Sunday, 25 November 2012

ഐ.ടി മേഖലിയിലെക്കുള്ള ആദ്യത്തെ കാല്‍വെയ്പ്

ഏകദേശം നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞങ്ങള്‍ ആദ്യമായിട്ട് ഒരു ഐ.ടി കമ്പനിയുടെ പടി കയറുന്നത് (പടി കയറി എന്നത് ഒരാവേശത്തില്‍ പറഞ്ഞതാണ്‌ലിഫ്റ്റാണ് ഉപയോഗിച്ചിരുന്നത്). എല്ലാവരും കോളേജില്‍നിന്ന്‌ ക്യാമ്പസ്‌ റിക്രൂട്ട്മെന്‍റ് വഴി വന്നതാണ്. എല്ലാ ഐ.ടി കമ്പനികളിലേയും പോലെ ഞങ്ങള്‍ക്കും ആദ്യത്തെ കുറച്ചു മാസങ്ങള്‍ ട്രെയിനിംഗ് ആയിരുന്നു. അന്നെപ്പോഴോ ഒരു തമാശക്കുവേണ്ടി നോട്ട്ബുക്കില്‍ കുറിച്ച കാര്യങ്ങള്‍ അതേപടി ഇവിടെ ചേര്‍ക്കുന്നു. 

ടെക്ക്നോപാര്‍ക്ക് മുഖ്യകവാടത്തില്‍ നിന്ന് ഒരു ഫര്‍ലോങ് കിഴക്കുമാറി സ്ഥിതിചെയ്യുന്ന ****** എന്ന ബഹുരാഷ്ട്ര കമ്പനിയില്‍ അതിക്രൂരവും പൈശാചികവും നിക്രുഷ്ടവുമായ രീതില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിപ്പിക്കപെട്ട ഒരുപറ്റം ബിരുദധാരികളുടെ ഹൃദയത്തില്‍ നിന്നുള്ള  ഒരു തുറന്ന കത്ത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുന്നതിന്,

ആദ്യമേ തന്നെ നാല് വര്‍ഷങ്ങള്‍ മന്ത്രിസഭയില്‍ അടിച്ചുപൊളിച്ച സഖാവിന് ഭാവുകങ്ങള്‍.. ഞങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ പറ്റിയാല്‍ അത് അങ്ങേക്ക് ഒരു പൊന്‍ തൂവലായിരിക്കും എന്നകാര്യത്തില്‍ ഒരു സംശയവുമില്ല.

സര്‍, കൊല്ലവര്‍ഷം 1126-)o ആണ്ട് മേടമാസത്തിലാണ് ഞങ്ങള്‍ ഇവിടെ ചേര്‍ന്നത്‌.... അന്ന് തൊട്ട് ഇന്നുവരെ സമാധാനമെന്തെന്നു ഞങ്ങള്‍ അറിഞ്ഞിട്ടില്ല, ഇനിയൊട്ടു അതുണ്ടാവുമെന്നു തോന്നുന്നുമില്ല! അറിഞ്ഞോ അറിയാതയോ രണ്ടു വര്‍ഷത്തെ തൊഴില്‍ കരാറില്‍ ഞങ്ങള്‍ ഒപ്പിട്ടുപോയി. അതുകൊണ്ട് ഞങ്ങള്‍ക്ക് ഇവിടെ നിന്ന് സ്വമനസാലെ പിരിഞ്ഞുപോകുക സാധ്യമല്ല.

Bodhodhayam blog - ബോധോദയം


ഇവിടെ ഞങ്ങള്‍ക്ക് ഇപ്പോള്‍ പരിശീലനകാലമാണ്. ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം ഒരു മേസ്തരിക്ക് കിട്ടുന്ന കൂലിയേക്കാള്‍ കുറവാണെന്ന കാര്യം വ്യസന സമേതം അറിയിക്കുന്നു. ഞങ്ങളുടെ ആനുകൂല്യങ്ങള്‍ എടുത്തുകളയുകയും ചെയ്തു. ഞങ്ങളുടെ പരിശീലനം പുലര്‍ച്ചെ 9.30ന് ആരംഭിക്കും . ഇടവേള 10.30 എന്ന് പറഞ്ഞിട്ട് അത് 11 മണിക്കാണ് തരുന്നത്. അപ്പോള്‍ അവര്‍ തരുന്നതാവട്ടെ ഒരു കാലിച്ചായ.! വൈകുന്നേരം 6.30 വരെ പരിശീലനമുണ്ട് . അതുകഴിഞ്ഞ് ഞങ്ങള്‍ക്ക് ഗ്രഹപാഠം തരും. അത്താഴം കഴിച്ച കാലം മറന്നു. അങ്ങ് വിശ്വസിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ വീട്ടില്‍ പോകുന്നത് രാത്രി 12 മണി കഴിഞ്ഞാണ്. 

ഇക്കഴിഞ്ഞ 21-)o തിയതി , ഒരു മുന്നറിയിപ്പും കൂടാതെ ഞങ്ങളുടെ പരിശീലനം രണ്ടു മാസത്തേക്ക് നീട്ടിവെച്ചു. ഇപ്പോള്‍ വന്നിരിക്കുന്ന മാഷ്‌ ഞങ്ങളെക്കൊണ്ട് നക്ഷത്രമെണ്ണിക്കുകയാണ്* ( ഇതുവരെ ഏതാണ്ട് 140-ഓളം നക്ഷത്രങ്ങള്‍ എണ്ണിക്കഴിഞ്ഞു. ) അദ്ദേഹം പ്രയോഗിക്കുന്ന പല ആംഗലേയ പദങ്ങളും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. അതുകൊണ്ട് പരിശീലനകാലത്തെ വിനിമയ മാധ്യമം മലയാളമാക്കാന്‍ നിയമനിര്‍മ്മാണം നടത്തണം. 

ഏറ്റവും വിഷമകരമായ കാര്യം, ഇതൊക്കെ നടക്കുന്നത് ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്താണ് എന്നുള്ളതാണ്. മരണത്തെ ഞങ്ങള്‍ക്  ഭയമില്ല, എങ്കിലും സഖാവേ, ജീവിക്കാന്‍ ഞങ്ങള്‍ക്കുമില്ലേ അവകാശം.?
(ഈ കത്തിന്മേല്‍ മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ.)

*എണ്ണിയ നക്ഷത്രങ്ങളില്‍ ചിലത് ഇവിടെ കുറിക്കുന്നു:
1. Debugger
2. Compiler
3. LsPCi
4. LsUSB (ഗുണങ്ങള്‍ ഇതുവരെ തിട്ടപെടുതിയിട്ടില്ല.)
5. U-boot (ഏറ്റവും പുതിയ നക്ഷത്രം) 

ഐ.ടി മേഖലയുടെ സമഗ്ര വികസനത്തിനുതകുന്ന ചില നിര്‍ദ്ദേശങ്ങള്‍:

1.  കഴക്കൂട്ടം വഴി കടന്നുപോകുന്നതും അല്ലാത്തതുമായ എല്ലാ ട്രെയിനുകള്‍കള്‍ക്കും ഇവിടെ സ്റ്റോപ്പ്‌ അനുവദിക്കുക.
2.  കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന് അന്താരാഷ്ട്ര പദവി നല്‍കുക
3.  ഐ.ടി മേഖലയില്‍ പണിയെടുക്കുന്നവര്‍ക്കായി പ്രത്യേക പാക്കേജ്‌ നടപ്പാക്കുക.
4.  ടെക്ക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും 'താങ്ങുവില' പ്രഖ്യാപിക്കുക
5.  ഉച്ചയൂണിനു മീന്‍ കഴിക്കുന്നവര്‍ക്ക് സബ്സിഡി നല്‍കുക
6.  28 വയസില്‍ താഴെയുള്ള ഐ.ടി പ്രോഫെഷണല്‍സ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിക്കുക.
7.  ഒരേ റാങ്ക് ഉള്ളവര്‍ക്ക് ഒരേ ശമ്പളമാക്കുക
8.  Second Saturday എന്നുള്ളത് വെള്ളിയാഴ്ച ആക്കുക (കാരണം ശനിയാഴ്ച ഞങ്ങള്‍ക്ക് എന്തായാലും അവധി ആണ്.)
9.  ഒരു ദിവസം 24 മണിക്കൂര്‍ എന്നുള്ളത് 30 മണിക്കൂര്‍ ആയി കൂട്ടണം (പകല്‍ 12 മണിക്കൂര്, രാത്രി 18 മണിക്കൂര്‍),)
10. വൈകുന്നേരം 6 മണിക്ക് ശേഷം പ്രവര്‍ത്തിക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുക
11. ഐ.ടി മേഖലയില്‍നിന്നു പിരിച്ചുവിടുന്നവര്‍ക്കായി പെന്‍ഷന്‍ ഏര്‍പെടുത്തുക.
12. ഇടവേളകളില്‍ ചായയും പരിപ്പുവടയും നിര്‍ബന്ധമാക്കുക

ലാല്‍ സലാം സഖാവേ..!