ആദ്യത്തെ ഓണ്‍-സൈറ്റ് യാത്രയാണ്, നെല്ലാട്ടുപാറ ഭഗവതി കാത്തോളണേ എന്നും പറഞ്ഞു എമിറേറ്റ്സിന്‍റെ വിമാനത്തിലേക്ക് കാലെടുത്തുവെച്ചു. സ്കൂളില്‍ പഠിച്ച 'ബെര്‍നോളിസ് പ്രിന്‍സിപ്പള്' (ങാ, അങ്ങനെ ഒരു സംഭവമുണ്ട്, ദൈവത്തെ ഓര്‍ത്ത് അതെന്താണെന്ന് എന്നോട് ചോദിക്കരുത്. അറിയാന്മേലാത്തവന്മാര്‍ ഗൂഗിള്‍ എടുത്ത് നോക്കിക്കോളണം.) നേരിട്ടു കാണാനായി വിമാനത്തിന്‍റെ ചിറകിന്‍റെ പിന്നിലുള്ള വിന്‍ഡോ സീറ്റാണ് ബുക്ക് ചെയ്തത്. (എല്ലാം കമ്പനി ചെലവിലായതുകൊണ്ട് എന്ത് തോന്ന്യാസവും ആവലോ അല്ലെ!). കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്ന് കുറച്ചു വെള്ളമെടുത്ത് കുടിച്ചു സ്വസ്ഥാമായ് സീറ്റിലിരുന്നു . 50മില്ലി.ക്ക് മുകളിലുള്ള ദ്രാവകമൊന്നും പുറത്തുനിന്നു കൊണ്ടുവാരന്‍ പറ്റാത്തകൊണ്ട്, രൂഫാ അമ്പതു കൊടുത്തിട്ടാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ഈ ചെറിയകുപ്പി വെള്ളം ഞാന്‍ മേടിച്ചത്. അവന്മാരുടെ ഒരു കോപ്പിലെ നിയമം. ത്ഫൂ...തള്ളേ കലിപ്പ് തീരണില്ലല്ല..
ഫ്രണ്ട് സീറ്റിന്‍റെ ബാക്ക് പോക്കെറ്റില്‍ നിന്ന്, വിമാനം എമര്‍ജന്‍സി ലാന്‍ഡിങ്ങ് നടത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങളും ഓടേണ്ട വഴികളും ഒക്കെയുള്ള പേപ്പര്‍ കഷണം എടുത്തു ചുമ്മാ മറിച്ചുനോക്കി. കരയിലാണ് വീഴുന്നതെങ്കില്‍ ഒന്നും പേടിക്കേണ്ട, ഇറങ്ങി ഓടിയാല്‍ മതി (ജീവനുണ്ടെങ്കില്‍,!). അതല്ല, പൈലറ്റ് വിമാനം വല്ല കടലിലോ കായലിലോ ആണ് ഇറക്കുന്നതെങ്കില്‍ മോനെ സൈമാ, പണി പാളി എന്നോര്‍ത്താല്‍ മതി. സീറ്റിനടിയിലുള്ള ജക്കെറ്റ് ഒക്കെ ഇട്ടു ചാടിക്കോളുക. വല്ല കൊമ്പന്‍ സ്രാവോ മറ്റോ പിടിച്ചില്ലെങ്കില്‍ ആരെങ്കിലും വന്നു രക്ഷിച്ചോളും. അല്ല ഇപ്പൊ എന്തായാലും നുമ്മക്ക് പ്രശ്നമില്ല, കോടികളുടെ ഇന്‍ഷുറന്‍സാണ് കമ്പനി എടുത്തു തന്നിരിക്കുന്നത്, അതും പോരാഞ്ഞിട്ട് വിമാനകമ്പനിയുടെ വക പിന്നേം കോടികള്‍ കിട്ടും. ഇതാണ് പറയുന്നത് തട്ടിപോവാണെങ്കില്‍ വിമാനത്തില്‍ വെച്ച് പോണം, അതാവുമ്പോള്‍ വീട്ടുകാര്‍ക്കെങ്കിലും ഉപകാരപ്പെടും എന്നോര്‍ത്ത് ആ പേപ്പര്‍ കഷണം അവിടെത്തന്നെ വെച്ചു .
എന്‍റെ സൈഡ് സീറ്റ് അപ്പോഴും ഒഴിഞ്ഞു കിടന്നു. ദുബായ് വരെ ഈ എയര്‍ ഹോസ്റ്റസുമാരെയും വായ് നോക്കി ബോറടിച്ചിരിക്കണമല്ലോ (എമിറേറ്റ്സ്സില്‍ അതൊരു ബോറടിയാണോ എന്നുള്ളത് മറ്റൊരു ചോദ്യം) എന്നൊക്കെയോര്‍ത്തു റണ്‍വേയില്‍നിന്ന് വിമാനങ്ങള്‍ പറന്നുയരുന്നതും ലാന്‍ഡ് ചെയ്യുന്നതും നോക്കിയിരുന്നു. പെട്ടെന്നാണ് ഞാന്‍ ശ്രദ്ധിച്ചത്, ഒരു പെണ്‍കുട്ടി നടന്നുവരുന്നു. പെണ്‍കുട്ടി എന്നു പറഞ്ഞാല്‍ ഒരു ശാലീന കുലീന കുങ്കന! ദൈവമേ ഇവളെങ്ങാനുമാണോ ഈ സീറ്റില്‍ ഇരിക്കാന്‍ പോകുന്നതെന്നോര്‍ത്ത് ഞാന്‍ ശ്വാസമടക്കിപിടിച്ചിരുന്നു. അവസാനം ഇത് വായിക്കുന്നവര്‍ ഭയപ്പെടുന്നപോലെ അത് സംഭവിച്ചു.! അവള്‍ എന്‍റെ അടുത്ത് വന്ന്‍ സീറ്റ് നമ്പര്‍ നോക്കി കണ്‍ഫേം ചെയ്ത് അവിടെയിരുന്നു. അടിച്ചല്ലോ മക്കളെ ലോട്ടറി എന്നും പറഞ്ഞു ഞാന്‍ അപ്പൊ തന്നെ നമ്മുടെ തേക്കുംമൂട്ടില്‍ ഫ്രണ്ട്സ് ആയ ഡിജോ, ടോണി, അജി എന്നിവര്‍ക്ക് മെസ്സേജ് അയച്ചു. ആള് മുസ്ലീമാണ്, പ്രായം എന്തായാലും 25-ല്‍ താഴെ. ഇവളെ മാമ്മോദിസ മുക്കി എന്ത് പേരിടണം, ഉണ്ടാകാന്‍ സാധ്യതയുള്ള സാമുദായിക പ്രശ്നങ്ങളെ എങ്ങനെ അതിജീവിക്കാം, എന്നൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് രസം കൊല്ലിയായ് വിമാനം പുറപ്പെടാന്‍ പോവാണെന്നുള്ള അനൌണ്‍സ്മെന്‍റ് വന്നത്.

വിമാനം റണ്‍വേയില്‍കൂടി അതിവേഗം നീങ്ങിത്തുടങ്ങി. അത് പറന്നുയരുന്ന ഓരോ ഘട്ടത്തിലും അതിന്‍റെ ചിറക് ചലിക്കുന്നത് ഒരു എഞ്ചിനീയര്‍ എന്ന നിലക്ക് എന്നെ ഹടാതാകര്‍ഷിക്കുന്ന ഒരു ഘടകമാണ്. മേഘ പാളികളെ കീറി മുറിച്ചുകൊണ്ട് വിമാനം ഉയരങ്ങള്‍ താണ്ടി. അവസാനം അവശനായി മുപ്പതിനായിരം അടി ഉയരത്തില്‍ അത് അതിന്‍റെ യാത്ര തുടര്‍ന്നു. അപ്പോള്‍ താഴേക്കു നോക്കിയാല്‍ കാണാന്‍ പറ്റുന്നത് മേഘത്തെ പുതച്ചു നാണിച്ചു നില്‍ക്കുന്ന ഭൂമിയെയാണ്.
പിന്നെ ഒരു നിമിഷം പോലും താമസിച്ചില്ല, ബാച്ച്ലെര്‍സിന്‍റെ സ്ഥിരം പരിപാടി തുടങ്ങി.
"മലയാളി ആണല്ലോ അല്ലെ..?"
(ഒരു ചെറു ചിരിയോടുകൂടി മറുപടി വന്നു) "അതെ"
"ഞാന്‍ ജോര്‍ജ്, യു.കെ. യിലേക്ക് പോകുന്നു. എന്താ പേര്..?"
"ഷെറിന്‍, MBBS പഠിക്കുന്നു "
"(ആഹ, നല്ല പേര്) ദുബൈയില്‍ ചുമ്മാ വിസിറ്റിംഗിന് പോവാണോ അതോ പേരന്‍റ്സിനെ കാണാന്‍,..?"
"അല്ല, ഞാന്‍ എന്‍റെ ഹസ്‌ബന്‍റിന്‍റെ അടുത്തുപോവാണ്"
ഹസ്ബന്‍റോ...!! ചതിച്ചല്ലോ ദൈവമേ.. ഇതിലുംഭേതം നിനക്കെന്നെയങ്ങു കൊന്നേക്കാന്‍ മേലയിരുന്നോടി എന്ന് പറയണമെന്നുണ്ടായിരുന്നു, എന്തോ പറഞ്ഞില്ല. അല്ലെങ്കിലും ഭാഗ്യമില്ലത്തവന്‍ തല മൊട്ടയടിക്കുമ്പോള്‍ അന്നു കല്ലുമഴ പെയ്യുമെന്നണല്ലോ പഴമക്കാര് പറയുന്നത്. ങാ, പോട്ടെ പുല്ല് എന്നും പറഞ്ഞ് പതുക്കെ ടി.വി ഓണ്‍ ചെയ്യാമെന്ന് വെച്ചു. അവിടേം ടെസ്പ്, ഹെഡ്ഫോണ്‍ കുത്താനുള്ള സോക്കെറ്റ് കാണുന്നില്ല. തേക്കുംമൂട്ടിലുകാര്‍ക്ക് അഭിമാനമാണ് വലുത് എന്ന് ഞങ്ങടെ ആശാന്‍ ബി.കെ. ആര്‍. ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അതും പോരാഞ്ഞിട്ട് പഠിച്ചതും പണിയെടുക്കുന്നതും എല്ലാം ഈ ഫീല്‍ഡില്‍, അതുകൊണ്ട് അവളോടൊട്ടു ചോദിക്കാനും മനസ് വരുന്നില്ല. അവസാനം ക്ഷമ നശിച്ചു പതുക്കെ ചോദിച്ചു. അവളിതിനു മുന്‍പ് ഒരു തവണ യാത്ര ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് ചോദിച്ചത്. പക്ഷെ അവള്‍ക്കും പിടിത്തമില്ല. ഇതുപോലും ഓര്‍ത്തിരിക്കാത്ത ഇവളോക്കെയെങ്ങനെയാണോ MBBS പാസ്സാവുന്നത് എന്നും പറഞ്ഞു രണ്ടു പേരുംകൂടി സ്ക്രീനിന്‍റെ സൈഡ് മൊത്തം അരിച്ചു പെറുക്കി. പക്ഷെ നോ രക്ഷ. അത് കണ്ടിട്ടാണോ എന്തോ അപ്പുറത്തിരുന്ന ഒരു മദാമ്മ ചൂണ്ടികാണിച്ചു തന്നു, അതിന്‍റെ സോക്കെറ്റ് കൈ വെക്കുന്നിടത്താണെന്ന്.

കുറച്ചു കഴിഞ്ഞപ്പോള്‍ എയര്‍ ഹോസ്റ്റസുമാര് ഫുഡ് കൊണ്ടുവന്നിട്ട് അവളോട് എന്തോ ചോദിച്ചു, അവള് തിരിച്ചും എന്തോ പറഞ്ഞു.
അടുത്തത് എന്നോടും അവര് ചോദിച്ചു.
"hai, xcdse mkcffre plikkcdvqa plmlbzawzz..?"
"ദൈവമേ ഇത് അറബിയോ ഇംഗ്ലീഷോ..?.ഞാന്‍ പിന്നെ ജാടയ്ക്കു അവളുടെ നേരെ കൈ ചൂണ്ടി പറഞ്ഞു - ഇവള് പറഞ്ഞത് തന്നെ എനിക്കും മതി."
അതും പറഞ്ഞു അവരങ്ങ് പോയി.
"അതെന്താടോ അവര് നമുക്ക് ഫുഡ് സെര്‍വ് ചെയ്യാത്തത്..? നമ്മള്‍ പറഞ്ഞത് അവര്‍ക്കിഷ്ടപെട്ടില്ലേ..?"
"അയ്യോ എയര്‍ സിക്ക്നെസ്സ് ഉള്ള കാരണം എനിക്ക് ഫുഡ് വേണ്ട എന്നാ പറഞ്ഞേ..ജോര്‍ജ്ജും വേണ്ട എന്നല്ലേ പറഞ്ഞേ... എന്ത് പറ്റി..?"
(എടി കണ്ണില്‍ ചോരയില്ലാത്തവളെ... നിനക്കതു നേരത്തെ പറഞ്ഞൂടായിരുന്നോ..? രാവിലെ ഒരു കാലിച്ചായ മാത്രമാണ് കുടിച്ചത്.)
" ഹേയ്, എനിക്കും നല്ല വിശപ്പില്ല, ഞാന്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് ഫുഡ് കഴിച്ചിട്ടാണ് കയറിയത്."
അരീം മൂഞ്ചി മണ്ണെണ്ണെ൦ മൂഞ്ചി എന്നും പറഞ്ഞ് ചെകുത്താനേം പ്രാര്‍ത്ഥിച്ചു കിടന്നുറങ്ങി .
(ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണിലിരുന്ന് ഷെറിന്‍ എന്നെങ്കിലും ഇത് വായിക്കുമെന്നും, ഭര്‍ത്താവിനെയും ഡൈവേര്‍സ് ചെയ്ത് എന്നേം തേടി വരുമെന്ന പ്രതീക്ഷയോടെ..!)