്നെ ട്രെക്കിംഗ് ചെയ്യാന്‍ പോവുന്നവരുമുണ്ടാവും, മലമുകളില്‍ അഗസ്ത്യ മുനിയുടെ പ്രതിഷ്ഠയെ തൊഴാന്‍ പോവുന്ന തീര്‍ഥാടകരുമുണ്ടാവും. അതുകൊണ്ട് തന്നെ ആ പാസ്സ് കിട്ടുക എന്നുള്ളത് തന്നെ ഒരു ഭാഗ്യമാണ്

അഗസ്ത്യകൂടം - ചെറിയൊരു ആമുഖം




നമ്മുടെ കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയാണ് തിരുവനന്തപുരം ജില്ലയില്‍ തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന അഗസ്ത്യ(ര്‍)കൂടം/അഗസ്ത്യമല. പശ്ചിമഘട്ട മലനിരയില്‍പെട്ട ഈ കൊടുമുടി, സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. മറ്റൊരിടത്തും കാണാത്ത ഔഷധസസ്യങ്ങളുടെയും, വംശനാശ ഭീഷണി നേരിടുന്ന വിവിധ ജീവജാലങ്ങളുടെയും കലവറയാണ് അഗസ്ത്യമലയും അതിനു ചുറ്റുമുള്ള സംരക്ഷിത വനമേഖലയും. ഹിന്ദുപുരാണത്തിലെ സപ്തർഷികളിൽ ഒരാളാണ് അഗസ്ത്യമുനി. മലമുകളിലുള്ള അഗസ്ത്യ മുനിയുടെ പൂർണ്ണകായപ്രതിമയില്‍ പൂജകളും മറ്റും ഭക്തര്‍ നടത്താറുണ്ട്‌. കാട് നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍, മലകളും, കാട്ടരുവിയുമൊക്കെ നിങ്ങള്‍ സ്നേഹിക്കുന്നെണ്ടെങ്കില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ട്രെക്കിംഗ് നടത്തിയിരിക്കണം.

(അഗസ്ത്യമല ഗൂഗിള്‍ മാപ്പില്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)


യാത്രയുടെ പ്ലാനിംഗ്

അങ്ങനെ ഞാനും, 'തേക്കുംമൂട്ടിൽ' സഹമുറിയന്‍മാരായ ഷമീറും, ഡിജോയും  കൂടി ജനുവരി മൂന്നാമത്തെയാഴ്ചയില്‍ കാട് കയറാനുള്ള പാസെടുത്തു. കേരള ഫോറെസ്റ്റ് വെബ്സൈറ്റ്-ൽ നിന്നോ / 'അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക്'-ന്‍റെ  വെബ്സൈറ്റ്-ല്‍ നിന്നോ അഞ്ഞൂറ് രൂഫയടച്ച്‌ (ഭക്ഷണം ഒഴികെ) പാസ്സ് ബുക്ക്‌ ചെയ്തു.  എല്ലാ വര്‍ഷവും ജനുവരി ആദ്യത്തെ ആഴ്ച മുതലാണ്‌ പാസ്സ് എടുക്കാന്‍ പറ്റുന്നത്. കമ്പനിയില്‍ പ്രൊജക്റ്റ്‌ തന്നിരിക്കുന്ന കസ്റ്റമര്‍ സായിപ്പിനെ വിളിച്ച് കാട് കയറാന്‍ പോവുകയാണെന്നും, തിരിച്ച് വരുവാണെങ്കില്‍ പണി കമ്പ്ലീറ്റ്‌ ചെയ്യാമെന്നും പറഞ്ഞ് മാനേജര്‍ക്ക് ലീവ് അപ്ലൈ ചെയ്തു.  ഓഫീസില്‍ ഇരുന്നിട്ട് പ്രത്യേകിച്ച് മല മറിക്കാനൊന്നുമില്ലാത്തതുകൊണ്ട് മാനേജര്‍ അപ്പൊത്തന്നെ ലീവ് അപ്പ്രൂവും ചെയ്തു. 


കഴക്കൂട്ടം മുതല്‍ ബോണെക്കാട് ഫോറെസ്റ്റ് ചെക്ക്പോസ്റ്റ് വരെ

ജനുവരി പത്തൊന്‍പതാം തിയതി ഞായറാഴ്ച അതിരാവിലെ എണീറ്റു. തണുപ്പത്ത് കുളിക്കുന്ന ശീലമില്ലത്തതുകൊണ്ട് പെട്ടെന്ന് തന്നെ റെഡിയായി. വിശക്കുമ്പോള്‍ തിന്നാന്‍ കുറച്ചു ചോക്ലേറ്റ്, ബിസ്ക്കറ്റ്, കുടിവെള്ളം പിടിക്കാന്‍ രണ്ടുകുപ്പി, ഒരു എക്സ്ട്രാ ഷര്‍ട്ട്, സണ്‍ ക്രീം ലോഷന്‍, തൊപ്പി, തോര്‍ത്ത്, രാത്രിയില്‍ പുതയ്ക്കാന്‍ ഒരു പുതപ്പ്, ഒരു സ്വിസ് നൈഫ്, ക്യാമറ അങ്ങനെ അത്യാവശ്യം രണ്ടു ദിവസം കഴിഞ്ഞുകൂടെണ്ട സാധനങ്ങള്‍. ഓര്‍ക്കുക, ഈ ബാഗും തോളത്തിട്ട് രണ്ടു ദിവസംകൊണ്ട് നമ്മള്‍ നടക്കാന്‍ പോവുന്നത് ഏകദേശം 50 കിലോമീറ്റര്‍! ഇതുവരെ അഞ്ച് കിലോമീറ്റര്‍ പോലും ഒരുമിച്ച് നടക്കാത്ത എന്നെപ്പോലുള്ള കുഴിമടിയന്മാര്‍ക്ക് ഒരനുഭവം തന്നെയായിരിക്കും ഈ യാത്ര! പിന്നെ, മലമുകളില്‍ ഒരു ബാങ്കിനും ശാഖയോ / എ.ടി.എം. ഫെസിലിറ്റിയോ ഇല്ല. അതുകൊണ്ട് അടിവാരത്തും മറ്റും ഫുഡ് കഴിക്കാന്‍ ആവശ്യമായ കുറച്ചു കാശ് കരുതുക, അവസാനം അവിടെ ചെന്നിട്ട് കാശില്ലെങ്കില്‍ വല്ല കാട്ടുചേമ്പും പറിച്ച് തിന്നുകയെ നിവൃത്തിയുള്ളൂ.

കഴക്കൂട്ടത്ത് നിന്ന് ബോണെക്കാട് ഫോറെസ്റ്റ് ചെക്ക്‌പോസ്റ്റുവരെ ബൈക്കിലാണ് യാത്ര. ആവശ്യത്തിനുള്ള പെട്രോളൊക്കെ തലേന്ന് തന്നെ അടിച്ചുവെച്ചത് എളുപ്പമായി. വിതുര കെ.എസ്.ആര്‍.ടി.സി കവല കഴിഞ്ഞ് ഒരു കിലോമീറ്റര്‍ കഴിയുമ്പോള്‍ ബോണെക്കടിനുള്ള റോഡിലേക്ക് തിരിയണം. ഒരു പെട്ടിക്കടയില്‍ ചായ കുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ ചേട്ടന്മാര് പറയുന്നുണ്ടായിരുന്നു അതിരാവിലെയുള്ള യാത്ര സൂക്ഷിക്കണം, ഏതു സമയത്തും കാട്ടുപന്നി റോഡിന് കുറുകെചാടും, ബൈക്ക് മറിയും എന്ന്. അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് ഓടിച്ചത്.  നിങ്ങളുടെ അനുഭവങ്ങള്‍ ഇവിടെ തുടങ്ങുന്നു. മെയിന്‍ റോഡില്‍ നിന്ന് ഫോറെസ്റ്റ് ഓഫീസ് വരെ മൂന്ന് കിലോമീറ്റര്‍  'ഓഫ്‌ റോഡ്‌' കഴിവ് പുറത്തെടുക്കാനുള്ള അവസരമാണ്, അതുപോലെത്തെ കുണ്ടും കുഴിയും നിറഞ്ഞ അപകടകരമായ വഴികളായിരുന്നു. വെറും മൂന്ന് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ നാല്‍പ്പത്തഞ്ച് മിനിട്ടെടുത്തു എന്ന് പറയുമ്പോള്‍ തന്നെ ഊഹിക്കാമല്ലോ റോഡ് എങ്ങനെയാണെന്ന്!. 

ബോണെക്കാട് ഫോറെസ്റ്റ് ചെക്ക്പോസ്റ്റ്

രണ്ടുമണിക്കൂര്‍ ബൈക്ക് യാത്രക്കൊടുവില്‍ ഏകദേശം ഏഴരയോടുകൂടി ബോണെക്കാട് ഫോറെസ്റ്റ് സ്റ്റേഷനിലെത്തി. അവിടെ ചെറിയൊരു ഓഫീസ് കെട്ടിടവും അതിനോട് ചേര്‍ന്ന് ഒരു അടുക്കളയും, ഫോറെസ്റ്റിലെ കുറച്ചുദ്യോഗസ്ഥരുമുണ്ടായിരുന്നു. പ്രഭാത ഭക്ഷണം അവിടുന്നാണ് കഴിച്ചത്.


വിശപ്പുകൊണ്ടാണോ എന്നറിയില്ല കഴിച്ച പൊറോട്ടയ്ക്കും വെജിറ്റബിള്‍ കറിക്കും ഓരോന്നൊന്നര ടേസ്റ്റയായിരുന്നു. അന്നുച്ചയ്ക്കുള്ള ഭക്ഷണവും അവിടുന്ന് മേടിച്ചു. ഞങ്ങളോടൊപ്പം അന്നേ ദിവസം കാട് കയറാന്‍ ഏകദേശം അന്‍പതോളം ആളുകള്‍  വേറെയുമുണ്ടായിരുന്നു. മലയിറങ്ങിപോയവര്‍ ഉപേക്ഷിച്ചിട്ട്പോയ ഓരോ താങ്ങ് വടികള്‍ ഞങ്ങളെടുത്തു, എപ്പോഴാ ആവശ്യം വരികയെന്ന് പറയാന്‍ പറ്റില്ലല്ലോ!



എട്ടുമണിയോടുകൂടി ഫോറെസ്റ്റ് ആപ്പിസര്‍മാര്‍ എല്ലാവരുടെയും പാസ്സും, ഐ.ഡി കാര്‍ഡും ഒത്തുനോക്കി രജിസ്റ്ററില്‍ രേഖപ്പെടുത്തി. പ്ലാസ്റ്റിക്‌ കൂടുകള്‍, മദ്യം എന്നിങ്ങനെയുള്ള വസ്തുക്കള്‍ കാട്ടിലേക്ക് കയറ്റാന്‍ സമ്മതിക്കില്ല. അതിനുശേഷം വല്യ ആപ്പീസര്‍ ഒരൊറ്റ ഉപദേശമേ തന്നുള്ളൂ, കാടാണ് യാതൊരുവിധ വാര്‍ത്തവിനിമയ സംവിധാനങ്ങളോ വാഹന സൗകര്യങ്ങളോ ഇല്ല... മൃഗങ്ങളുണ്ടാവും,  ചെങ്കുത്തായിട്ടുള്ള പാറകളുണ്ടാവും അങ്ങനെ പലതും. അതുകൊണ്ട് ഓരോ ചുവടും വളരെ സൂക്ഷിച്ചു വേണം (പ്രശസ്ത പക്ഷി-ജന്തുഗവേഷകന്‍ ഡോ.എസ്.ഭൂപതി അഗസ്ത്യാര്‍കൂടത്തില്‍ വീണുമരിച്ചത് ഞങ്ങളുടെ യാത്ര കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിലാണ്. ഗവേഷകരും വഴികാട്ടികളും ചേര്‍ന്ന് മണിക്കൂറുകളോളം കാല്‍നടയായി ചുമന്നാണ് പരിക്കേറ്റ അദ്ദേഹത്തെ താഴ്വാരത്ത് എത്തിച്ചത്. ജീപ്പ് കിട്ടുന്ന സ്ഥലത്തെത്താന്‍ 12 മണിക്കൂറോളം കാല്‍നടയാത്ര ചെയ്യേണ്ടിവന്നു)

ഒന്നാം ദിവസം - ട്രെക്കിംഗ് തുടങ്ങുന്നു 

അങ്ങനെ അതിസാഹസികമായ ഒരു യാത്ര തുടങ്ങുന്നു. ആദ്യ ദിവസം തന്നെ ഏകദേശം 18 കിലോമീറ്റര്‍ നടന്നാലേ കൊടുമുടിയുടെ അടിവാരത്തുള്ള കൂടാരങ്ങളില്‍ എത്തിച്ചേരുകയുള്ളൂ, അതും വൈകുന്നേരം നാല് മണിക്ക് മുന്‍പെത്തണം. ഇരുട്ടിതുടങ്ങിയാല്‍ പിന്നെ മുന്‍പില്‍ കാണുന്നത് ആനയാണോ കടുവയാണോ എന്നൊന്നും പറയാന്‍ പറ്റില്ലെന്ന് കൂട്ടത്തില്‍ നടന്ന ഒരു ചേട്ടന്‍ പറയുന്നത് കേട്ടു. അങ്ങേര് വര്‍ഷങ്ങളായി മുടങ്ങാതെ തീര്‍ഥാടനം നടത്തുന്ന ഒരാളാണ്.

കുറച്ചു ദൂരം കാട്ടിലൂടെ വഴി വെട്ടിയിട്ടുള്ളത്‌കൊണ്ട്  നടക്കാന്‍ നല്ല സുഖമായിരുന്നു. ഏകദേശം രണ്ടു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ കാട്ടുപാത തീര്‍ന്നു, പിന്നെയങ്ങോട്ട് ആരൊക്കെയോ നടന്നു പോയതിന്‍റെ വെറും വഴിച്ചാലുകള്‍ മാത്രം. ആദ്യമുണ്ടായിരുന്ന ആവേശം പതുക്കെ തണുത്തുതുടങ്ങി, കുപ്പിയില്‍ നിന്ന് കുറച്ചു വെള്ളമെടുത്ത് കുടിച്ചു. ദൂരം കൂടുന്തോറും ഞങ്ങളോടൊപ്പം യാത്രയാരംഭിച്ച ആരെയും കാണാനില്ല. കൂവിയാല്‍ പോലും കേള്‍ക്കാത്ത ദൂരത്തില്‍ കുറച്ചു പേര്‍ മുന്‍പിലും, ബാക്കിയുള്ളവര്‍ പുറകിലും (അതോ അവര് തിരിച്ച് പോയോ എന്നുമറിയില്ല.)



പോവുന്ന വഴിയില്‍ കാടിന്‍റെ മക്കളായ മരങ്ങള്‍ ഞങ്ങള്‍ക്ക് തണലേകി. കാടിന് സ്വപ്നങ്ങളെക്കാള്‍  ഭംഗിയുണ്ടെന്ന്  നടക്കുന്തോറും ഞങ്ങള്‍ക്ക് മനസിലായി. ചെറിയ കാട്ടരുവികളില്‍നിന്ന് കുപ്പിയില്‍ വെള്ളം നിറച്ചുകൊണ്ടിരുന്നു. ജീവിതത്തില്‍ ഇത്രയും ശുദ്ധമായ വെള്ളം ഇതിന് മുന്‍പ് കുടിച്ചിട്ടുണ്ടോയെന്നുതന്നെ സംശയം. ഇടയ്ക്കിടയ്ക്ക് മൊബൈലിലും ക്യാമറയിലും ഫോട്ടോയും എടുത്തു. ചില സ്ഥലങ്ങളില്‍ കാടിന്‍റെ നിശബ്ദത ശരിക്കും പേടിപ്പിക്കുന്നതാണ്. പോവുന്ന വഴിക്ക് പലയിടങ്ങളിലും ഫ്രഷ്‌ ആനപ്പിണ്ടങ്ങളും ആനത്താരിയും കണ്ടേക്കാം. എങ്ങാനും വല്ല കാട്ടാനയുടെയും മുന്‍പില്‍ ചെന്ന് പെട്ടാല്‍ രക്ഷപ്പെടാന്‍ യാതൊരുവഴിയുമില്ല, അതുകൊണ്ട് പേടിച്ചത്കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല!

ഏകദേശം ഒരു എട്ടു പത്തു കിലോമീറ്റര്‍ ആയിക്കാണും,അങ്ങുദൂരെ ആകാശത്തെ മേഖങ്ങളെ ചുംബിച്ചു നില്‍ക്കുന്ന അഗസ്ത്യമലയെ ഞങ്ങള്‍ കണ്ടു. അവിടം വരെ പോവണമല്ലോ എന്നോര്‍ത്ത് ഞങ്ങളില്‍ ചെറിയൊരു ആശങ്കയുണ്ടായിരുന്നെങ്കിലും, ഇതുവരെ കാണാത്ത വനഭംഗി ഞങ്ങളെ കൈപിടിച്ചു നടത്തി.


സമയം പന്ത്രണ്ടുമണിയായാല്‍ പിന്നെ തെക്കുംമൂട്ടില്‍ തറവാട്ടുകാര്‍ക്ക് ഫുഡ്  നിര്‍ബന്ധമാണ്! കുറച്ചുകൂടി നടന്നപ്പോള്‍ അവിടെ അത്യാവശ്യം വലിയൊരു കാട്ടരുവി. അവിടെയിരുന്ന് രാവിലെ മേടിച്ച പൊതിച്ചോറെടുത്ത് കഴിച്ചു. കുറച്ചു താഴെയായി ഞങ്ങളുടെ മുന്‍പേ പോയവരും, തലേ ദിവസം മലകേറി തിരിച്ചിറങ്ങുന്ന കുറച്ചുപേരും അവിടെ കുളിക്കുന്നുണ്ടായിരുന്നു. തിരിച്ച് കാടിറങ്ങുമ്പോള്‍ എന്തായാലും ഒരു കുളി പാസ്സാക്കണമെന്ന് ഡിജോ പറഞ്ഞു. ഇത്രയും ശുദ്ധമായ തെളിനീരില്‍ കുളിക്കുന്നത് ഒരു പ്രത്യേക സുഖമാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.

പോവുന്ന വഴിക്ക് രണ്ടുമൂന്ന് കിലോമീറ്റര്‍ മൊട്ടക്കുന്നുകളിലൂടെയാണ് യാത്ര. ഈ ട്രെക്കിംഗില്‍ നമുക്ക് സുഖിക്കാതെ വരുന്ന ഒരു സ്ഥലം. മരങ്ങളൊന്നുമില്ലാത്തതിനാല്‍ അവിടെ അസഹനീയമായ വെയിലായിരുന്നു. തൊപ്പിയെടുത്ത് തലയില്‍ വെച്ച്, സണ്‍ ക്രീം ലോഷന്‍ മുഖത്തും കയ്യിലും തേച്ചപ്പോള്‍ ചൂടില്‍നിന്ന് തെല്ലൊരാശ്വാസം കിട്ടി.


മൊട്ടക്കുന്നുകള്‍ പിന്നിട്ട് ഞങ്ങള്‍ വീണ്ടും കാട്ടിലേക്ക് കയറി.  തലേദിവസം മലകയറി തിരിച്ചിറങ്ങുന്നവരെ ഇടയ്ക്കിടയ്ക്ക് കണ്ടു. ഞങ്ങള്‍ താണ്ടുന്നത് സമുദ്രനിരപ്പില്‍ നിന്നും മുകളിലേക്കാണെന്ന് കാലുകള്‍ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. പിന്നീടങ്ങോട്ട് നടക്കുന്തോറും ചുറ്റും മലനിരകള്‍ കണ്ട് തുടങ്ങി. ഉയരം കൂടും തോറും തണുപ്പ് കൂടിവന്നു. ചുറ്റും കോടമഞ്ഞു നിറഞ്ഞ് തുടങ്ങി. അപ്പോള്‍ നമ്മള്‍ കാണുന്ന പ്രകൃതിയുടെ ഭംഗി, വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ വയ്യ.



അടിവാരം

അങ്ങനെ നടന്ന് നടന്ന് തളര്‍ന്ന്, കാടും മലയും കുന്നും, അരുവികളും പിന്നിട്ട് ഒരു വിധത്തില്‍ അന്ന് താമസിക്കേണ്ട കൂടാരങ്ങളിലെത്തി. സമയം ഏകദേശം മൂന്ന് മണി. കാട്ടനയെയും മറ്റു വന്യ മൃഗങ്ങളേയും പേടിച്ച് ചുറ്റും കിടങ്ങ് കുഴിച്ചിട്ടുണ്ടായിരുന്നു. പടുതകൊണ്ട് മേഞ്ഞു കെട്ടിയ കുറച്ചു ഓലപ്പുരകള്‍. അതില്‍ ഈറ്റകൊണ്ടുണ്ടാക്കിയ പ്ലാറ്റ്ഫോമുകളിലാണ് കിടക്കേണ്ടത്‌. ആള് കുറവുള്ള  ഒരു കൂടാരം കണ്ടെത്തി ബാഗ് അവിടെ വെച്ചു.


ഈ കൂടാരങ്ങള്‍ക്കടുത്ത് ഒരു കാട്ടരുവിയുണ്ട്. മരം കോച്ചുന്ന തണുപ്പുണ്ടായിരുന്നെങ്കിലും നടന്നു തളര്‍ന്നതുകൊണ്ട് ഒരു കുളിയങ്ങോട്ട് പാസ്സാക്കി. അവിടെത്തന്നെ ഫോറെസ്റ്റ്-കാര്‍ നടത്തുന്ന ഒരു കാന്റീനുണ്ട്. കുളിയൊക്കെ കഴിഞ്ഞ് ഫോറെസ്റ്റുകാര്‍ നടത്തുന്ന കാന്റീനില്‍ നിന്ന് ചൂട് കാപ്പിയും, ബജിയും കഴിച്ചു. രാത്രിയിലെക്കും, പിറ്റേദിവസത്തെയ്ക്കുമുള്ള ഫുഡിന് കൂപ്പണുമെടുത്തു. രാത്രി ഏകദേശം ഏഴുമണി മുതല്‍ എട്ടരവരെ കഞ്ഞി കിട്ടും. കഞ്ഞിയും, പയറും, പപ്പടവും, അച്ചാറും കൂട്ടി ഒരു പിടിയങ്ങോട്ട് പിടിച്ചു.


തിരിച്ച് കൂടാരത്തില്‍വന്ന് അവിടെ നിന്ന് കിട്ടിയ പായ് എടുത്തുവിരിച്ചു. തണുപ്പെന്നു പറഞ്ഞാല്‍ ഒരുമാതിരി രക്തം കട്ടയവുന്ന തണുപ്പ്. ബാഗില്‍ കരുതിയിരുന്ന മറ്റൊരു ഷര്‍ട്ടും എടുത്തിട്ടു, പുതപ്പും പുതച്ചു. പിന്നെ, കൊടുങ്കാറ്റടിക്കുന്നപോലത്തെ കാറ്റുമുണ്ടായിരുന്നകൊണ്ട് രാത്രിയില്‍ ഉറങ്ങാന്‍ പറ്റിയില്ല (ഒരു ബെഡ് ഷീറ്റ്, മങ്കി ക്യാപ്, എന്നിവ കരുതുന്നത് നന്നായിരിക്കും)!!

രണ്ടാം ദിവസം

അതിരാവിലെ  എഴുന്നേറ്റ് പല്ലൊക്കെ തേച്ച് ബാത്‌റൂമിലും പോയി. നമ്മുടെ നാട്ടിലേ ബസ്‌ സ്റ്റേഷനെക്കാളും നല്ല രീതിയില്‍ പരിപാലിച്ചിരിക്കുന്ന പത്തു പന്ത്രണ്ടു ടോയ്‌ലററ്റുകളുണ്ട്. എഴുമണിക്കെങ്കിലും പുറപ്പെട്ടാലേ മലകയറി തിരിച്ച് അന്ന് തന്നെ കാടിറങ്ങാന്‍ പറ്റുകയുള്ളു. അതല്ലെങ്കില്‍ രണ്ടാം ദിവസം വൈകുന്നേരം കൂടാരത്തില്‍ വിശ്രമിച്ചട്ട് മൂന്നാം ദിവസം തിരിച്ച് പോവാം

പ്രഭാതഭക്ഷണവും കഴിച്ച്, ഉച്ചയ്ക്കുള്ള ഭക്ഷണത്തിന്‍റെ പാസ്സുമെടുത്തു. ക്യാമറ, ഒരു കുപ്പി വെള്ളവും മാത്രം കയ്യിലെടുത്ത് ബാക്കിയുള്ളവ കൂടാരത്തില്‍ തന്നെ പായ് കൊണ്ട് മൂടിവെച്ചു (പേടിക്കേണ്ട, നിങ്ങടെ പഴംതുണി ആരും അടിച്ചോണ്ട് പോവില്ല, കാരണം അവര്‍ക്കതും ചുമന്തുകൊണ്ട് പത്തു പതിനഞ്ചു കിലോമീറ്റര്‍ നടക്കാന്‍ വട്ടൊന്നുമില്ല!!)

തലേദിവസം നടന്നതൊന്നുമല്ല നടപ്പ്! ഇനിയാണ് ശരിക്കുള്ള മലകയറ്റം! വളരെ കരുതലോടെ വേണം ഇനിയുള്ള യാത്ര. പലയിടങ്ങളിലും ഉരുളന്‍ കല്ലുകളും, മരങ്ങളുടെ വേരുകളും നിങ്ങള്‍ക്ക് കെണിയൊരുക്കും, അതുകൊണ്ട് സൂക്ഷിക്കുക. നല്ല മൂടല്‍മഞ്ഞും, അതിശക്തമായ കാറ്റും അതിനൊത്ത തണുപ്പുമായിരിക്കും മുകളിലോട്ട് പോവും തോറും. പശ്ചിമഘട്ടത്തിന്‍റെ ഭംഗി അതിന്‍റെ പൂര്‍ണ്ണതയില്‍ തന്നെ നമുക്കാസ്വദിക്കാന്‍ പറ്റും.

മൂന്നിടത്ത് വഴുവഴുപ്പുള്ള പാറയില്‍കൂടി കയറില്‍ പിടിച്ച് വേണം വലിഞ്ഞ് കയറാന്‍. കൈവിട്ടുപോയാല്‍ പിന്നെ പേടിക്കാനില്ല, പൊടി പോലും കിട്ടില്ല.


ചെങ്കുത്തായിട്ടുള്ള രണ്ടാമത്തെ മലയും കയറിക്കഴിയുമ്പോള്‍ നമ്മള്‍ കാണുന്നത് മേഘങ്ങള്‍ നമുക്ക് താഴെ നില്‍ക്കുന്നതാണ്!



ഈ മനോഹര ദൃശ്യങ്ങള്‍ കണ്ടുനില്‍ക്കാന്‍ നല്ല ഭംഗിയുണ്ടെങ്കിലും അന്ന് തന്നെ തിരിച്ച് പോവേണ്ടതുള്ളത്കൊണ്ട് യാത്ര തുടര്‍ന്നു.

മൂന്നാമത്തെ പാറയും കയറി നമ്മള്‍ ചെന്ന് കയറുന്നത് അഗസ്ത്യമലയുടെ നെറുകയിലാണ്! അതുവരെ കഷ്ടപ്പെട്ടത് വെറുതെയായില്ല എന്ന് നമ്മള്‍ക്ക് ബോധ്യപ്പെടും.  അഗസ്ത്യ മുനിയുടെ പ്രതിഷ്ഠയും ആ തീര്‍ഥാടനവും അവിടെയില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ സാധാരണക്കാര്‍ക്ക്‌ അങ്ങോട്ടുള്ള പ്രവേശനം പോലും ലഭിക്കില്ലായിരുന്നു എന്ന ചിന്ത വന്നപ്പോള്‍ അഗസ്ത്യമുനിയോട് മനസ്സില്‍ നന്ദി പറഞ്ഞു.


ഇനി തിരിച്ച് മലയിറങ്ങണം. ബൈക്ക് പാര്‍ക്ക്‌ ചെയ്തിരിക്കുന്ന ബോണെക്കാട് ചെക്ക്‌പോസ്റ്റ്‌ വരെ നടക്കേണ്ടത് ഏകദേശം ഇരുപത്തഞ്ചു കിലോമീറ്റർ.! മല കയറുന്നതിനേക്കാൾ പാടാണ് തിരിച്ചിറങ്ങുന്നതെന്ന് അറിവുള്ളവർ പറഞ്ഞപ്പോൾ വിശ്വസിച്ചില്ല, പക്ഷെ അനുഭവം അത് ഞങ്ങളെ പഠിപ്പിച്ചു! 

ഇറങ്ങുന്ന വഴിക്ക് ഒരു സിംഹവാലൻ കുരങ്ങ്  മരത്തിലിരുന്ന് ഞങ്ങടെ നടത്തം കണ്ട്  ഊറിയൂറി ചിരിക്കുണ്ടായിരുന്നു. അതൊരു കാടായതുകൊണ്ടും, അവനിരിക്കുന്നത് മരത്തിൻമുകളിലായതുകൊണ്ടും ഞങ്ങള് ക്ഷമിച്ചു! ഒരു വിധത്തിൽ മലയിറങ്ങി അടിവാരത്തുള്ള കൂടാരത്തിലെത്തി. അവിടെ നിന്ന് ബാഗും തുണിയുമൊക്കെയെടുത്ത് കാന്റീനിൽനിന്ന് ഫുഡും കഴിച്ചു. ഇനി കാട്ടിലൂടെയുള്ള മടക്കയാത്രയാണ്. വെറുതെ കളയാൻ സമയമില്ല, വൈകുന്നേരത്തിനുമുൻപ് അതിർത്തിയിലെത്തണം. 

നടന്ന് നടന്ന് അവസാനം ചോരതുപ്പുമെന്ന അവസ്ഥയായി. ഇടയ്ക്കിടയ്ക്ക് ഇരുന്നു വിശ്രമിച്ചും, ചോക്കലെറ്റ് തിന്നും ഒരു വിധത്തിൽ ചെക്ക്‌പോസ്റ്റിലെത്തിയപ്പോൾ സമയം  വൈകുന്നേരം  ആറ് മണി. ബൈക്കെടുത്ത് നേരെ കഴക്കൂട്ടത്തോട്ട് വെച്ചുപിടിച്ചു. ഇടയ്ക്കൊരു മെഡിക്കൽ സ്റ്റോറിൽ കയറി ഞരെമ്പെണ്ണ മേടിച്ചതുകൊണ്ട് രണ്ടു ദിവസം കൊണ്ട് കാല് ശരിയായി!

എന്തൊക്കയായാലും, ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായിരുന്നു അഗസ്ത്യമല ട്രെക്കിംഗ്.

Friday, 20 February 2015

ലാല്‍ സലാം സഖാവെ

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തില്‍  നിര്‍ണായക സ്ഥാനമുള്ള, പുന്നപ്ര വയലാറിന്‍റെ സമര മണ്ണില്‍ നടക്കുന്ന സമ്മേളനത്തിൽ, രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ചപ്പോൾ സ:വി.എസ്-ന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി.

<Bodhodhayam blog image>


ആ കണ്ണീരിന്‍റെ വിലയറിയണമെങ്കില്‍ കുറച്ച് പതിറ്റാണ്ടുകള്‍ പിന്നോട്ട് നടക്കേണ്ടിയിരിക്കുന്നു. 

തൊള്ളായിരത്തി നാൽപതുകൾ. 

അച്ഛന്‍ മരിച്ചതിനെതുടര്‍ന്ന്‍ ഏഴാം ക്ലാസ്സില്‍ വെച്ചു പഠിപ്പ് നിര്‍ത്തിയ അച്യുതാനന്ദന്‍, കയര്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നിതിനിടയിലാണ് അവിടുത്തെ തൊഴിലാളികളുടെ ദുരിതങ്ങള്‍ മനസ്സിലാക്കുന്നതും ട്രേഡ് യൂണിയനുകളില്‍ പങ്കാളിയാവുന്നതും.

1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പൊതു രംഗത്തു സജീവമായി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും  കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എന്നറിയപ്പെടുന്ന സ: പി. കൃഷ്ണപിള്ള-യായിരുന്നു അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും വി.എസ് പങ്കെടുത്തു. പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി.

ജന്മിമാർക്ക് എതിരെ കർഷക കുടിയാന്മാരും 1946 -ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്തവരില്‍ പ്രധാനിയായിരുന്നു വി.എസ്. രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവർഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും മറ്റും കമ്മ്യൂണിസ്റ്റ്‌ ചരിത്രത്തില്‍ മറക്കാനാവാത്ത ഏടുകളാണ്  [1]

സമരങ്ങള്‍ക്കിടയില്‍ ഒളിവില്‍ പോയ വി.എസ്സിനെ പോലീസ് അറസ്റ്റ് ചെയ്തു. പാർട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ശരിയായ മറുപടി നൽകാത്തതിന്‍റെ പേരിൽ ക്രൂര മർദ്ദനത്തിനു ഇരയായി. രണ്ടു കാലുകളും ലോക്കപ്പിന്‍റെ അഴികളിലൂടെ പുറത്തെടുത്തു. തുടർന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മർദ്ദിച്ചു. ഇ.എം.എസും കെ.വി. പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി തേടിയായിരുന്നു മർദ്ദനം. മർദ്ദനം ശക്തമായപ്പോൾ വി. എസിന്‍റെ ബോധം നശിക്കുന്ന അവസ്ഥയായി. അവസാനം തോക്കിന്‍റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അതോടെ പാലാ ആശുപത്രിയിൽ പൊലീസുകാർ വി.എസിനെ കൊണ്ടുവന്ന് ഉപേക്ഷിച്ചു പോയി [2]

അന്നൊരുപക്ഷെ വി.എസ്, സ:ഇ.എം.എസ്സിനെ ഒറ്റിയുരുന്നെങ്കിൽ ചരിത്രം മറ്റൊന്നായേനെ... അരനൂറ്റാണ്ടിനിപ്പുറം ആ മണ്ണില്‍ നില്‍ക്കുമ്പോള്‍, കൊടിയ പീഡനങ്ങള്‍ക്കിടയിലും സ്വന്തം പ്രസ്ഥാനത്തെയും പ്രത്യേയശാസ്ത്രത്തെയും നെഞ്ചോടു ചേര്‍ത്തുവെച്ച ഓര്‍മ്മകളായിരിക്കും അദ്ദേഹത്തിന്‍റെ കണ്ണുകളെ ഈറനണിയിച്ചത്. അതോ സമ്മേളനത്തിനു ശേഷമുള്ള നടപടികള്‍ മുന്‍കൂട്ടി കണ്ടിട്ടാണോ.. എന്തോ അറിയില്ല.

 


വിമർശനങ്ങളും വിഭാഗിയതയും അച്ചടക്കനടപടികളും ഒരുപാടുണ്ടായിട്ടുണ്ട്. വെറും വായിച്ചറിവുകൾ മാത്രമുള്ള ഇന്നത്തെ തലമുറയ്ക്ക്, ഞാനുൾപ്പടെയുള്ളവർക്ക് ഇതൊന്നും പറയാൻ പോലും അവാകശമില്ലെന്നറിയാം. പക്ഷെ താങ്കളില്ലാത്തൊരു കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം..അത് സങ്കൽപ്പിക്കാൻ പോലുമാവില്ല.

ലാൽ സലാം സഖാവെ.

--
ചിത്രത്തിന് കടപ്പാട് : SouthLive
വീഡിയോ : AsianetNews
[1]&[2] quoted from wikipedia

Tuesday, 27 January 2015

കോപ്പിലെ ഒരു ഹര്‍ത്താല്

അങ്ങനെ സാക്ഷര കേരളം മറ്റൊരു ഹര്‍ത്താലിനുകൂടി സാക്ഷ്യം വഹിച്ചു. 

ബാര്‍ കോഴ കേസില്‍ കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു ഹര്‍ത്താല്‍... എന്നിട്ട് ഇപ്പറഞ്ഞ മാണി രാജി വെച്ചോ..? ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് മന്ത്രിപദം രാജി വെക്കില്ലെന്ന്‍ മാണിക്കുമറിയാം, അത് നടത്തിയവര്‍ക്കുമറിയാം, നാട്ടുകാര്‍ക്ക് മുഴുവനറിയാം. അല്ലെങ്കില്‍ത്തന്നെ ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് എന്ത് കാര്യമാണ് ഈ കേരളത്തില്‍ നടന്നിട്ടുള്ളത്..? പിന്നെയെന്തിനാണ് ജനങ്ങളെ മുഴുവന്‍ ബുദ്ധിമുട്ടിക്കുന്ന ഏര്‍പ്പാട് ഈ നൂറ്റണ്ടിലും തുടരുന്നത് എന്ന് ഹര്‍ത്താല്‍ നടത്തുന്നവരും അതിനോട് അനുഭാവം പ്രകടിപ്പിക്കുന്നവരും ചിന്തിക്കുക. 

ഏറ്റവും രസകരമായ കാര്യം, മന്ത്രി മാണി ഇങ്ങനെയൊരു ഹര്‍ത്താല്‍ നടന്നതായിട്ട്പോലും അറിഞ്ഞിട്ടുണ്ടാവില്ല. എല്ലാ ദിവസത്തെയും പോലെ പോലീസ് അകമ്പടിയോടുകൂടി അങ്ങേര് അങ്ങേരുടെ പണിക്ക് പോയിട്ടുണ്ടാവും! ഇനി മാണിയെക്കൊണ്ട് രാജിവെപ്പിക്കാനാണെങ്കില്‍ അങ്ങേരെ ഉപരോധിക്കുക, അല്ലാതെ സാധാരണക്കാരെയല്ല ബുദ്ധിമുട്ടിപ്പിക്കേണ്ടത്.

ഈ ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് കൈക്കൂലി മേടിക്കുന്ന ജനപ്രതിനിധികള്‍ ആ കലാപരിപാടി നിര്‍ത്തുമോ..? ഒരു വിദൂര സാധ്യതയെങ്കിലും..??

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കുമവകാശമുണ്ട്. പക്ഷെ മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുംമേല്‍ കൈ കടത്തുന്നത് ശരിയല്ല. അതുകൊണ്ടാണ് ബന്ദ്‌ നിയമവിരുദ്ധമാണെന്ന്‍ കോടതി ഉത്തരവിട്ടത്. അപ്പൊ എല്ലാവരും ചേര്‍ന്ന് അതിന്‍റെ പേര്മാറ്റി ഹര്‍ത്താല്‍ എന്നാക്കി. നിങ്ങള്‍ ആരെയാണ് പറ്റിക്കുന്നത്... കോടതിയേയോ..? അതോ ഇവിടുത്തെ ജനങ്ങളെയോ..?



ഹര്‍ത്താല്‍മൂലം സര്‍ക്കാരിനുണ്ടായ നഷ്ടം എത്രകോടിയാണെന്നത് തല്‍ക്കാലം മാറ്റിവെക്കാം. ഇന്നല്ലെങ്കില്‍ നാളെയത് നമ്മുടെ പോക്കെറ്റില്‍നിന്ന് തന്നെ അവര്‍ നികുതിയായിട്ട് പിരിച്ചെടുക്കും. അപ്പൊ നമുക്ക് അതിന്‍റെ പേരില്‍ അടുത്ത ഹര്‍ത്താല്‍ നടത്താം. അതുപോലെതന്നെ ഒരു ദിവസം കച്ചവടം അല്ലെങ്കില്‍ വ്യവസായം നടന്നില്ലെങ്കില്‍ വലിയ നഷ്ടമൊന്നും ഉണ്ടാവനിടയില്ലാത്ത കുത്തക മുതലാളിമാരെയും മാറ്റിനിര്‍ത്താം. എന്നിട്ട് നമുക്ക് സാധാരണക്കാരുടെ കാര്യമെടുക്കാം. കാരണം,  ഹര്‍ത്താലുകള്‍ ഏറ്റവുമധികം ബാധിക്കുന്നത് ദിവസക്കൂലിക്ക് പണിയെടുക്കുന്നവര്‍ക്കും, മറ്റ് ആവശ്യങ്ങള്‍ക്കായി ഓടി നടക്കുന്നവര്‍ക്കുമായിരിക്കും.

മാസശമ്പളം മേടിക്കുന്ന എനിക്കും, എന്നെപ്പോലുള്ളവര്‍ക്കും ഒരു ഹര്‍ത്താല്‍ വലിയ പ്രശ്നമാവില്ല. കൂടിപ്പോയാല്‍ ഒരു ലീവ് പോകുമായിരിക്കും, പക്ഷെ മാസാവസാനം കിട്ടുന്ന കാശ് കുറയില്ല. പക്ഷെ, അന്നന്നത്തെ ആഹാരത്തിനും, മരുന്നിനുമൊക്കെ വേണ്ടി പണിയെടുക്കുന്ന ഒരുപാട് പേര്‍, ചിലപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ ഇന്നാട്ടിലുണ്ട്. അവരുടെ കണ്ണീര്‍..


പല ആശുപത്രികളിലും വിസിറ്റിംഗ് ആയിട്ട് ഡോക്ടര്‍മാര്‍ വരാറുണ്ട്. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങമളുള്ളവര്‍ മാസങ്ങളോളം കാത്തിരുന്നിട്ടായിരിക്കും അവരുടെയൊക്കെ ഒരു സന്ദര്‍ശന സമയം കിട്ടുന്നത്. ഈ ഹര്‍ത്താല്‍ മൂലം ആശുപത്രിയില്‍ എത്തിപ്പെടാതെ ആ അവസരം നഷ്ടമാകുന്ന എത്രയോ പേര്‍... ഹര്‍ത്താല്‍ മൂലം മാറ്റിവെക്കപ്പെടുന്ന ശസ്ത്രക്രിയകള്‍.. അവരുടെ കണ്ണീര്‍...

ദൂരദേശത്ത് പോവുന്നവരും, അവിടെ നിന്ന് വരുന്നവരും എന്തു ചെയ്യണമെന്നറിയാതെയാവുന്ന നിമിഷങ്ങള്‍... ഹര്‍ത്താല്‍ മൂലം യാത്രചെയ്യാന്‍ കഴിയാതെ (പ്രത്യേകിച്ച് വിദേശത്തേക്ക് പോവുന്നവര്‍) ജോലി നഷ്ടപ്പെട്ടവര്‍...

ഹോട്ടെലുകള്‍ അടയ്ക്കുന്നതുമൂലം ഭക്ഷണം കിട്ടാതെ വലയുന്നവർ... ദൈവത്തിന്‍റെ സ്വന്തം നാട് കാണാന്‍ ഇവിടെ വന്നിട്ട് ഒന്നും ചെയ്യാനാവാതെ റൂമില്‍ തന്നെ ഇരിക്കേണ്ടി വന്ന വിനോദസഞ്ചാരികള്‍ (അവരുടെ ഓരോ ദിവസവും, അതിലെ ഓരോ മണിക്കൂറും വിലപ്പെട്ടതായിരിക്കും).. അവരെന്തായിരിക്കും നമ്മുടെ കൊച്ചുകേരളത്തെക്കുറിച്ച് അവരുടെ നാട്ടില്‍പോയി പറയുക..?

സംസ്ഥാന അതിര്‍ത്തിയില്‍ പെട്ടുകിടക്കുന്ന ചരക്കുലോറികള്‍, ഒരു ദിവസം താമസിച്ചാല്‍ ചീത്തയായിപ്പോവുന്ന അതിലെ ഭക്ഷ്യവസ്തുക്കള്‍, ഹര്‍ത്താല്‍ അവസാനിക്കുമ്പോള്‍ അവിടെയുണ്ടാവുന്ന  ട്രാഫിക്‌ ബ്ലോക്കുകള്‍.

നേരത്തെതന്നെ പറഞ്ഞുറപ്പിച്ച കല്യാണങ്ങള്‍, അത് മാറ്റിവെച്ചാലുണ്ടാവുന്ന പ്രശ്നങ്ങള്‍, യൂണിവേഴ്സിറ്റി പരീക്ഷകള്‍, താറുമാറാവുന്ന സര്‍ക്കാര്‍ ഓഫീസ് ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍, ഒരു ദിവസത്തെ വരുമാനം നഷ്ടപ്പെട്ട ഓട്ടോ, ബസ്‌, ടാക്സി തൊഴിലാളികള്‍, പലചരക്ക് കട നടത്തുന്നവര്‍, സ്തംഭിക്കുന്ന കയറ്റുമതി മേഖലകള്‍, ഹര്‍ത്താല്‍ അക്രമങ്ങളില്‍ പരിക്കേല്‍ക്കുന്ന സര്‍ക്കാരുദ്യോഗസ്ഥര്‍... ഹര്‍ത്താല്‍ മൂലമുണ്ടാവുന്ന നഷ്ടങ്ങളുടെ കണക്ക് വളരെ വലുതാണ്‌.

ഈ ഹര്‍ത്താല്‍ നടത്തുന്നതുകൊണ്ട് ആകെ സന്തോഷിക്കുന്നതും, ഉപകാരമുള്ളതും സ്കൂള്‍ കുട്ടികള്‍ക്കാണ്..അവര്‍ക്ക് മാത്രമാണ്.

പിന്നെ, ആര് ഹര്‍ത്താല് നടത്തിയാലും പാലും പത്രവും അതുപോലെതന്നെ തീര്‍ഥാടനത്തിന് പോവുന്നവരെയും ഒഴിവാക്കും...  ഹര്‍ത്താല്‍ നടത്തുന്നവര്‍ ഒന്നോര്‍ക്കുക, ഇതിനെക്കാളൊക്കെ പ്രധാനപ്പെട്ട പല കാര്യങ്ങളുമുണ്ട് ഇവിടുത്തെ പാവം ജങ്ങള്‍ക്ക്. 

അവസാനമായി മാധ്യമങ്ങളോട് ഒരപേക്ഷ - പറ്റുമെങ്കില്‍ ഹര്‍ത്താല്‍ ആഹ്വാനം നിങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാതിരിക്കുക... എതെങ്കിലും  ഒരു മഞ്ഞ പത്രത്തില്‍ വന്നാല്‍ ആളുകളത് ശ്രദ്ധിക്കില്ല. അങ്ങനെയത് പരാജയപ്പെട്ടോളും.. സമൂഹത്തിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കുറച്ച് നല്ലകാര്യങ്ങളില്‍ ഒന്നാണിത്.

--
ചിത്രങ്ങള്‍ക്ക് കടപ്പാട്: SayNoToHarthal Facebook page,  jinojoy.wordpress.com

Wednesday, 21 January 2015

വേഴാമ്പലേ നീ കേഴുക, നിന്‍റെ നിലനിൽപ്പിനായി

അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്ക് അനുമതി നൽകാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശം. പ്രദേശത്ത് വംശനാശ ഭീഷണി നേരിടുന്നത് മലമുഴക്കി വേഴാമ്പൽ മാത്രമാണെന്നും, മറ്റ് അപൂർവ സസ്യജന്തുജാലങ്ങളൊന്നുമില്ലെന്നുമാണ് സമിതി കണ്ടെത്തിയത് [1]

പഠനം നടത്തിയത് എന്തായാലും അറിവും അനുഭവജ്ഞാനവുമുള്ളവരാണെന്നുള്ളതിൽ തർക്കമില്ല. എന്നിരുന്നാൽത്തന്നെയും ഒന്നുരണ്ട് സംശയങ്ങൾ ചോദിക്കാതെ വയ്യ.

ഒന്നാമതായി വംശനാശഭീഷണി നേരിടുന്ന മലുഴക്കി വേഴാമ്പൽ വെറുമൊരു പക്ഷിയല്ല, മറിച്ച് അത് കേരളത്തിന്‍റെ ദേശീയ പക്ഷിയാണ്. ഇവയെ സംരക്ഷിച്ചില്ലെങ്കിൽ നാളത്തെ തലമുറയ്ക്ക്
ചിത്രങ്ങൾകാണിച്ച് ഇതാണ് നമ്മുടെ സംസ്ഥാന പക്ഷി എന്നുപറയേണ്ട ഗതികേട് വരും. അല്ലെങ്കിൽ അവസാന വേഴാമ്പലും കൂടൊഴിയുമ്പോൾ മറ്റൊരു പക്ഷിയെ, ഉദാഹരണത്തിന് വല്ല കാക്കയോ കൊക്കിനെയോ പിടിച്ച് ഈ പദവി കൊടുത്താലും മതി! ഇതിന് പ്രതിവിധിയായി ഈ പഠനം നടത്തിയ ശ്രീ.പാംണ്ടുരംഗൻ സമിതി പറയുന്നത് അവയെ മാറ്റിപ്പർപ്പിക്കാമെന്നാണ്. ക്യാമറക്കണ്ണുകൾക്ക് പോലും അങ്ങനെ പിടികൊടുക്കാത്ത ടീമിനെ ഇവര് എങ്ങനെ മാറ്റിപ്പാർപ്പിക്കുമെന്ന് കണ്ടറിയണം

രണ്ടാമത്തെ വസ്തുത മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിലുള്ള പരാമർശമാണ്. അതിരപ്പിള്ളിയിലെ  ജൈവവൈവിധ്യം കൊണ്ടും, അതിനെ പരിരക്ഷിക്കേണ്ട ആവശ്യകത കൃത്യമായി മനസ്സിലാക്കിയതുകൊണ്ടുമാണ് കമ്മിറ്റിയിലുള്ള മുഴുവൻ അംഗങ്ങളും അവിടെ നേരിട്ടെത്തി കാര്യങ്ങൾ പഠിച്ചത്. അതിനെത്തുടർന്ന് അവിടെ പബ്ലിക്‌ ഹിയറിംഗ് നടത്തുകയും എല്ലാവരിൽനിന്നും അഭിപ്രായം ആരായുകയും ചെയ്തു. ജൈവഗുണങ്ങളും, കാലാവസ്ഥയെ സംബന്ധിച്ച സവിശേഷതകളും, ഭൂമിശാസ്ത്രപരമായ പ്രത്യേകതളും മുൻനിർത്തി അതിരപ്പിള്ളി മേഖലയെ ESZ 1-ൽ ഉൾപ്പെടുത്തി [2]

ഗാഡ്ഗിലിന് ശേഷം വന്ന കസ്തൂരിരംഗൻ റിപ്പോർട്ടിലും പറയുന്നത് അതിരപ്പിള്ളിയിൽ ഇങ്ങനെയൊരു പദ്ധതി പ്രായോഗികമല്ലെന്നാണ് (പക്ഷെ കസ്തൂരിരംഗൻ റിപ്പോർട്ടിൽ ചെറിയൊരു പഴുതുണ്ട് - അന്തിമതീരുമാനം സർക്കാരിനെടുക്കാമെന്ന്)

അതിരപ്പിള്ളി പ്രശ്നം കോടതിയിലെത്തിയപ്പോൾ, കോടതി ഉത്തരവിട്ടത് നിലവിലുള്ള ജലവൈദ്യുത പദ്ധതികളുടെ മുഴുവൻ പ്രയോഗക്ഷമത വിശകലനം ചെയ്യണമെന്നാണ്. എല്ലാ ടർബൈനുകളും പ്രവർത്തിക്കുന്നുണ്ടോയോന്നു നോക്കുക, അതിന്‍റെ പ്രശ്നങ്ങൾ മനസ്സിലാക്കുക, വൈദ്യുതി മോഷണം നടക്കുന്നത് എത്രയുണ്ടെന്ന് നോക്കുക (ബോർഡിന്‍റെകണക്ക് പ്രകാരം ഇത് 23 ശതമാനമാണ്. അനർട്ടിലെ വി.കെ ദാമോധാരന്‍റെ കണക്ക് പ്രകാരം 33 ശതമാനമാണ്). പ്രസരണനഷ്ടം എത്രയുണ്ടെന്ന് നോക്കുക, അതെങ്ങനെ കുറയ്ക്കാം, ഇതെല്ലാം പഠിച്ചതിനുശേഷം നമുക്ക് പുതിയ പദ്ധതിയെക്കുറിച്ച് ആലോചിക്കാം എന്നാണ് [3]


നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോർസസ് ചാലക്കുടിപ്പുഴയുടെ ആദ്യഘട്ടങ്ങളെ ഉൾപ്പെടുത്തി ഒരു മത്സ്യ സം‌രക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്യുകയുണ്ടായി. 104 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുള്ളതിൽ 9 എണ്ണം വംശനാശഭീഷണി നേരിടുന്നതും 22 എണ്ണം എപ്പോൾ വേണമെങ്കിലും ഭീഷണിയുണ്ടാകാവുന്നവയുമാണ്. 11 ഇനങ്ങൾ ഭീഷണിയുടെ വക്കിലുമാണ് [4]

ഇനി തല്കാലം ജൈവവൈവിധ്യങ്ങൾ മാറ്റിവെക്കാം. എന്നിട്ട് കമ്മിറ്റി അംഗമായിരുന്ന Dr.വി.എസ് വിജയൻ പലയിടത്തും പറഞ്ഞ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ശ്രദ്ധിക്കാം. അതിരപ്പിള്ളി പദ്ധതി പാടില്ല എന്ന് പറഞ്ഞത് ഗാഡ്‌ഗിൽ കമ്മിറ്റി ഒറ്റക്കായിരുന്നില്ല, അതൊരു ജനകീയ തീരുമാനമായിരുന്നു. ടെക്നിക്കൽ കമ്മിറ്റിയിൽ വൈദ്യുതി ബോർഡ്‌, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ , കെ.എഫ്.ആർ .ഐ ശാസ്ത്രഞ്ജരും, പിന്നെ പദ്ധതിയ്ക്ക് എതിരായി നില്ക്കുന്ന ചാലക്കുടി പുഴ സംരക്ഷണ സമിതിയുടെ ആൾക്കാരും  ഇതിൽ പങ്കാളികളായിരുന്നു . ഇടമലയാർ ഡൈവേർഷൻ സ്കീമിൽകൂടി പോയിട്ട് ബാക്കിയുള്ള വെള്ളമാണ് ചാലക്കുടിപ്പുഴയില്‍ നിന്ന്   ലഭിക്കുക. ഇങ്ങനെയൊഴുകുന്ന പുഴയിൽ നിന്ന് വൈദ്യതി ബോർഡ്‌ പറയുന്ന പോലെ 160 മെഗാവാട്ട് വൈദ്യതി ഉദ്പാതിപ്പിക്കാൻ  കഴിയില്ലയെന്ന് വസ്തുതകൾ നിരത്തി പുഴ സംരക്ഷണ സമിതി സമർഥിച്ചു . പരമാവധി 25  മെഗാവട്സ് മാത്രമേ ലഭിക്കു എന്നുംപറഞ്ഞു അവർ ബോർഡിനെ വെല്ലുവിളിച്ചു. ടെക്നിക്കൽ പാനലിലെ ആരും ഒന്നും മിണ്ടിയില്ല! ഇതിനു ശേഷം മറ്റൊരു ഹിയറിങ്ങിൽ അന്നത്തെ വൈദ്യതി ബോർഡ്‌ ചെയർമാൻ ടി.എം. മനോഹരനും കൂടിയിരിക്കുമ്പോൾ ഇതേ വെല്ലുവിളി നടത്തി. അപ്പോഴും ആരും മറിച്ചൊന്നും പറഞ്ഞില്ല. ഗാഡ്‌ഗിൽ കമിറ്റി സ്വതന്ത്രമായി നടത്തിയ വിശകലനത്തിലും ബോർഡ്‌ പറഞ്ഞ രീതിയിലുള്ള ജലലഭ്യത അവിടെയില്ല എന്ന് ബോധ്യപ്പെട്ടു. അത് മാത്രമല്ല, പദ്ധതിക്കായി ചിലവഴിക്കേണ്ടി വരുന്ന 1200 കോടി രൂപയുണ്ടെങ്കിൽ 100-150 മെഗാ വാട്സ് സോളാർ പവർ ഉദ്പതിപ്പിക്കമെന്നും കമ്മിറ്റി നിർദേശിക്കുന്നു [5].

അതിരപ്പിള്ളി പദ്ധതി അവിടെയുള്ള ഗിരിവർഗ്ഗ ഊരുകളെ പദ്ധതി വലുതായി ബാധിച്ചിരുന്നില്ലെങ്കിലും അവിടത്തെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിയ്ക്കും. അണക്കെട്ട്  നിറഞ്ഞാൽ ഇവരുടെ വാസസ്ഥലങ്ങളില വെള്ളം കയറുകയും ചെയ്യും . വാഴച്ചാൽ ഫോറെസ്റ്റ്‌ ഡിവിഷനിൽ 413 ച.കി.മീറ്ററിൽ സ്ഥിതി ചെയ്യന്ന 8 കാടാർ  ഊരുകളുണ്ട് . ഇതിൽ 56 കുടുംബങ്ങളുള്ള  വാഴച്ചാൽ, 23 കുടുംബങ്ങളുള്ള പൊകപ്പാറ ഊരുകൾ നിർദിഷ്ട  പദ്ധതിയുടെ ഉയർന്ന  ആഘാതമേഖലയ്ക്കുള്ളിലാണ്. ഇതുകൂടാതെ കുടിവെള്ള, കാർഷിക പ്രശ്നങ്ങൾ വേറെയും . (പൂർണരൂപം - ഗാഡ്ഗിൽ റിപ്പോർട്ട്‌, സെക്ഷൻ 15, പേജ് 63-71 ) [6].

ഏറ്റവും വിഷമകരമായ വസ്തുതയെന്താണെന്ന് വെച്ചാൽ, ഈ പദ്ധതിക്ക് അന്തിമാനുമതി നല്‍കിയാല്‍ ഗാഡ്ഗിൽ കമ്മിറ്റിയുടെ ശിപാർശകൾ എല്ലാം തള്ളിക്കളയേണ്ടി വരും. കാരണം ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ വളരെ പ്രാധാന്യത്തോടുകൂടി പറഞ്ഞിരിക്കുന്ന ഒന്നാണ് അതിരപ്പിള്ളി. അതുപോലും പാലിക്കപ്പെടുന്നില്ലായെങ്കിൽപിന്നെ ബാക്കിയുള്ള ശിപാർശകളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. പശ്ചിമഘട്ടത്തിന്‍റെ അടിവേര് തോണ്ടാന്‍ തയ്യാറായി നില്‍ക്കുന്ന മാഫിയകളുടെ ആവശ്യവും അതുതന്നെയാണല്ലോ.

വസ്തുതകൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ആരാണ് സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്നത്? എന്താണ് അവരുടെ ഉദ്ദേശം..? എന്തായാലും കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് പ്രായോഗികമല്ലെന്നറിഞ്ഞിട്ടും വൈദ്യുതി വകുപ്പ് ഇതിന്റെ പുറകെ പോവുന്നത് എന്ന് വിശ്വസിക്കാൻ പാടാണ്. എല്ലാം കാലം തെളിയിക്കേണ്ടിയിരിക്കുന്നു.

അതുവരെ വേഴാമ്പലേ നീ കേഴുക, നിന്‍റെ നിലനിൽപ്പിനായി.

--
Ref:
[1] http://kaumudiglobal.com/innerpage1.php?newsid=60280
[2], [6] Gadgil report
http://www.kssp.in/sites/default/files/Report_attachment/Gadgil%20report_0.pdf
[3] [5] Dr.V. S Vijayan (committee member)
[4] Wikipedia &
http://link.springer.com/article/10.1007%2Fs10530-007-9104-2

ചിത്രങ്ങൾക്ക് കടപ്പാട്: Wikipedia and Google images

Thursday, 25 December 2014

അംബുജാക്ഷന്‍റെ കഥ പോരാ!


എലീം ചത്തു, അടിയന്തിരവും കഴിഞ്ഞു..ന്നാലും എങ്ങനെയാ പറയാതിരിക്കുന്നത്..

ഇക്കഴിഞ്ഞ ഓണത്തിന് റിലീസായ "പെരുച്ചാഴി" ഇപ്പോഴാണ് കാണാന്‍ സാധിച്ചത്.. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇങ്ങളിതെന്തൊരു ബെറുപ്പിക്കലാണെന്‍റെ ബാബ്വേട്ടാ...??!! തിയറ്ററില്‍പോയി കാണാഞ്ഞത് ഭാഗ്യം ന്ന് പറഞ്ഞാ മതിയല്ലോ.. ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരു ഡയലോഗോ, ഒരു സീനോ ഇല്ലാതെ രണ്ടര മണിക്കൂര്‍!  ലാലേട്ടനെന്തിനാണ് ഇതുപോലത്തെ പടത്തിലൊക്കെ കേറി അഭിനയിക്കുന്നതെന്ന്‍ മനസിലാവുന്നില്ല. കഥേം തിരക്കഥേം ചുമ്മാതൊന്നു വായിച്ച് നോക്കിയിട്ട് വേണ്ടേ ഇവനൊക്കെ ഡേറ്റ് കൊടുക്കാന്‍. അതോ "സ്ക്രിപ്റ്റ് കത്തിച്ചിട്ടാണോ" പടം പിടിക്കാന്‍ തുടങ്ങിയത്.??! അതാണല്ലോ ഇപ്പൊഴത്തെ ട്രെന്‍ഡ്!



ഈ സില്‍മ ഇതുവരെ കണ്ടിട്ടില്ലാത്തവര്‍ക്ക് വേണ്ടി, കഥ വളരെ സിമ്പിളായിട്ടങ്ങ് പറയാം (പ്രത്യേകിച്ച് സസ്പെന്‍സ് ഒന്നുമില്ലാത്തതുകൊണ്ട്, ഇത് വായിച്ചിട്ട് കണ്ടാലും കുഴപ്പമില്ല!!):

- സ്റ്റാര്‍ട്ട്‌ , ആക്ഷന്‍ -

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പരിഹാരം കാണാന്‍ കഴിയാതെ സംസ്ഥാന ജലവിഭവ മന്ത്രി നായകന്‍ ജഗന്നാഥനെ (ലാലേട്ടന്‍) വിളിക്കുന്നതാണ് തുടക്കം. ആ സമയത്ത്, രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളുമായിട്ടുള്ള വാശിയേറിയ ക്രിക്കറ്റ്‌ കളിയില്‍ ബാറ്റ് ചെയ്യുകയാണ് നായകന്‍. അവസാന ബോളില്‍ 'എട്ട്' റണ്‍സ് ഓടിയെടുത്ത് (കഥയില്‍ ചോദ്യമില്ല) നായകന്‍ തന്‍റെ കരുത്ത് തെളിയിക്കുന്നു! സിനിമയുടെ പിന്നീടുള്ള പോക്കിനെക്കുറിച്ച് സംവിധായകന്‍ ഒരു ഏകദേശ രൂപം പ്രേക്ഷകര്‍ക്ക് നല്‍കുന്നു..!!

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴന്മാര്‍ക്കിട്ട് പണി കൊടുക്കാന്‍ വേണ്ടി, നായകന്‍ ഒരു നിര്‍ദേശം മുന്നോട്ട് വെയ്ക്കുന്നു. ശബരിമലയില്‍ വരുന്ന എല്ലാ അന്യസംസ്ഥാനക്കാര്‍ക്കും 'അയ്യായിരം രൂഫ' വെച്ച് ടക്സ് ഏര്‍പ്പെടുത്തുന്നു!! അങ്ങനെ തമിഴന്മാര്‍ ഒരു പാഠം പഠിക്കുന്നു.!! ആഹ!

ഈ പോക്കാണെങ്കില്‍ ജഗന്നാഥന്‍ തനിക്കൊരു പാരയാവുമെന്ന് തിരിച്ചറിയുന്ന മന്ത്രി, ജഗനെ മറ്റൊരു പ്രോബ്ലം സോള്‍വ്‌ ചെയ്യാനായി ബീമാനത്തില്‍ കയറ്റി വിടുന്നു. ഇനി കഥ നടക്കുന്നത് മുഴുവന്‍ അക്കരെയാണ്, അമേരിക്കയില്‍!

ഒരു സായിപ്പിനെ ഇലക്ഷനില്‍ ജയിപ്പിക്കാന്‍ വേണ്ടി, നായകനും രണ്ടു സുഹൃത്തുക്കളും അമേരിക്കയില്‍ ലാന്‍ഡ്‌ ചെയ്യുന്നു. മുപ്പത് കോടിയാണ് പ്രതിഫലം വാഗ്ദാനം ചെയ്തത്. തന്‍റെ "ബുദ്ധിപരമായ" നീക്കങ്ങളിലൂടെ പല കളികളും കളിച്ച് നായകന്‍ ഇലക്ഷന്‍ ക്യാമ്പയിന്‍ നടത്തി മുന്നേറുന്നു.!! കാലിഫോര്‍ണിയ പോലെയുള്ള ഒരു അമേരിക്കന്‍ സ്റ്റേറ്റില്‍ മത്സരിക്കുന്നവന് ഒരു മിനിമം ഫുദ്ധിയെങ്കിലും വേണം എന്നുള്ളതൊന്നും സംവിധായകന് പ്രശ്നമല്ല. അതുപോലെ തന്നെ  മരമണ്ടന്മാരായി ചിത്രീകരിക്കുന്ന അവിടുത്തെ ജനങ്ങള്‍ക്ക് സൗജന്യമായി കമ്പ്യൂട്ടറും, ഫോണുമൊക്കെ കൊടുത്ത് വശീകരിക്കുന്നു (തമിഴ് നാട്ടില്‍ ടി.വി, സൈക്കിള്‍ ഒക്കെ ഫ്രീയായിട്ട് തലൈവി കൊടുന്ന അതേ സെറ്റപ്പില്‍)!!!


സൂപ്പര്‍മാനയിട്ടും, അവതാര്‍ ആയിട്ടുമൊക്കെ നായകനും ശിങ്കിടികളും സ്ക്രീനില്‍ നിറഞ്ഞാടുമ്പോള്‍, ചിരിക്കാന്‍ പറ്റാതെ താടയ്ക്ക് കയ്യും കൊടുത്ത് ഇരിക്കേണ്ടി വന്നേക്കാം, പക്ഷെ പതറരുത്.!

പലരുമായി പ്രണയത്തിലാവന്‍ നായകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആരും വലയില്‍ വീഴുന്നില്ല (മദാമ്മമാര് മലയാളം പടങ്ങളൊന്നും കാണാത്തത് സംവിധായകന്‍റെ കുറ്റമല്ലല്ലോ). അവസാനം വഴിയില്‍ കാണുന്ന പെണ്ണുമായി നായകന്‍ എഴുന്നൂറ്റി അന്‍പത് ഡോളറിന് സ്നേഹം പങ്കിടുന്നു!!. ബാക്ക്ഗ്രൌണ്ട് മ്യൂസിക്കായിട്ട് നായകന്‍റെ തന്നെ പഴയ ചില മലയാള പടങ്ങളിലെ പാട്ടുകള്‍ കാണിക്കുന്നു. ഒരെണ്ണമാണെങ്കില്‍ സഹിക്കാം, പക്ഷെ ഇത് ഒന്നിന് പുറകെ ഒന്നായിട്ട് സില്‍മ വലിച്ചുനീട്ടാന്‍വേണ്ടി, ഹൊ അണ്‍സഹിക്കബിള്‍!. ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ തെരുവിലേക്കിറങ്ങിയ അവള്‍ക്കും, ബോണാസായിട്ട് കിട്ടിയ അവളുടെ കൊച്ചിനും ഒരു ജീവിതം കൊടുക്കാന്‍ നായകന്‍ തയ്യാറാവുന്നു. മലയാളമറിയില്ലാത്ത അവളെ നായകന്‍ മലയാളത്തിലുള്ള തമാശ പറഞ്ഞ് ചിരിപ്പിക്കുന്നു!!! ആഹഹ!

കാര്യം ഭാഷയറിയില്ലെങ്കിലും പ്രണയം തുടങ്ങിയ സ്ഥിതിയ്ക്ക് പാട്ടില്ലാതെ എങ്ങനെയാ.. അതുകൊണ്ട് ഒന്നും നോക്കിയില്ല, രണ്ടു പാട്ട് ബാക്ക് ടു ബാക്ക്!

- ഇന്‍റെര്‍വെല്‍ -

സില്‍മ രണ്ടാം പകുതിയിലേയ്ക്ക് കടക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ഹോട്ടലില്‍ പുട്ടടിക്കാന്‍ പോയ നായികയേയും നായകനേയും അവളുടെ പഴയ ഒരു കാമുകന്‍ ഓടിക്കുന്നു . കാറുണ്ടായിട്ടും നായികയും നായകനും അതില്‍ കയറാതെ, അമേരിക്കന്‍ നഗരമധ്യത്തിലെ ഏറ്റവും ഉടായിപ്പ് വഴിതന്നെ തിരഞ്ഞെടുത്ത് ഓടുന്നു. അങ്ങനെ പൊളിഞ്ഞ ഒരു കെട്ടിടത്തിന്‍റെ ഇടവഴിയില്‍ വെച്ച് ഗുണ്ടകള്‍ നായകനെ നേരിടുന്നു. നായികയ്ക്ക് വേണ്ടി നായകന്‍ ഗുണ്ടകളെ അടിച്ചൊതുക്കുന്നു. അങ്ങനെ അവളുടെ സിമ്പതി വളര്‍ന്ന് ഒരു എമ്പതിയായി മാറുന്നു!!

അതിനുശേഷം നായികയുടെ കുട്ടിയെ, അതിന്‍റെ ശരിക്കുള്ള തന്ത കാശിനുവേണ്ടി തട്ടിക്കൊണ്ട് പോവുന്നു!! (പലതവണ ഞാന്‍ പറഞ്ഞു കഥയില്‍ ചോദ്യമില്ലെന്ന്‍!) അവളുടെ സ്നേഹം കൊണ്ട് വീര്‍പ്പ് മുട്ടിയ നായകന്‍, കാശ് കൊടുത്ത് കുട്ടിയെ രക്ഷിക്കാം എന്ന് നായികയ്ക്ക് വാക്ക് കൊടുക്കുന്നു. പക്ഷെ ഇലക്ഷനില്‍ ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ സായിപ്പ് ചതിക്കുന്നു, അതുകൊണ്ട് നായകന് കാശ് കിട്ടുന്നില്ല.

ചതിക്കപ്പെട്ട നായകന്‍ മറുകണ്ടം ചാടി എതിരാളി സായിപ്പിന്‍റെ കയ്യില്‍ നിന്ന് കാശ് മേടിക്കുന്നു, കുട്ടിയെ രക്ഷിക്കുന്നു. പ്രിത്യുപകാരമായിട്ട് നായകന്‍ ഒരു ചൈനക്കാരനെ കൂട്ടുപിടിച്ച് 'വോട്ടിംഗ് മെഷീന്‍' ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കി വോട്ട് തിരിമറി നടത്തി ഈ സായിപ്പിനെ ജയിപ്പിക്കുന്നു. യഥാര്‍ത്ഥ വോട്ടിംഗ് മെഷീനുമായിട്ട് വന്ന ഒരു പടുകൂറ്റന്‍ ട്രക്ക്, നഗര മധ്യത്തില്‍ വെച്ച് ഇരു ചെവിയറിയാതെ ബോംബിട്ട് പൊട്ടിക്കുന്നു!!!

വിജയശ്രീലാളിതനായി നാട്ടിലെത്തുന്ന നായകനെ തിരക്കി ലോകത്തിന്‍റെ എല്ലാ കോണില്‍ നിന്നും ഫോണ്‍ വിളികളെത്തുന്നു!! എല്ലാവരുടെയും ആവശ്യം ഇലക്ഷന്‍ ജയിപ്പിക്കണം എന്നുള്ളതാണ്. എന്നാല്‍ നായികയുമായിട്ട് സ്നേഹം പങ്കിടാനുള്ളതുകൊണ്ട് നായകന്‍ തല്‍കാലം അതെല്ലാം തള്ളിക്കളയുന്നു..!!!

- ശുഭം -

എന്നിട്ട്..?

എന്നിട്ട് എല്ലാവരെയുംപോലെ അവരും മരിക്കും എന്തേ..??!!!!

അംബുജാക്ഷന്‍റെ കഥ പോര!!

ഇതില്‍ പിന്നെ ആകെക്കൂടെ സൂപ്പര്‍ എന്ന് പറയാനുള്ളത്, മ്മടെ ലാലേട്ടന്‍ ബുള്ളെറ്റില്‍ വരുന്ന ഒന്ന് രണ്ടു മാസ് സീന്‍ ഉണ്ട്, അതേയുള്ളൂ.




Verdict : ഇത് കാണുന്ന സമയം കൊണ്ട് "വെള്ളിമൂങ്ങ" രണ്ടു തവണ കാണാം!

(P.S: ഞാനൊരു സിനിമാ നിരൂപകന്‍ ഒന്നുമല്ല, അതിനുള്ള ബുദ്ധിയുമില്ല. ഒരു സാധാരണക്കാരാനായ പ്രേക്ഷകന്‍ എന്ന നിലയ്ക്ക് വല്ലാതെ ബോറടിപ്പിച്ച പടമാണിത്. അതുകൊണ്ട് എഴുതിപ്പോയതാണ്, ബുദ്ധിജീവികള്‍ പൊറുക്കണം :) )


--
ചിത്രങ്ങള്‍ക്ക് കടപ്പാട് : www.google.com

Sunday, 30 November 2014

ചേട്ടാ കുറച്ചു താറാവ് റോസ്റ്റ് എടുക്കട്ടെ..?


ഉച്ചയൂണിന് ഒട്ടുമിക്ക മലയാളികള്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് മീന്‍! മീനെന്ന് പറയുമ്പോള്‍ അതിപ്പോ  വറുത്തതാണേലും, പുളിയൊക്കെയിട്ടുവെച്ച മീന്‍ കറിയാണെങ്കിലും, അതല്ല ഇനി വാഴയിലയില്‍ വെച്ച് പൊള്ളിച്ചെടുത്തതാണെങ്കിലുമൊക്കെ കൊള്ളാം, ഊണ് കുശാലായി.


പക്ഷെ നമ്മള്‍ ചിന്തിക്കാത്ത ഒരു കാര്യമുണ്ട്... കടലിലും കായലിലുമൊക്കെ വലയിട്ടും ചൂണ്ടയിട്ടും പിടിക്കുന്ന പാവം മീനുകള്‍, കരയ്ക്ക് കയറ്റുമ്പോള്‍ ശ്വാസം കിട്ടാതെ പിടഞ്ഞാണ് ചാവുന്നത് എന്നുള്ള വസ്തുത. നല്ല മസാലയൊക്കെപുരട്ടി പൊരിച്ച മീന്‍ മുന്‍പിലെത്തുമ്പോള്‍ നമ്മളിതെല്ലാം മറക്കും

അപ്പൊ പറഞ്ഞ് വന്നത്, ഇതൊന്നും പ്രശ്നമില്ലാത്ത നമ്മളെന്തിനാണ് കുറച്ചു താറാവുകളെ കൊല്ലുമ്പോള്‍ ഇമ്മാതിരി പുകിലുണ്ടാക്കുന്നത്..? പക്ഷിപ്പനി മനുഷ്യനിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് താറാവുകളെ കൊല്ലുന്നത്. ഇന്നല്ലെങ്കില്‍ നാളെ തീന്‍മേശയിലെത്താന്‍ വിധിക്കപ്പെട്ട ഒരു ജീവിയാണത്. അതു കഴിക്കുമ്പോള്‍ തോന്നാത്ത വേദന, ഇതുപോലത്തെ വാര്‍ത്ത കാണുമ്പോള്‍ തോന്നേണ്ട കാര്യമുണ്ടോ എന്നതാണ് സംശയം. നമുക്ക് ചുറ്റും, നമ്മോട് ഇണങ്ങി കഴിയുന്ന ഒരു ജീവിയെ കൊല്ലുമ്പോള്‍ ചെറിയൊരു നൊമ്പരം എല്ലാവരുടെയും നെഞ്ചിലുണ്ടാവും. പക്ഷെ നാളെ നമ്മള്‍ കറി വെക്കാനിരിക്കുന്ന താറാവിന്‍റെ ജീവനേക്കാള്‍ വില കല്‍പിക്കേണ്ടത് അവിടെയുള്ള മനുഷ്യ ജീവനല്ലേ..?. അല്ലെങ്കിലും കര്‍ഷകന്‍ താറാവിനെയും കോഴിയേയുമൊക്കെ വളര്‍ത്തുന്നത് പഠിപ്പിച്ച് വല്യ ഡോക്ടറാക്കനൊന്നുമല്ലല്ലോ..



പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന പ്രദേശങ്ങളിലെ ആളുകളുടെ കാര്യം ഒന്നാലോചിച്ചു നോക്കു, എത്ര ഭീതിയോടെയായിരിക്കും അവര്‍ കഴിയുന്നതെന്ന്‍. അവനവന്‍റെ കാര്യം വരുമ്പോഴേ നമ്മളൊക്കെ കണ്ണുതുറക്കൂ. ഇനി വേദനിപ്പിക്കാതെ വിഷം കുത്തിവെച്ച് കൊല്ലാന്‍മേലെ എന്ന് ചോദിക്കുന്നവര്‍ക്ക് വേണ്ടി ഒരുദാഹരണം പറയാം. നമ്മള്‍ക്ക് വേണ്ടപ്പെട്ട ഒരു കുട്ടിയുടെ മുന്‍പില്‍ വിഷമുള്ള ഒരു പാമ്പ്‌ പത്തി വിടര്‍ത്തി നില്‍ക്കുവാണെന്ന് വിചാരിക്കുക. നമുക്ക് ആ പാമ്പിനെ കൊല്ലാന്‍ ആകെയുള്ള മാര്‍ഗം അതിനെ ഒരു വടികൊണ്ട് അടിച്ചു കൊല്ലുക എന്നുള്ളതാണ്. പക്ഷെ വടി കൊണ്ടടിച്ച് കൊല്ലുന്നതിന്‍റെ പ്രശ്നമെന്താണെന്ന് വെച്ചാല്‍ ആദ്യത്തെ അടിക്ക് തന്നെ പാമ്പ്‌ ചാവില്ല...ഓരോ അടി കൊടുക്കുമ്പൊഴും വേദനകൊണ്ട് പുളഞ്ഞായിരിക്കും അത് ചാവുന്നത്. ഈ വസ്തുത നമ്മള്‍ക്കറിയാമെങ്കിലും ആ സമയത്ത് നമ്മുടെ ലക്ഷ്യം ആ മനുഷ്യജീവനെ എങ്ങനെയെങ്കിലും രക്ഷിക്കുക എന്നുള്ളത് മാത്രമായിരിക്കും. അതിപ്പോ ആ പാമ്പിനെ ചുട്ടുകൊന്നിട്ടാണെങ്കിലും നമ്മളത് ചെയ്തിരിക്കും. അതുപോലെതന്നെയാണ് ഇതും. പിന്നെ മറ്റൊരുകാര്യം, കൊല്ലേണ്ടത് ഒന്നും രണ്ടും താറാവിനെയല്ല, ലക്ഷക്കണക്കിനാണ്. ഓരോന്നിനെയും പിടിച്ച് വിഷം കുത്തിവെക്കുക എന്നുള്ളത് പ്രാവര്‍ത്തികമാണോ എന്നുകൂടി ചിന്തിക്കണം.

താറാവിനെ കൊല്ലുമ്പോഴുണ്ടാകുന്ന വിഷമം മനസിലാക്കാം, പക്ഷെ നാട്ടുകാർക്ക് ഭീഷണിയായി തെരുവിൽ അലഞ്ഞു നടക്കുന്ന പേപ്പട്ടിയെ ആരെങ്കിലും തല്ലിക്കൊന്നാൽ ഇവിടെ ഉയർന്നുവരുന്ന പ്രതിഷേധം അത്ഭുതപ്പെടുത്തുന്നതാണ്.  ദിവസവും എത്രപേരാണ്, അതും കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ ഇതിന്‍റെ കടി കൊണ്ടുവെന്നും പറഞ്ഞ് പത്രത്തില്‍ വാര്‍ത്ത വരുന്നത്. ഇതൊന്നും കാണാനും കേള്‍ക്കാനും ആരുമില്ല, എ.സി കാറില് സ്മാര്‍ട്ട്‌ ഫോണ്‍ പിടിച്ച് നടക്കുന്ന നമ്മളെപ്പോലുള്ളവര്‍ക്ക് ഇതൊന്നും പ്രശ്നമല്ല. അതിലൂടെ നടക്കാന്‍ വിധിക്കപ്പെട്ടവര്‍ക്കാണ് അതിന്‍റെ വിഷമം മനസിലാവൂ. ടെക്നോപാര്‍ക്ക് സ്ഥിതി ചെയ്യുന്ന കഴക്കൂട്ടം, കാര്യവട്ടം, എന്നിവടങ്ങളിലുള്ളവര്‍ക്ക് ഇത് കൃത്യമായിട്ടറിയാം.

താറാവിനെക്കുറിച്ച് വിഷമിക്കാതെ ഈ സമയത്ത് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത് സ്വപ്‌നങ്ങള്‍ തകര്‍ന്നടിഞ്ഞ അവിടുത്തെ കര്‍ഷകരെക്കുറിച്ചാണ്.  കുട്ടനാട്ടിലും മറ്റുമുള്ള കര്‍ഷകര്‍ക്ക് ഒരു പക്ഷെ താറാവ് കൃഷി മാത്രമായിരിക്കും ഉപജീവനമാര്‍ഗം. അതുകൊണ്ട് സര്‍ക്കാര്‍ എത്രയും പെട്ടെന്ന് അവര്‍ക്കനുവദിച്ചിട്ടുള്ള നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നൊരപെക്ഷയുണ്ട്. അല്ലെങ്കില്‍ വീണ്ടുമൊരു കര്‍ഷക ആത്മഹത്യക്ക് നമ്മുടെ കേരളം സാക്ഷ്യം വഹിക്കേണ്ടി വരും. 

(കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തവണ  ക്രിസ്മസിന് അപ്പത്തിന്‍റെ കൂടെ കഴിക്കാന്‍ താറാവുറോസ്റ്റും  ചിക്കന്‍ഫ്രൈയും ഉണ്ടാവില്ലല്ലോ എന്നുള്ളതായിരിക്കും ഇപ്പറഞ്ഞവരുടെയൊക്കെ ഏറ്റവും വലിയ വേവലാതി!!)

--
ചിത്രങ്ങള്‍ക്ക് കടപ്പാട്: 
http://kothamally.com/recipes/karimeen-fry/
www.google.com




Saturday, 1 November 2014

രണ്ടുപേര്‍ തമ്മില്‍ ചുംബിക്കുമ്പോള്‍ ആകാശം ഇടിഞ്ഞു വീഴുന്ന നാട്ടില്‍

പബ്ലിക് ആയിട്ട്‌ ചുംബിക്കുന്നതിനെ എതിര്‍ക്കുന്ന, ആര്‍ഷഭാരത സംസ്കാരത്തിന്‍റെ മറവില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന സദാചാര ചേട്ടന്മാരോട് ഒരു വാക്ക്:

ഒരു കാര്യം നിങ്ങള്‍ ആദ്യമേ മനസിലാക്കണം; ഭാരതത്തില്‍ പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും മാതൃരാജ്യമെന്നാല്‍ ഒരേ വികാരം തന്നെയാണ്. ഹിന്ദുവിന്‍റെയും ക്രിസ്ത്യാനിയുടെയും മുസ്ലീമിന്‍റെയും സാത്താന്‍ ആരാധകാരുടെയും നിരീശ്വരവാദികളുടെയും ശരീരത്തില്‍ ഓടുന്നത് ഒരേ രക്തമാണ്. ഇവിടെ ജീവിക്കാനും, വേണ്ടി വന്നാല്‍ രാജ്യത്തിനുവേണ്ടി മരിക്കാനും നിങ്ങളെപ്പോലെതന്നെ എല്ലാവരും തയ്യാറാണ്. അതുകൊണ്ടാണ് ഏതുസമയത്തും മരണമെത്തുമെത്താവുന്ന അതിര്‍ത്തിയില്‍ എല്ലാ ജാതി മതസ്ഥരും തോക്കും പിടിച്ച് നില്‍ക്കുന്നത്.

നമ്മുടെ നാടിന്‍റെ സംസ്കാരവും, പൈതൃകവും, പാരമ്പര്യവുമൊക്കെ കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ഒരുപോലെ കടപ്പെട്ടവരാണ്. ഇതൊക്കെ ഒരു വിഭാഗക്കാര് മാത്രമാണ് ചെയ്യുന്നത് എന്നുള്ള വാദം വെറും ബാലിശമാണെന്ന് പറയാതിരിക്കാന്‍ വയ്യ. പബ്ലിക്‌ ആയിട്ട് ചുംബിക്കുന്നതിനോട് താല്‍പര്യമില്ലെന്നാണ് നിങ്ങളുടെ അഭിപ്രായമെങ്കില്‍,  എല്ലാവരും അതിനെ മാനിക്കുന്നു. പക്ഷെ നിങ്ങള്‍ക്കിഷ്ടമില്ലാത്തകാര്യം ആരും ഇവിടെ ചെയ്യരുത് എന്ന് പറയുന്നത് ശരിയല്ല.  ഇങ്ങനെപോയാല്‍ ഭാരതത്തിന്‍റെ വസ്ത്രസംസ്കാരം മുണ്ടാണെന്ന് പറഞ്ഞ് നാളെ മുതല്‍ പാന്‍റ്സും ജീന്‍സും ഇട്ടു നടക്കുന്നവരുടെ കാല് വെട്ടാന്‍ തുടങ്ങിയാല്‍ വല്യ ബുദ്ധിമുട്ടാവും.

പിന്നെ എല്ലാ കൂട്ടത്തിലും കാണും കുറച്ച് തലതെറിച്ചതുങ്ങള്. അവരെ കണ്ടിട്ട് അല്ലെങ്കില്‍ അവര് പുലമ്പുന്നത് കേട്ട് പ്രശ്നങ്ങളുണ്ടാക്കാന്‍ തുടങ്ങിയാല്‍ മതേതര രാഷ്ട്രം എന്ന് നമ്മളെല്ലാം പഠിച്ച ഇന്ത്യയുടെ മുഖത്ത് കരിവാരിതേക്കുന്നതിന് തുല്യമാവുമത്. 

അല്ലെങ്കിലും അവനവന്‍റെ വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കാതെ അന്യന്‍റെ പൊത്തകം മുഴുവന്‍ വായിച്ച്പഠിച്ച്, അതിലുള്ള നല്ല കാര്യങ്ങളെല്ലാം മാറ്റി, അതിന്‍റെ കുറവ് മാത്രം കണ്ടുപിടിക്കുന്ന മലയാളിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

<image> #kissofloveഅവസാനമായി  ഒരു കാര്യം കൂടി. ചില കാര്യങ്ങള്‍ ചെയ്യുന്നതിന് ഒരു മറ വേണം എന്ന് പറഞ്ഞുകൊണ്ട് നിങ്ങള്‍ പറയുന്ന ഉദാഹരണം ബാത്ത്റൂമിൽ പോവുമ്പോ നമ്മൾ കതകടയ്ക്കുന്നത്. ഒരു ചുംബനത്തോടുപമിക്കാൻ പറ്റിയ കാര്യം..! അതുപോലെ തന്നെ വേറൊന്ന് പറയുന്നത്, പബ്ലിക്‌ ആയിട്ട് ചുംബിക്കുന്നത് ചില പാശ്ചാത്യശക്തികളുടെയും കോര്‍പ്പറേറ്റുകളുടെയും കെണിയാണെന്ന്. എന്നും രാവിലെ എണീറ്റ്‌ ഇതുപോലുള്ള കെണിയുണ്ടാക്കുന്നതാണല്ലോ  അവരുടെ പണി! ഒന്നുമില്ലെങ്കിലും കടലാസിലെങ്കിലും നമ്മുടെ സാക്ഷര 100% ശതമാനമാണ്. അതിന്‍റെ  പക്വതയെങ്കിലും കാണിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്!

സ്നേഹിക്കുന്ന രണ്ടുപേര്‍, അതിപ്പോ അച്ഛനും മോളുമായിക്കോട്ടേ, ഭാര്യയും ഭര്‍ത്താവുമായിക്കോട്ടേ, കാമുകനും കാമുകിയുമായിക്കോട്ടേ പബ്ലിക്‌ ആയിട്ട്‌ ഒന്നുമ്മവെച്ചാല്‍ ആകാശമൊന്നുമിടിഞ്ഞു വീഴില്ല സുഹൃത്തുക്കളെ. മറ്റുള്ളവരുടെ സ്വകാര്യതയെ ബഹുമാനിക്കാന്‍ ശീലിച്ചാല്‍ തീരവുന്നതെയുള്ളൂ ഈ പ്രശ്നങ്ങളൊക്കെ എന്നാണെനിക്കുതോന്നുന്നത്.

(ചുംബനവും മതവും തമ്മില്‍ കൂട്ടികലര്‍ത്തി പറയേണ്ടി വന്നതില്‍ വിഷമമുണ്ട്. പക്ഷെ സോഷ്യല്‍ മീഡിയയില്‍ ഇതൊരു സാമൂഹിക വിഷയം എന്നതിനപ്പുറം, പല മതങ്ങള്‍ക്കുമെതിരേയുള്ള പോര്‍വിളിയായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോയെന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു)

--
ചിത്രങ്ങള്‍ക്ക് കടപ്പാട്:
http://webneel.com/wallpaper/i/29-india-independence-day-wallpaper/1887/o/9116
http://indiatoday.intoday.in/story/sunday-kiss-day-kerala-kochi-protest-moral-policing-kozhikode-bjp/1/398058.html

Tuesday, 28 October 2014

ഇങ്ങളെന്ത് വിടലാണെന്‍റെ ബാബ്വുവേട്ടാ..!

ഇന്ത്യയിലെന്നല്ല ലോകത്തിലെതന്നെ ഒട്ടുമിക്ക എഞ്ചിനീയര്‍മാരുടെയും സ്വപ്നമാണ് അമേരിക്കയുടെ സ്പേസ് ഏജന്‍സിയായ നാസയില്‍ ജോലി ലഭിക്കുകയെന്ന്....എനിക്കതും വേണ്ട, അവരുടെ ഏതേലും സ്പേസ് ഷട്ടില്‍ ഒന്നടുത്ത് കണ്ട് അതില്‍ ഒന്ന് കേറിനോക്കാനെങ്കിലും പറ്റിയാല്‍ മതിയായിരുന്നു. അപ്പോഴാണ്‌ നാസയില്‍ ജോലി ലഭിക്കാന്‍ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിക്കണമെന്ന ആവശ്യത്തിന് മുന്നില്‍, മരിച്ചാലും അതിന് തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് കോട്ടയം മണിമല സ്വദേശി അരുണ്‍ വാര്‍ത്തകളില്‍ നിറയുന്നത്.   അതുപോലരവസരം തുലച്ചതിന് അങ്ങേരോട് ദേഷ്യം തോന്നിയെങ്കിലും
അദ്ധേഹത്തിന്‍റെ രാജ്യസ്നേഹത്തിന് ഒരു സല്യൂട്ട് കൊടുക്കാന്‍ തോന്നിയിരുന്നു. പ്രധാനമന്ത്രി അരുണിനെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും  ഒരുമിച്ചിരുന്ന് ചായകുടിച്ചെന്നും റിപ്പോര്‍ട്ട്‌ വന്നതോട്കൂടി സംഭവം കൊഴുത്തു...

ഇപ്പൊ ദാ കേള്‍ക്കുന്നു അതു മുഴുവന്‍ അരുണ്‍ തന്നെ പെടച്ചുവിട്ട വെറും കെട്ടുകഥകളായിരുന്നെന്ന്‍. കല്ലുവെച്ച നുണകള്‍ എന്ന പ്രയോഗം തന്നെ ഇതുപോലത്തെ കാര്യങ്ങള്‍ ഉദ്ദേശിച്ചായിരിക്കും. ചീട്ടുകൊട്ടാരം പോലെ കള്ളങ്ങള്‍ ഒന്നിന് പുറകെ ഒന്നായി തകര്‍ന്നു വീഴുമ്പോള്‍ ഞാന്‍ ആലോചിക്കുന്നത് രണ്ടുമൂന്ന് കാര്യങ്ങളാണ്.

1.  കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴെ കയറുമായിട്ട് ഇറങ്ങുന്ന മാധ്യമങ്ങള്‍. എവിടെയെങ്കിലും ആരെങ്കിലും എന്തേലും പറയുന്നത് കേട്ടാല്‍ അപ്പോള്‍ തന്നെ അത് വാര്‍ത്തയാക്കും. കാരണം ഫ്ലാഷ് ന്യൂസിനാണ് മാര്‍ക്കറ്റ്‌. സൂര്യ ടിവി തട്ടിവിട്ടത് 35 ലക്ഷം രൂപയാണ് അരുണിന്‍റെ 'പ്രതിമാസ' ശമ്പളമെന്ന്!!ഇതുപോലെ തന്നെ ഈയിടയ്ക്ക് വന്ന മറ്റൊരു വാര്‍ത്തയായിരുന്നു കേരളത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് വിവിധ ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് ഈടാക്കുന്ന പിഴത്തുക കുത്തനെ കൂട്ടിയെന്നത്. രണ്ടു ദിവസം കഴിഞ്ഞ് ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ ഗതാഗത വകുപ്പ് തന്നെ പറഞ്ഞ് അങ്ങനെയൊരു ഉത്തരവിറക്കിയിട്ടില്ലെന്ന്‍. ഇതുപോലുള്ള വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അതിന്‍റെ ആധികാരികത കൂടി പരിശോധിക്കെണ്ട ബാധ്യത മാധ്യമങ്ങള്‍ക്കില്ലേ..?

2. എങ്ങനെയാണ് വെറും ഇരുപത്തേഴ് വയസ്സുള്ള അരുണ്‍ എന്ന ചെറുപ്പക്കാരന് മാധ്യമങ്ങളെയും സോഷ്യല്‍ മീഡിയയെയും ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞത്..? നമ്മളൊക്കെ എന്തേലും പറഞ്ഞാല്‍ (ഇനിയിപ്പോ അത് ശരിക്കും ഉള്ളതാണെങ്കിലും) കൂട്ടുകാര് പോലും വിശ്വസിക്കില്ല! മഞ്ഞപത്രങ്ങള്‍ മാത്രമല്ല ഇത് റിപ്പോര്‍ട്ട്‌ ചെയ്തത്, ദേശിയ തലത്തില്‍ പോലും ഇത് വാര്‍ത്തയായിരുന്നു എന്നോര്‍ക്കണം. അങ്ങനെ നോക്കുമ്പോള്‍ അരുണിനെ സമ്മതിക്കണം, മാത്രമല്ല  എന്‍റെ അഭിപ്രായത്തില്‍  ഐ.എസ്.ആർ .ഓ-യിൽ തന്നെ ഒരു ജോലിയും കൊടുക്കണം. കാരണം ഒരാൾക്ക് ഇതുപോലെ തള്ളാൻ പറ്റുമെങ്കിൽ, ഇന്ധനമില്ലാതെ, ആ തള്ളൽ മാത്രമുപയോഗിച്ച്‌  നമ്മുടെ റോക്കറ്റിനെ ചൊവ്വായിലോ ശുക്രനിലോ എത്തിക്കാൻ പറ്റും. (ഗൂഗിള്‍ പോലുള്ള കമ്പനികള്‍ വല്യ വല്യ ഹാക്കര്‍മാരെ പറയുന്ന ശമ്പളം കൊടുത്ത് ജോലിക്കെടുക്കുമെന്ന് കേട്ടിട്ടുണ്ട്. അതിനവര്‍ പറയുന്ന കാരണം, ഇത്‌പോലുള്ളവന്മാര്‍ പുറത്തുനിര്‍ത്തുന്നത്തിലും സേഫ് അകത്ത് നിര്‍ത്തുന്നതാണത്രേ..! )

3. സോഷ്യല്‍ മീഡിയയുടെ ശക്തി - ഈ കള്ളക്കളി പൊളിച്ചത് സോഷ്യല്‍ മീഡിയയിലെ നെറ്റിസണ്‍ പോലീസ് ആണെന്നാണ് റിപ്പോര്‍ട്ടുകളില്‍ കണ്ടത്. ഇതുപോലുള്ള കാര്യങ്ങള്‍ കണ്ടുപിടിക്കാനും ചര്‍ച്ചയാക്കാനും സോഷ്യല്‍ മീഡിയക്കുള്ള പങ്ക് ഒന്നുകൂടി തെളിയിച്ചിരിക്കുന്നു.

ചോദ്യം: ബൈ ദി ബൈ, താങ്കള്‍ പഠിച്ച കോളേജ് എതാണെന്ന പറഞ്ഞെ..?
ഉത്തരം: പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജ്

പൂഞ്ഞാര്‍..!! പൂഞ്ഞാര്‍ എന്നല്ലേ പറഞ്ഞത്..? ഇപ്പൊ OK! അല്ലെങ്കിലോര്‍ക്കും പിള്ളേച്ചന്‍ കള്ളം പറഞ്ഞതാണെന്ന്!!!

ഒന്നര വര്‍ഷം മുന്‍പ് നാസയിലെ 'യുവശാസ്ത്രജ്ഞനെ' അഭിനന്ദിക്കുന്നതും അതിനുശേഷം അദ്ധേഹത്തിന്‍റെ തിരുമൊഴിയും ഇവിടെ കാണാം
--

ചിത്രത്തിന് കടപ്പാട്: the Logical Indian


Saturday, 25 October 2014

രാഘവന്‍റെ സദാചാരം


കേരളത്തിന്‍റെ വടക്കേയറ്റത്തുള്ള ഒരു ഗ്രാമം. തറവാടിന്‍റെ ഉമ്മറത്ത്‌ കാര്‍ന്നോരൊന്നു മയങ്ങി തുടങ്ങിയതെയുണ്ടായിരുന്നുള്ളൂ. മുറ്റത്തൊരു കാലനക്കം കേട്ടാണ് ഞെട്ടിയെണീറ്റത്.

"അല്ലാ ഇതാര് രാഘവനോ..?  എന്താ ഇപ്പൊ ഈ വഴിക്കൊക്കെ..? നിന്‍റെ തള്ള ദീനം വന്ന് ചത്തപ്പോ അത്രടം വരെ ഒന്ന് വരാന്നോര്‍ത്തതാ. വയ്യാര്‍ന്നു, തീരെ വയ്യാര്‍ന്നു. പണ്ടീവീട്ടില് എത്ര പറ നെല്ലാ നിന്‍റെ തള്ളേം തന്തേം ഉണക്കിതന്നേക്കണത്."

"കഴിഞ്ഞ ദിവസം ഇവിടുള്ളോര് കുറച്ചു കോഴിക്കുഞ്ഞുങ്ങളെ മേടിച്ചെന്നുകേട്ടു..?"

"ഉവ്വ്..കഴിഞ്ഞീസം പനങ്ങാട്ട് ചന്തേല് പോയപ്പോ നല്ല ഒന്നാന്തരം കോഴിക്കുഞ്ഞുങ്ങള്... കായ് സ്വല്പം കൂടുതലാണേലും ഒന്നാന്തരം ഒരു പെടയും അതിന് പറ്റിയ ഒരു പൂവനേം മേടിച്ചു..ന്താ രാഘവാ ചോദിച്ചേ..? നീയും മേടിച്ചുവോ...?"

"എന്നിട്ടീ പെടയെയും പൂവനെയും ഒരു കൂട്ടിലാണോ ഇടാറ്..? പകല് ഒരുമിച്ചഴിച്ചുവിടുമായിരിക്കും"

"ഹയീ ഇത് നല്ല കഥ...പിന്നെ ഓരോന്നൊരോന്നിനെയായിട്ടഴിച്ചുവിടാന്‍ പറ്റ്വോ..? നീയെന്താപ്പോ ഇങ്ങനനോക്കെ ചോദിക്കണേ..?"

"കാര്‍ന്നോരെ അതൊക്കെ പണ്ട്... ഇപ്പൊ ഈ നാട്ടില് പുതിയ വ്യവസ്ഥിതികളാണ്. മുട്ടയിടാന്‍ പ്രായമാവാത്ത കോഴിക്കുഞ്ഞിനെ ഈ പൂവന്‍കോഴിയുടെ കൂടെ ഇങ്ങനെ രാത്രിയിലും പകലും വിടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല."

"ശിവ ശിവ..പിന്നെ ന്വാം എന്തു വേണേന്നാ നിങ്ങള് പറയണത്..?" 

" കോഴിക്കൂട് ഒന്നൂടെ പണിയണം. ഒന്നില്‍ പിട, മറ്റേതില്‍ പൂവന്‍. രണ്ടും തമ്മില്‍ പകല് കാണാനോ ഒന്നിച്ച് ഇര പിടിക്കനോ പാടില്ല... പിട മുട്ടയിടാറാവുമ്പോ വേലികെട്ടിത്തിരിച്ച് രണ്ടിനേം ഇടണം... പുറത്ത് വിടുന്ന നേരത്ത് അതുങ്ങടെ മേല് എപ്പോഴും ഒരു കണ്ണുവേണം.."

"ഇതെന്ത് വിഡ്ഢിത്താണ് രാഘവാ നീയിയെഴുന്നള്ളിക്കണത്..? നമ്മളെന്തിനാ ഇതിന്‍റെയൊക്കെ പുറകെ നടക്കുന്നത്..? എന്ത് വേണമെന്നും എപ്പോ വേണമെന്നുമൊക്കെ അതുങ്ങക്കറിയാന്‍മേലെ..?"

"അവരിപ്പോ അങ്ങനറിയണ്ടാ.. പറഞ്ഞപോലെ ചെയ്തില്ലെങ്കില്‍ ഈ മുക്കാലിഞ്ച് കോഴിക്കൂട് ഞങ്ങള് തല്ലിപ്പൊളിക്കും..മനുഷ്യനായാലും കോഴിയായാലും പ്രായപൂര്‍ത്തിയാവുന്നതിനു മുന്‍പ് തമ്മില്‍ കാണുന്നതും സംസാരിക്കുന്നതും ഭാരത സംസ്കാരത്തിന് ചേര്‍ന്നതല്ല" 

"എന്ത് തെമ്മാടിത്തരമാണെടാ നീ പുലമ്പുന്നത്...? ആണും പെണ്ണും ഒന്നിച്ച് കാണാന്‍ മേലത്രേ. മൂവന്തിനേരത്ത് കെട്ട്യോന്‍ ചത്ത വടക്കേലെ ശന്തേടെ വീട്ടില് നീ പൂവറുണ്ടെന്ന്‍ ഇവിടുത്തെ വാല്യക്കാര് പറയാറുണ്ട്‌...എന്നിട്ടവന്‍ ഈ തറവാടിന്‍റെ ഉമ്മറത്തുവന്നു നിന്ന്  സദാചാരം പ്രസംഗിക്കുന്നു. പൊക്കോണം ഇവിടുന്ന് അല്ലെങ്കില്‍ ന്‍റെ ഊന്നുവടീടെ ചൂട് നീയറിയും."

"എടൊ പരട്ട കാര്‍ന്നോരെ, ശന്തേടെ വീട്ടില്‍ പോണോ വേണ്ടയോ എന്നുള്ളതൊക്കെ എന്‍റെയിഷ്ടമാണ്.... അതിലൊരുത്തനും ഇടപെടണ്ടാ.. ഇപ്പറയണ ശാന്ത കാര്‍ന്നോരുടെ പെങ്ങളൊന്നുമല്ലല്ലോ.."

"നിയ്ക്യും അത് തന്നെയാ നിന്നോടും ചോദിക്കാനുള്ളത്... ഈ കിടക്കണ പെടക്കൊഴിനെ നിന്‍റെ വീട്ടിന്ന് കൊണ്ടുവന്നതോന്നുമാല്യാലോ..? വന്ന് വന്ന് കോഴിക്കുപോലും പുറത്തിറങ്ങി നടക്കാന്‍ വയ്യാതായല്ലോ ന്‍റെ ഭഗവതി.. ഏതേലും ഒരാണും പെണ്ണും ഒന്നിച്ച് കണ്ടാ നിനക്കൊക്കെയെന്തിനാട ഇത്ര ചൊറിച്ചില്..? വല്യ സദാചാരക്കാര് വന്നിരിക്കുന്നു... എറങ്ങിക്കോണം ഇപ്പൊ എന്‍റെ മുറ്റത്തൂന്ന്.."

"ദേ മൂപ്പിലനെ.."

"പ്ഫാ..."

പിറ്റേന്ന് രാവിലെ കോഴിക്കൂടും കുഞ്ഞുങ്ങളും ഒരു പിടി (സദാ)ചാരമായിതീര്‍ന്നിരുന്നു. ശാന്തേടെ വീട്ടില്‍ പോകുംവഴിയാണ് രാഘവന്‍ കൂട് കത്തിച്ചതെന്ന് ഒരു കൂട്ടരും, എന്നാല്‍ തിരിച്ച് പോവുന്ന നേരത്താണ് കത്തിച്ചതെന്ന് മറ്റൊരു കൂട്ടരും വാദിച്ചു. ആ രാത്രീലും അയാള്‍ ശാന്തേടെ വീട്ടില്‍ പോണത് കണ്ടതായി ഇരുകൂട്ടരും ഒരുപോലെ സമ്മതിച്ചു. 

---
[ചിത്രങ്ങള്‍ക്ക് കടപ്പാട്: 
http://www.namboothiri.com/articles/some-namboothiri-illams.htm
http://aswathikasimadom.blogspot.co.uk/2008/02/earlier-it-was-common-sight-in-kerala.html]

Friday, 27 December 2013

ഒരു ജനതയുടെ പ്രാര്‍ത്ഥന.

പ്രിയ കേജിരിവാള്‍,

ആദ്യമേതന്നെ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്ന താങ്കള്‍ക്കും, ആം ആദ്മി പാര്‍ട്ടിയുടെ (AAP - ആപ്പ്!!) മറ്റു മന്ത്രിമാര്‍ക്കും അഭിവാദ്യങ്ങള്‍..!

Bodhodhayam blog
ചിലപ്പോഴെക്കെ ഞാന്‍ ചിന്തിക്കാറുണ്ട്, നിങ്ങള്‍ക്ക് മുഴുവട്ടാണോ എന്ന്...!! കാശുണ്ടാക്കാനാണ് അരവിന്ദ് കേജിരിവാള്‍ രാഷ്ട്രീയത്തില്‍ വരുന്നത് എന്ന് ഒരു വാര്‍ത്ത പരന്നപ്പോള്‍, നിങ്ങളുടെ കൂടെ IIT-യില്‍ പഠിച്ച ഒരു സഹപാഠിയുടെ ബ്ലോഗില്‍ ഇങ്ങനെ കുറിച്ചിരുന്നു..."ഞങ്ങള്‍ പഠിക്കുന്ന കാലത്ത് (ഒരു പക്ഷെ ഇപ്പോഴും) ഐ.ഐ.ടി-യില്‍ നിന്ന് പാസ്സവുന്നവര്‍ക്ക് യു.എസ്സിലും മറ്റു വിദേശ രാജ്യങ്ങളിലും അവര്‍ പറയുന്ന ശമ്പളത്തിന്‍റെ കാര്യത്തില്‍ ഒരു പേശലില്ല. ഞങ്ങള്‍ പറയുന്നതാണ് ശമ്പളം. ഐ.ഐ.ടി-യില്‍ നിന്ന് തട്ടിമുട്ടി പാസ്സായ ഞാനിന്ന് കോടികള്‍ വാരുന്നു. അപ്പോള്‍ കേജിരിവാളിനെപ്പോലെ ഒരാള്‍ക്ക്‌ കിട്ടുന്ന ശമ്പളവും സമൂഹത്തിലെ അംഗികാരവും നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ." വിദേശ രാജ്യത്തെ പോഷ് ജീവിതവും മറ്റും ഉപേക്ഷിച്ച് കേജിരിവാള്‍ ഇന്ത്യന്‍ റവന്യു സര്‍വീസോട് കൂടി ഇന്‍കം ടാക്സ്‌ ഡിപ്പാര്‍ട്ട്മെന്റില്‍ ജോയിന്റ് കമ്മീഷണറായി. കാശ് മുക്കാനാണെങ്കില്‍ ഇതിലും നല്ലൊരു ഏരിയ വേറെയില്ല. പക്ഷെ എല്ലാവരെയും ഞെട്ടിച്ച്‌ നിങ്ങള്‍ രാജിവെച്ച് തെരുവിലേക്കിറങ്ങി. അപ്പൊപിന്നെ കാശല്ലേ നിങ്ങടെ പ്രശ്നം..?

ഒന്നുകൂടി കാര്യങ്ങള്‍ പഠിച്ചപ്പോഴാണ് നിങ്ങളാരാണെന്ന് കൂടുതല്‍ മനസിലായത്. എന്തെങ്കിലും സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചോ, ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിലെ കാര്യങ്ങള്‍ അറിയണമെങ്കിലോ ഒരു വെള്ളപ്പേപ്പറില്‍ ആവശ്യമെഴുതി പത്തു രൂപാ ഫീസും കൊടുത്താല്‍, നിശ്ചിത ദിവസത്തിനുള്ളില്‍ മറുപടി ലഭിക്കാനുള്ള വിവരാകാശ നിയമത്തിന് (Right To Information Act) പിന്നില്‍ പ്രവര്‍ത്തിച്ചതും നിങ്ങളാണെന്ന്‍. അണ്ണാ ഹസാരെയോടൊപ്പം നിരാഹാരം കിടന്നപ്പോഴും ആം ആദ്മി എന്നാ പാര്‍ട്ടിയുണ്ടാക്കിയപ്പോഴും എല്ലാവരും കരുതി ഇതൊക്കെ മഴയത്ത് കിളിര്‍ത്ത വെറും കൂണാണെന്ന്. അവസാനം ഇക്കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍, പതിനഞ്ചു വര്‍ഷം മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിദിനെ 25000 വോട്ടിന് നിങ്ങള്‍ അട്ടിമറിച്ചപ്പോള്‍, എല്ലാവരുടേയും പുച്ഛവും ചിരിയുമൊക്കെ മാറി. ഡല്‍ഹി പോലൊരു ചെറിയ സംസ്ഥാനത്ത് ഇത്രയും വലിയ ഭൂരിപക്ഷം എന്ന് പറഞ്ഞാല്‍തന്നെ ഊഹിക്കാവുന്നതെയുള്ളു കാര്യങ്ങളുടെ പോക്ക്..! ജങ്ങങ്ങള്‍ക്ക്‌ വേണ്ടി സമരം ചെയ്ത സമയത്ത്, പട്ടിയെ തല്ലുംപോലെ തല്ലിയ ഡല്‍ഹി പോലീസ് നാളെ മുതല്‍ നിങ്ങളെ സല്യൂട്ട് ചെയ്യും..!! സിനിമയില്‍ പോലും കാണാത്ത കാഴ്ചകള്‍..!

കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയാണ് കേജിരിവാള്‍. ഇന്ത്യയെപ്പോലെ  അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന, എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രിയപാര്‍ട്ടികള്‍ ഉള്ള  ഒരു രാജ്യത്ത്, ഒരു സാധാരണ പൌരന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ കാണിച്ചുതന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും
 എല്ലാ സാധാരണക്കാരും മനസ്സുകൊണ്ട് ആഗ്രഹിച്ചത്‌, ആഗ്രഹിക്കുന്നത് ഇതുപോലുള്ള ഒരു നേതാവിനെയാണ്.

Bodhodhayam blog


എന്നാല്‍ ഇനി നിങ്ങളുടെ യാത്ര അത്ര സുഖകരമാവില്ല. നിങ്ങളെ കുരുക്കാന്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ ഏതറ്റം വരെയും പോകും, അറിയാവുന്ന കളിയൊക്കെ അവര്‍ കളിക്കുകയും ചെയ്യും. എങ്കിലും ധീരമായി മുന്നോട്ടുപോവുക. ഇവിടം വരെ നിങ്ങള്‍ക്കെത്താമെങ്കില്‍, നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് താങ്ങാകാന്‍ ഇവിടെം ശുദ്ധീകരിക്കാന്‍ നിങ്ങളോടൊപ്പം ചൂലെടുക്കാന്‍ ഇന്നാട്ടിലെ ജനതയുണ്ടാവും.

ജനാധ്യപത്യം - ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍, ജനങ്ങളില്‍നിന്ന്.

#I support Arvind Kejriwal

ഒരിക്കല്‍ക്കൂടി എല്ലാവിധ ആശംസകളും.

Friday, 20 December 2013

ഇന്ത്യയും ഇക്വഡോറും പിന്നെ ദേവയാനിയും

കുറച്ചുനാള് മുന്‍പ് (അതായത് ഇപ്പൊഴുള്ള എഡ്വാര്‍ഡ് സ്നോഡനും മുന്‍പ്) ജൂലിയന്‍ അസ്സാന്‍ജ് എന്ന് പറയുന്ന ഒരു വ്യക്തി വികിലീക്സ് എന്ന തന്‍റെ സ്ഥാപനത്തിലൂടെ അമേരിക്കയെ ഞെട്ടിക്കുന്ന പല രഹസ്യങ്ങളും പുറത്തുവിട്ടു. കേട്ട പാതി കേള്‍ക്കാത്ത പാതി കലിപൂണ്ട അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായത്തോടെ അങ്ങേരെ അറസ്റ്റ് ചെയ്യാന്‍ പദ്ധതി തയ്യാറാക്കി. അങ്ങനെ സ്വീഡനില്‍ അങ്ങേരെ ഒരു കേസില്‍ പെടുത്തി അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും അവിടെനിന്ന്‍ രക്ഷപെട്ട അസ്സന്ജ്, യു.കെ-യിലുള്ള ഇക്വഡോറിന്‍റെ എംബസ്സിയില്‍ അഭയം തേടി. പോലീസും പട്ടാളവും എംബസ്സി വളഞ്ഞു. 

Embassyപോലീസുകാര് നോക്കിയപ്പോ ഇത്തിരിപ്പോന്ന ഒരു രാജ്യവും അതിനെക്കാള്‍ ചെറിയ ഒരു എംബസ്സിയും. എന്നാപ്പിന്നെ അതിനകത്ത് കയറി അസ്സാന്‍ജി-നെ അങ്ങ്  പൊക്കിയെക്കാമെന്ന് അവരങ്ങ് തീരുമാനിച്ചു. ഇതറിഞ്ഞ ഇക്വഡോറിന്‍റെ പ്രസിഡണ്ട്‌ പറഞ്ഞതിന്‍റെ നാടന്‍ പരിഭാഷ താഴെ കൊടുക്കുന്നു - " നയതന്ത്ര പരിരക്ഷയുള്ള ഞങ്ങടെ എംബസ്സിയില്‍ അനുവാദമില്ലാതെ ഏതേലും ഒരുത്തന്‍ കേറിയാല്‍, കേറുന്ന ആരായാലും ഞങ്ങള് വെട്ടും. അതുപോലെ ഇവിടെയുള്ള നിങ്ങടെ നയതന്ത്ര പ്രധിനിധികള്‍ പിന്നെ പുറംലോകം കാണില്ല". ഇത് കേട്ടു ഞെട്ടിയ ബ്രിട്ടീഷ്‌ പോലീസ് എംബസ്സിയില്‍ കയറാനുള്ള നീക്കം ഉപേക്ഷിച്ചു. നല്ല ഒരു ഏറുപടക്കം പോലും കയ്യിലാത്ത ഒരു രാജ്യം, അതിന്‍റെ ആത്മാഭിമാനത്തെ തൊട്ടുകളിച്ചാല്‍ കളി മാറുമെന്നു ലോകത്തോട്‌ വിളിച്ചു പറഞ്ഞു.

Devyaniഅങ്ങനെയുള്ള ഈ ലോകത്താണ് ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന്‍റെ നയതന്ത്ര പ്രതിനിധിയെ ഒരുളുപ്പുമില്ലാണ്ട് അറസ്റ്റ് ചെയ്ത് ഏറ്റവും തരം താണ രീതിയില്‍ യു.എസ് പരിശോധന നടത്തിയത്. ഇതൊക്കെ നിയമപ്രകാരമുള്ള കാര്യങ്ങളാണെന്ന് വാദിക്കാന്‍ വരുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്. ആദ്യം പറഞ്ഞ അസ്സാന്‍ജിനെ നിയമപ്രകാരം ഒന്ന് തൊടാന്‍ പോലും പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒന്നൊന്നര കൊല്ലമായിട്ട് കുറെ പോലീസുകാര് എംബസ്സിക്ക് പുറത്ത് കാവല് നില്‍ക്കുവാണ്.!! അതാണ്‌ ഇന്ത്യയും ഇക്വഡോറും തമ്മിലുള്ള വ്യത്യാസം.

മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയെ അമേരിക്കന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് സുരക്ഷയുടെ പേരില്‍ ദേഹപരിശോധന നടത്തിയപ്പോള്‍ ഇന്ത്യ ചുമ്മാ അങ്ങോട്ട്‌ പോയി പ്രതിഷേധം രേഖപ്പെടുത്തിയതിനു പകരം , ഇങ്ങോട്ട് കെട്ടിയെടുത്ത അവരുടെ പ്രതിനിധികളേയും അതുപോലെ ചെയ്തിരുന്നെങ്കില്‍ ഇന്നവര്‍ക്ക് കുറച്ചു പേടി വന്നേനെ..  (അല്ല അറിയാന്മേലാഞ്ഞകൊണ്ട് ചോദിക്കുവ ലവന്മാര് ഈ പ്രതിഷേധം എവിടെയാ രേഖപ്പെടുത്തുന്നേ..? വല്ല ഹിന്ദിയിലോ മറ്റോ രേഖപ്പെടുത്തിയാല്‍ സായിപ്പന്മാര്‍ക്ക് മനസിലാവില്ല, അതാ..) എന്തായാലും ഇത്തവണ അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടിതുകൊണ്ട് അടുത്ത തവണ നമ്മടെ ആരെയെങ്കിലും തൊടാന്‍ അവര് ഒന്നുകൂടി ആലോചിക്കും.


അവസാനം കിട്ടിയത്- 
ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനിക്കെതിരെ കേസ് കൊടുത്ത സംഗീത മലയാളിയെന്ന് റിപ്പോര്‍ട്ടുകള്‍.

അതുപിന്നെ ചോദിക്കാനുണ്ടോ..!! 

Monday, 21 January 2013

ഓണ്‍സൈറ്റ് എഞ്ചുവടി

(തലക്കെട്ട്‌ പ്രത്യേകം ശ്രദ്ധിക്കുക, ഇതൊരു എഞ്ചുവടി-യാണ്, എന്‍സൈക്ളോപീഡിയ അല്ല)

ആദ്യമായിട്ട് ഓണ്‍സൈറ്റ് (യു.കെ) പോകുന്ന ടെക്കികള്‍ക്ക് വേണ്ടി, ഒണ്‍സൈറ്റ് ലൈഫ് മടുത്തിരിക്കുന്ന മറ്റൊരു ടെക്കി എഴുതുന്ന എഞ്ചുവടി (ടെക്കികള്‍ എന്ന് എടുത്തു പറഞ്ഞിട്ടുണ്ടെങ്കിലും നേഴ്സ്-മാര്‍, വിദേശ പഠനത്തിനു പോകുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും ഇതില്‍ പലതും ഉപയോഗപ്പെട്ടേക്കാം).

യു.കെ - ചെറിയൊരു ആമുഖം.

യുണൈറ്റഡ് കിംഗ്ടം എന്നു പറയുന്നത് ഇംഗ്ലണ്ട്, വേയില്‍സ്, സ്കോട്ട്ലന്‍ഡ്‌, വടക്കന്‍ അയര്‍ലണ്ട് എന്നീ നാല് ഭൂവിഭാഗങ്ങള്‍ ചേരുന്നതാണ്. തലസ്ഥാനം ലണ്ടന്‍ സിറ്റി. ദേശിയ പതാക അറിയപ്പെടുന്നത് 'യൂണിയന്‍ ജാക്ക്' എന്നാണ്. ഇപ്പറഞ്ഞ യു.കെ-യുടെ ഫ്ലാഗ് ഡിസൈന്‍ ചെയ്തിരിക്കുന്നത് മുകളില്‍ പറഞ്ഞിട്ടുള്ള രാജ്യങ്ങളുടെ ഫ്ലാഗുകളില്‍ നിന്നാണെന്ന് അധികം ആരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ്. (കൂടുതല്‍ വിവരങ്ങള്‍ക്ക് Evolution of UK flag എന്ന് ഗൂഗിളില്‍ തപ്പി നോക്കുക) . ദേശിയഗാനം രാജ്യത്തെയല്ല, മറിച്ച് രാജ്ഞിയെയാണ് (God save the Queen) വാഴ്ത്തുന്നത്. കറന്‍സി പൌണ്ട് (1GBP = Rs. 85 on Jan 2013). ഫ്ലാഗിന്‍റെ കാര്യത്തിലെപ്പോലെ ഒരു പൌണ്ടില്‍ താഴെയുള്ള നാണയങ്ങള്‍ അടുക്കിവെച്ചാല്‍ മറ്റൊരു രസം കാണാം. അതും അങ്ങനെയാരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ്. അതെന്താണെന്ന് നിങ്ങള്‍ സമയം പോലെ (താല്പര്യമുണ്ടെങ്കില്‍),) കണ്ടുപിടിച്ചോളുക.

ഇവിടെ വരുന്നവര്‍ ഇംഗ്ലീഷ് ഫ്ലുവന്റ്റായിട്ട് പറയാന്‍  അറിഞ്ഞിരിക്കണമെന്ന്  യാതൊരു നിര്‍ബന്ധവുമില്ല.  കാരണം നമ്മള്‍ എത്ര ഫ്ലുവെന്റ്റ്  ആയി പറഞ്ഞാലും ഇവന്‍മാര്‍ക്ക് നമ്മുടെ ആ ഒരു 'ആക്സെന്റ്റ്' പിടികിട്ടാന്‍ കുറച്ചു നാള് പിടിക്കും. അതുപോലെ തന്നെ, കുറച്ചുനാളത്തേക്ക് ഇവര്‍ പറയുന്നത് നമുക്കു ഒരു കിണ്ടിയും പിടികിട്ടില്ല (നിങ്ങള്‍ എത്ര IELTS പാസ്സായിട്ട് വന്നാലും!). 

1. ഡ്രൈവിംഗ് 

Bodhodhayam blog ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള ഏതൊരാള്‍ക്കും ആദ്യത്തെ ഒരു വര്‍ഷം അതുപയോഗിച്ച് ഇവിടെ വാഹനമോടിക്കവുന്നതാണ്. പക്ഷെ റോഡില്‍ വാഹനമിറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില മിനിമം കാര്യങ്ങളുണ്ട്, അവ താഴെ ചേര്‍ക്കുന്നു.

(a) എന്നും രാവിലെ കാര്‍ എടുക്കുമ്പോള്‍ "ഈ റോഡ്‌ എന്‍റെ ബാപ്പ എനിക്ക് വേണ്ടി മാത്രം പണിതുതന്നേക്കുന്നതല്ല, എല്ലാവര്‍ക്കും റോഡില്‍ തുല്യ അവകാശമാണ്" എന്ന് മനസ്സില്‍ ഒരു പത്തു തവണ പറയുക.

(b) നിങ്ങള്‍ എത്ര അത്യാവശ്യപ്പെട്ട് വായു ഗുളിക മേടിക്കാന്‍ പോവുകയാണെങ്കിലും, നിയമങ്ങള്‍ പാലിച്ചേ ഇവിടെ വാഹനമോടിക്കാന്‍ പറ്റൂ, അതിപ്പോ എത്ര വലിയ രാജാവാണെങ്കിലും ശരി (അതിന്‍റെ കാരണം (a))

(c) റോഡില്‍ പ്രയോരിറ്റി കാല്‍നടയാത്രക്കാര്‍ക്കും , സൈക്കിള്‍ യാത്രക്കാര്‍ക്കുമാണ്. കിലോമീറ്ററുകള്‍ റോഡില്‍ ക്യൂ ഉണ്ടെങ്കിലും ശരി, സൈക്കിള്‍ ഓടിക്കുന്നവന്‍ സൈഡ് തന്നാല്‍ മാത്രമേ മറ്റു വാഹനങ്ങള്‍ക്ക് ഓവര്‍ ടേക്ക് ചെയ്യാന്‍ അവകാശമുള്ളൂ. അതുപോലെ തന്നെ, സീബ്ര ക്രോസ്സിങ്ങില്‍ ഒരു കാല്‍നട യാത്രക്കാരന്‍ ചുമ്മാ ആകാശത്തേക്ക് നോക്കി നിന്നാലും വാഹനം നിര്‍ത്തികൊടുക്കണം എന്നാണ് ചട്ടം.

(d) ഇവിടെ ഹോണ്‍ മുഴക്കുക എന്നുള്ളത് തന്തക്കു വിളിക്കുന്നതിനു സമമാണ്. അതുകൊണ്ട് ഗത്യന്തിരമില്ലാത്ത സമയത്ത് മാത്രമേ ആള്‍ക്കാര്‍ ഹോണ്‍ അടിക്കൂ (എന്നുവച്ചാല്‍, മാസത്തില്‍ ഒരു രണ്ടു തവണ ഹോണ്‍ അടി കേട്ടാല്‍, നിങ്ങളുടെ ഡ്രൈവിംഗ് ശരിയല്ല എന്ന് മനസിലാക്കണം.)

(e) കാര്‍ ഓടിച്ചു തുടങ്ങുന്നതിനു മുന്‍പ് റൌണ്ട് എബൌട്ട്‌ , സ്പീഡ് ലിമിറ്റ്, മോട്ടോര്‍വേ നിയമങ്ങള്‍ എന്നിവ പഠിച്ചിരുന്നാല്‍ വളരെ നന്നായിരിക്കും (ഇവിടെ അപകടങ്ങള്‍ വളരെ കുറവാണ്, പക്ഷെ ഉണ്ടായാല്‍ മിനിമം ഒരു പത്തു മുപ്പതു കാറെങ്കിലും കൂട്ടിയിടിച്ചിരിക്കും)

2. ഓഫീസ് മര്യാദകള്‍

(a) മൊബൈല്‍ ഫോണ്‍ വിളി കഴിവതും ഒഴിവാക്കുക (എന്തെങ്കിലും ഓഫീസ് ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ തന്നിട്ടുള്ള ഡെസ്ക് ഫോണ്‍ ഉപയോഗിക്കുക)

(b) എന്തൊക്കെ പണികള്‍ തീരാനുണ്ടെങ്കിലും കൃത്യം അഞ്ചു മണിയാകുമ്പോള്‍ നിങ്ങള്‍ക്ക് ഓഫീസില്‍ നിന്നിറങ്ങാം. ആറുമണിക്ക് ശേഷം അല്ലെങ്കില്‍ അവധി ദിവസങ്ങളില്‍ ഓഫീസില്‍ ഇരിക്കണമെങ്കില്‍ മാനേജര്‍--- മാരുടെ പ്രത്യേക അനുമതി വേണം..!! (ആഹ, എന്തു നല്ല ആചാരങ്ങള്‍ അല്ലെ..?!!)

(c) വര്‍ഷത്തില്‍ നിങ്ങള്‍ക്കനുവദിച്ചു തന്നിട്ടുള്ള ലീവ് നിര്‍ബന്ധമായിട്ടും എടുത്തു തീര്‍ത്തിരിക്കണം!

Bodhodhayam blog (d) മീറ്റിങ്ങിന്‍റെ സമയത്ത് എല്ലാവരും  ഇരുന്നു ചിരിക്കുവണെങ്കില്‍ , മിക്കവാറും ആരെങ്കിലും ഒരു താമാശ പറഞ്ഞതായിരിക്കും എന്ന് അനുമാനിക്കുക . മനസിലായാലും ഇല്ലെങ്കിലും  "ഭേലെ ഭേഷ്" എന്നൊക്കെ പറഞ്ഞ് നിങ്ങളും ചുമ്മാ ഇളിച്ചു കാണിച്ചേക്കുക. പറഞ്ഞത് മനസിലായില്ല എന്നോര്‍ത്ത് പേടിക്കേണ്ട കാര്യമില്ല, അതൊരു ശീലമായിക്കോളും. (എന്ന് പറഞ്ഞാല്‍ പിന്നീടുള്ള ഒരു മീറ്റിങ്ങുകളിലും അവര്‍ പറയുന്ന തമാശകള്‍ നിങ്ങള്‍ക്ക് മനസിലാവില്ല!!)

3. പൊതു മര്യാദകള്‍

(a) താഴെ കൊടുത്തിരിക്കുന്ന വാക്കുകളുടെ അര്‍ത്ഥവും ആഴവും പഠിച്ചിരിക്കുക.

Thanks
Cheers
You allright?
Please
Excuse me
Sorry

നിങ്ങള്‍ എയര്‍പോര്‍ട്ടില്‍ കാലുകുത്തുന്നത് മുതല്‍, പറയുന്ന 95% വാക്യങ്ങളിലും ഇതിലേതെങ്കിലും ഒന്ന് നിര്‍ബന്ധമായി ഉപയോഗിച്ചിരിക്കണം. ഇല്ലെങ്കില്‍ നിങ്ങളെ എല്ലാവരും ഒരു ധിക്കാരിയും അഹങ്കാരിയുമായിട്ട് കണക്കാക്കും.  ഇനി അങ്ങനെ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് ഒരു 50 പ്രാവശ്യം ഇത് മനസ്സില്‍ ഉരുവിടുക.

(b) എല്ലാവരും നിങ്ങളോട് വളരെ സൗമ്യമായിട്ടും മര്യാദയായിട്ടുമേ പെരുമാറുകയുള്ളൂ.  തിരിച്ച് അങ്ങനെ തന്നെ പെരുമാറാന്‍ നിങ്ങളും ബാദ്ധ്യസ്ഥരാണ്.

(c) എത്ര വലിയ തിരക്കുണ്ടെങ്കിലും ബസിലോ ട്രെയിനിലോ കയറുവാന്‍ ക്യൂ പാലിക്കുക. കാരണം നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നവന്‍ ചെരക്കാന്‍ നിക്കുവല്ല.

(d) യു.കെ-യില്‍ ജാതി/മത/വര്‍ഗ്ഗ/വര്‍ണ്ണ/ലിംഗ വ്യത്യാസങ്ങള്‍ വെച്ച് ഒരാളെ കളിയാക്കുകയോ തരംതാഴ്ത്തി കാണുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. (നാട്ടിലുള്ളതുപോലെ ഈ വ്യത്യാസങ്ങള്‍ വെച്ച് യാതൊരുവിധ പരിഗണനയും/റിസര്‍വേഷനും ഇല്ല - ഭാഗ്യം!)

(f) ഏതെങ്കിലും വാഹനത്തില്‍ സീറ്റ് ബെല്‍റ്റ്‌ ഇടാനോ മറ്റു നിര്‍ദേശങ്ങള്‍ കിട്ടിയാലോ അത് പാലിക്കുക.

Bodhodhayam blog(g) സാധാരണ ഗതിയില്‍ ഇവിടെ എല്ലാവരും സ്പൂണും ഫോര്‍ക്കുമൊക്കെ ഉപയോഗിച്ചായിരിക്കും ഭക്ഷണം കഴിക്കുന്നത്. അവരുടെ ഗ്രൂപ്പില്‍ ഇരിക്കുമ്പോള്‍ അതുപോലെ ചെയ്യാന്‍ നിങ്ങളും ശ്രദ്ധിക്കുക, അല്ലെങ്കില്‍ അത് അവരെ അപമാനിക്കുന്നതിന് സമമാണ്.  (ഒന്നോര്‍ത്തുനോക്കു, ഓണസദ്യ നമ്മളെല്ലാവരും നിലത്ത് ഇലയിട്ടു കഴിക്കുമ്പോള്‍ ഒരുത്തന്‍ വന്നു മേശയില്‍ പാത്രത്തില്‍ സ്പൂണ്‍ വെച്ച് കഴിക്കുന്നത്!!) പേടിക്കേണ്ട, നമ്മളുടെ ശീലം കൈ വെച്ച് കഴിക്കുകയാണെന്നുള്ള വിവരം ഇവര്‍ക്കുണ്ട്. അതുകൊണ്ട് പെര്‍ഫെക്റ്റ്‌ ആയില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ ചിക്കന്‍ മുറിക്കുമ്പോള്‍ കഷണം തെറിച്ച് വേറെ പ്ലേറ്റില്‍ വീഴാതെ നോക്കണം.

(h) 90% (ഒരു പക്ഷെ 100%) നടപ്പാതകള്‍, റെസ്റ്റോറന്റുകള്‍, ബസുകള്‍, ഷോപ്പിംഗ്‌ മാളുകള്‍ (എത്ര നിലകളുള്ളതായാലും) , ആശുപത്രികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവടങ്ങളിലെല്ലാം വീല്‍ചെയറില്‍ ഉള്ളവര്‍ക്കും പരസഹായം കൂടാതെ യാത്ര ചെയ്യാവുന്നതാണ് (ഇവിടെയുള്ളതില്‍ വച്ച് ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്ന്)

3. സ്വകാര്യത (Privacy)

(a) മലയാളികളായ നമുക്ക് തീരെ പരിചയമില്ലാത്തതും, എന്നാല്‍ ഇവിടെ എല്ലാവരും ബഹുമാനിക്കുന്ന ഒന്നാണ് മറ്റുള്ളവരുടെ സ്വകാര്യത. അപ്പുറത്തെ വീട്ടില്‍ ആരൊക്കെ വരുന്നു, എന്തിനു വരുന്നു, എന്നൊന്നും ഒരുകാരണവശാലും നിങ്ങള്‍ അന്വേഷിക്കാന്‍ പാടില്ല. അതുപോലെ തന്നെ അവര്‍ നിങ്ങളുടെ കാര്യത്തിലും ഇടപെടാന്‍ വരില്ല.  എന്തിനേറെ പറയുന്നു, നിങ്ങളുടെ രോഗ വിവരങ്ങള്‍ സൂക്ഷിച്ച് വെക്കണമെങ്കില്‍ (medical records) ആശുപത്രികള്‍ക്ക് നിങ്ങള്‍ അനുമതിപത്രം ഒപ്പിട്ടുകൊടുക്കണം.

4. അഡ്രെസ്സ് 

എവിടെയെങ്കിലും എത്തിപെടുക എന്നത് യു.കെ-യില്‍ വളരെ എളുപ്പമുള്ള ഒരു സംഗതിയാണ്. വീട്ടു നമ്പരും  പോസ്റ്റ്‌ കോഡും അറിഞ്ഞിരുന്നാല്‍ മതി. (ഉദാ. യു.കെ-യില്‍ എവിടെ നിന്നും 5, CV3 5QQ എന്നൊരു അഡ്രസ്‌ പറഞ്ഞാല്‍ ടാക്സി-ക്കാരന്‍ നിങ്ങളെ കൃത്യമായിട്ട് ആ വീടിന്‍റെ മുന്‍പില്‍ ഇറക്കിത്തരും. ഇത് നിങ്ങള്‍ വെറുതെ ഗൂഗിള്‍ മാപ്സ്-ല്‍ അടിച്ചു കൊടുത്താലും ആ വീട് കാണാന്‍ പറ്റും.)

5. Snow 

ഇങ്ങോട്ട് കെട്ടിയെടുക്കുന്ന (ഞാനുള്‍പ്പടെ)  എല്ലാ അവന്മാരുടെയും ഒരാഗ്രഹമാണ് മഞ്ഞില്‍ കിടന്ന് അര്‍മാദിക്കുക, എന്നിട്ട് അതിന്‍റെ പടമെടുത്ത് ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക്-കളിലും പോസ്റ്റുക എന്നുള്ളത്. അതിപ്പോ നിങ്ങള്‍ സൗകര്യം പോലെ എന്താണെന്ന് വെച്ചാല്‍ ചെയ്തോ, പക്ഷെ മഞ്ഞു പെയ്ത് രണ്ടാമത്തെ ദിവസം മുതല്‍ നടക്കുമ്പോഴും വാഹനമോടിക്കുമ്പോഴും ശ്രെദ്ധിക്കുക, തെന്നാന്‍ വളരെ സാധ്യതയുണ്ട് (black ice) . ഏറ്റവും കൂടുതല്‍ ആളുകള്‍ കൈയൊടിഞ്ഞും കാലൊടിഞ്ഞും ആശുപത്രിയില്‍ എത്തുന്ന ടൈം ആണിത്. അതുകൊണ്ട് സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട.

ഇത്രയൊക്കെ പറഞ്ഞിട്ടും യു.കെ-യുടെ രണ്ടു കുറ്റം പറഞ്ഞില്ലെങ്കില്‍ ഞാനൊരു മൂരാച്ചിയാണെന്ന് നിങ്ങള്‍ പറയും.!

(a) ഇവിടെ കാര്‍ മേടിക്കുന്നതിനെക്കാള്‍ കാശാവും അതിന്‍റെ ഇന്‍ഷുറന്‍സ് എടുക്കാന്‍.,. അത് മാത്രമല്ല, ഇന്‍ഷുറന്‍സ് എടുക്കുന്നത് ഉടമസ്ഥനാണ്. അതായത് എനിക്ക് നിങ്ങളുടെ കാര്‍ ഓടിക്കണമെങ്കില്‍ എനിക്ക് വേറെ ഇന്‍ഷുറന്‍സ് എടുക്കണം (ഇതൊക്കെ ഏതവന്‍ ഉണ്ടാക്കിയ നിയമമാണോ എന്തോ.!!!)

Bodhodhayam blog(b) പോലീസ് - കാര്യം എല്ലാവരുടേയും അരക്കെട്ടില്‍ തോക്കും പിച്ചാത്തിയുമൊക്കെ കാണും. സഞ്ചരിക്കുന്നത് നാലഞ്ചു ബീക്കണൊക്കെ പിടിപ്പിച്ച  അടിപൊളി കാറുകളിലും ബൈക്കുകളിലും ആയിരിക്കും . പക്ഷെ ഒരു കുറ്റകൃത്യം നടന്നുകഴിഞ്ഞാല്‍ അത് തെളിയിക്കുന്ന കാര്യത്തില്‍ കേരള പോലീസിന്‍റെ ഏഴയലത്ത് വരില്ല ഇവന്മാര്‍ (ഇത് ഞാന്‍ തമാശക്ക് പറഞ്ഞതല്ല.)

(c) മെഡിക്കല്‍ സമ്പ്രദായം - എല്ലാവരുടേയും ഒരു വിചാരമുണ്ട്, യു.കെ എന്ന് പറഞ്ഞാല്‍ ലോകത്തെ ഏറ്റവും നല്ല ആശുപത്രികള്‍ ഉള്ള ഒരു രാജ്യമാണെന്ന്. കാര്യമൊക്കെ ശെരിയാണ്, പക്ഷെ, നിങ്ങള്‍ ഒരാവശ്യത്തിന് (ഉദാ. കൈ ഒടിഞ്ഞു) ആശുപത്രിയില്‍ പോയാല്‍, appointment എടുക്കണം. ചിലപ്പോള്‍ ഡോക്ടറുടെ സ്ലോട്ട് കിട്ടുന്നത് രണ്ടു ദിവസം കഴിഞ്ഞായിരിക്കും.! അതോടെ അവന്‍റെ കാര്യം ഒരു തീരുമാനമാവും.

(P.S ഓണ്‍സൈറ്റ് കാര്യങ്ങളില്‍ എന്നേക്കാള്‍ വിവരമുള്ള വളരെപ്പേര്‍ ഇത് വായിക്കുന്നുണ്ടാവും. എന്തെങ്കിലും തെറ്റ് കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കാന്‍ അപേക്ഷ)