Monday, 21 January 2013

ഓണ്‍സൈറ്റ് എഞ്ചുവടി

(തലക്കെട്ട്‌ പ്രത്യേകം ശ്രദ്ധിക്കുക, ഇതൊരു എഞ്ചുവടി-യാണ്, എന്‍സൈക്ളോപീഡിയ അല്ല)

ആദ്യമായിട്ട് ഓണ്‍സൈറ്റ് (യു.കെ) പോകുന്ന ടെക്കികള്‍ക്ക് വേണ്ടി, ഒണ്‍സൈറ്റ് ലൈഫ് മടുത്തിരിക്കുന്ന മറ്റൊരു ടെക്കി എഴുതുന്ന എഞ്ചുവടി (ടെക്കികള്‍ എന്ന് എടുത്തു പറഞ്ഞിട്ടുണ്ടെങ്കിലും നേഴ്സ്-മാര്‍, വിദേശ പഠനത്തിനു പോകുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും ഇതില്‍ പലതും ഉപയോഗപ്പെട്ടേക്കാം).

യു.കെ - ചെറിയൊരു ആമുഖം.

യുണൈറ്റഡ് കിംഗ്ടം എന്നു പറയുന്നത് ഇംഗ്ലണ്ട്, വേയില്‍സ്, സ്കോട്ട്ലന്‍ഡ്‌, വടക്കന്‍ അയര്‍ലണ്ട് എന്നീ നാല് ഭൂവിഭാഗങ്ങള്‍ ചേരുന്നതാണ്. തലസ്ഥാനം ലണ്ടന്‍ സിറ്റി. ദേശിയ പതാക അറിയപ്പെടുന്നത് 'യൂണിയന്‍ ജാക്ക്' എന്നാണ്. ഇപ്പറഞ്ഞ യു.കെ-യുടെ ഫ്ലാഗ് ഡിസൈന്‍ ചെയ്തിരിക്കുന്നത് മുകളില്‍ പറഞ്ഞിട്ടുള്ള രാജ്യങ്ങളുടെ ഫ്ലാഗുകളില്‍ നിന്നാണെന്ന് അധികം ആരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ്. (കൂടുതല്‍ വിവരങ്ങള്‍ക്ക് Evolution of UK flag എന്ന് ഗൂഗിളില്‍ തപ്പി നോക്കുക) . ദേശിയഗാനം രാജ്യത്തെയല്ല, മറിച്ച് രാജ്ഞിയെയാണ് (God save the Queen) വാഴ്ത്തുന്നത്. കറന്‍സി പൌണ്ട് (1GBP = Rs. 85 on Jan 2013). ഫ്ലാഗിന്‍റെ കാര്യത്തിലെപ്പോലെ ഒരു പൌണ്ടില്‍ താഴെയുള്ള നാണയങ്ങള്‍ അടുക്കിവെച്ചാല്‍ മറ്റൊരു രസം കാണാം. അതും അങ്ങനെയാരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ്. അതെന്താണെന്ന് നിങ്ങള്‍ സമയം പോലെ (താല്പര്യമുണ്ടെങ്കില്‍),) കണ്ടുപിടിച്ചോളുക.

ഇവിടെ വരുന്നവര്‍ ഇംഗ്ലീഷ് ഫ്ലുവന്റ്റായിട്ട് പറയാന്‍  അറിഞ്ഞിരിക്കണമെന്ന്  യാതൊരു നിര്‍ബന്ധവുമില്ല.  കാരണം നമ്മള്‍ എത്ര ഫ്ലുവെന്റ്റ്  ആയി പറഞ്ഞാലും ഇവന്‍മാര്‍ക്ക് നമ്മുടെ ആ ഒരു 'ആക്സെന്റ്റ്' പിടികിട്ടാന്‍ കുറച്ചു നാള് പിടിക്കും. അതുപോലെ തന്നെ, കുറച്ചുനാളത്തേക്ക് ഇവര്‍ പറയുന്നത് നമുക്കു ഒരു കിണ്ടിയും പിടികിട്ടില്ല (നിങ്ങള്‍ എത്ര IELTS പാസ്സായിട്ട് വന്നാലും!). 

1. ഡ്രൈവിംഗ് 

Bodhodhayam blog ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള ഏതൊരാള്‍ക്കും ആദ്യത്തെ ഒരു വര്‍ഷം അതുപയോഗിച്ച് ഇവിടെ വാഹനമോടിക്കവുന്നതാണ്. പക്ഷെ റോഡില്‍ വാഹനമിറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില മിനിമം കാര്യങ്ങളുണ്ട്, അവ താഴെ ചേര്‍ക്കുന്നു.

(a) എന്നും രാവിലെ കാര്‍ എടുക്കുമ്പോള്‍ "ഈ റോഡ്‌ എന്‍റെ ബാപ്പ എനിക്ക് വേണ്ടി മാത്രം പണിതുതന്നേക്കുന്നതല്ല, എല്ലാവര്‍ക്കും റോഡില്‍ തുല്യ അവകാശമാണ്" എന്ന് മനസ്സില്‍ ഒരു പത്തു തവണ പറയുക.

(b) നിങ്ങള്‍ എത്ര അത്യാവശ്യപ്പെട്ട് വായു ഗുളിക മേടിക്കാന്‍ പോവുകയാണെങ്കിലും, നിയമങ്ങള്‍ പാലിച്ചേ ഇവിടെ വാഹനമോടിക്കാന്‍ പറ്റൂ, അതിപ്പോ എത്ര വലിയ രാജാവാണെങ്കിലും ശരി (അതിന്‍റെ കാരണം (a))

(c) റോഡില്‍ പ്രയോരിറ്റി കാല്‍നടയാത്രക്കാര്‍ക്കും , സൈക്കിള്‍ യാത്രക്കാര്‍ക്കുമാണ്. കിലോമീറ്ററുകള്‍ റോഡില്‍ ക്യൂ ഉണ്ടെങ്കിലും ശരി, സൈക്കിള്‍ ഓടിക്കുന്നവന്‍ സൈഡ് തന്നാല്‍ മാത്രമേ മറ്റു വാഹനങ്ങള്‍ക്ക് ഓവര്‍ ടേക്ക് ചെയ്യാന്‍ അവകാശമുള്ളൂ. അതുപോലെ തന്നെ, സീബ്ര ക്രോസ്സിങ്ങില്‍ ഒരു കാല്‍നട യാത്രക്കാരന്‍ ചുമ്മാ ആകാശത്തേക്ക് നോക്കി നിന്നാലും വാഹനം നിര്‍ത്തികൊടുക്കണം എന്നാണ് ചട്ടം.

(d) ഇവിടെ ഹോണ്‍ മുഴക്കുക എന്നുള്ളത് തന്തക്കു വിളിക്കുന്നതിനു സമമാണ്. അതുകൊണ്ട് ഗത്യന്തിരമില്ലാത്ത സമയത്ത് മാത്രമേ ആള്‍ക്കാര്‍ ഹോണ്‍ അടിക്കൂ (എന്നുവച്ചാല്‍, മാസത്തില്‍ ഒരു രണ്ടു തവണ ഹോണ്‍ അടി കേട്ടാല്‍, നിങ്ങളുടെ ഡ്രൈവിംഗ് ശരിയല്ല എന്ന് മനസിലാക്കണം.)

(e) കാര്‍ ഓടിച്ചു തുടങ്ങുന്നതിനു മുന്‍പ് റൌണ്ട് എബൌട്ട്‌ , സ്പീഡ് ലിമിറ്റ്, മോട്ടോര്‍വേ നിയമങ്ങള്‍ എന്നിവ പഠിച്ചിരുന്നാല്‍ വളരെ നന്നായിരിക്കും (ഇവിടെ അപകടങ്ങള്‍ വളരെ കുറവാണ്, പക്ഷെ ഉണ്ടായാല്‍ മിനിമം ഒരു പത്തു മുപ്പതു കാറെങ്കിലും കൂട്ടിയിടിച്ചിരിക്കും)

2. ഓഫീസ് മര്യാദകള്‍

(a) മൊബൈല്‍ ഫോണ്‍ വിളി കഴിവതും ഒഴിവാക്കുക (എന്തെങ്കിലും ഓഫീസ് ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ തന്നിട്ടുള്ള ഡെസ്ക് ഫോണ്‍ ഉപയോഗിക്കുക)

(b) എന്തൊക്കെ പണികള്‍ തീരാനുണ്ടെങ്കിലും കൃത്യം അഞ്ചു മണിയാകുമ്പോള്‍ നിങ്ങള്‍ക്ക് ഓഫീസില്‍ നിന്നിറങ്ങാം. ആറുമണിക്ക് ശേഷം അല്ലെങ്കില്‍ അവധി ദിവസങ്ങളില്‍ ഓഫീസില്‍ ഇരിക്കണമെങ്കില്‍ മാനേജര്‍--- മാരുടെ പ്രത്യേക അനുമതി വേണം..!! (ആഹ, എന്തു നല്ല ആചാരങ്ങള്‍ അല്ലെ..?!!)

(c) വര്‍ഷത്തില്‍ നിങ്ങള്‍ക്കനുവദിച്ചു തന്നിട്ടുള്ള ലീവ് നിര്‍ബന്ധമായിട്ടും എടുത്തു തീര്‍ത്തിരിക്കണം!

Bodhodhayam blog (d) മീറ്റിങ്ങിന്‍റെ സമയത്ത് എല്ലാവരും  ഇരുന്നു ചിരിക്കുവണെങ്കില്‍ , മിക്കവാറും ആരെങ്കിലും ഒരു താമാശ പറഞ്ഞതായിരിക്കും എന്ന് അനുമാനിക്കുക . മനസിലായാലും ഇല്ലെങ്കിലും  "ഭേലെ ഭേഷ്" എന്നൊക്കെ പറഞ്ഞ് നിങ്ങളും ചുമ്മാ ഇളിച്ചു കാണിച്ചേക്കുക. പറഞ്ഞത് മനസിലായില്ല എന്നോര്‍ത്ത് പേടിക്കേണ്ട കാര്യമില്ല, അതൊരു ശീലമായിക്കോളും. (എന്ന് പറഞ്ഞാല്‍ പിന്നീടുള്ള ഒരു മീറ്റിങ്ങുകളിലും അവര്‍ പറയുന്ന തമാശകള്‍ നിങ്ങള്‍ക്ക് മനസിലാവില്ല!!)

3. പൊതു മര്യാദകള്‍

(a) താഴെ കൊടുത്തിരിക്കുന്ന വാക്കുകളുടെ അര്‍ത്ഥവും ആഴവും പഠിച്ചിരിക്കുക.

Thanks
Cheers
You allright?
Please
Excuse me
Sorry

നിങ്ങള്‍ എയര്‍പോര്‍ട്ടില്‍ കാലുകുത്തുന്നത് മുതല്‍, പറയുന്ന 95% വാക്യങ്ങളിലും ഇതിലേതെങ്കിലും ഒന്ന് നിര്‍ബന്ധമായി ഉപയോഗിച്ചിരിക്കണം. ഇല്ലെങ്കില്‍ നിങ്ങളെ എല്ലാവരും ഒരു ധിക്കാരിയും അഹങ്കാരിയുമായിട്ട് കണക്കാക്കും.  ഇനി അങ്ങനെ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് ഒരു 50 പ്രാവശ്യം ഇത് മനസ്സില്‍ ഉരുവിടുക.

(b) എല്ലാവരും നിങ്ങളോട് വളരെ സൗമ്യമായിട്ടും മര്യാദയായിട്ടുമേ പെരുമാറുകയുള്ളൂ.  തിരിച്ച് അങ്ങനെ തന്നെ പെരുമാറാന്‍ നിങ്ങളും ബാദ്ധ്യസ്ഥരാണ്.

(c) എത്ര വലിയ തിരക്കുണ്ടെങ്കിലും ബസിലോ ട്രെയിനിലോ കയറുവാന്‍ ക്യൂ പാലിക്കുക. കാരണം നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നവന്‍ ചെരക്കാന്‍ നിക്കുവല്ല.

(d) യു.കെ-യില്‍ ജാതി/മത/വര്‍ഗ്ഗ/വര്‍ണ്ണ/ലിംഗ വ്യത്യാസങ്ങള്‍ വെച്ച് ഒരാളെ കളിയാക്കുകയോ തരംതാഴ്ത്തി കാണുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. (നാട്ടിലുള്ളതുപോലെ ഈ വ്യത്യാസങ്ങള്‍ വെച്ച് യാതൊരുവിധ പരിഗണനയും/റിസര്‍വേഷനും ഇല്ല - ഭാഗ്യം!)

(f) ഏതെങ്കിലും വാഹനത്തില്‍ സീറ്റ് ബെല്‍റ്റ്‌ ഇടാനോ മറ്റു നിര്‍ദേശങ്ങള്‍ കിട്ടിയാലോ അത് പാലിക്കുക.

Bodhodhayam blog(g) സാധാരണ ഗതിയില്‍ ഇവിടെ എല്ലാവരും സ്പൂണും ഫോര്‍ക്കുമൊക്കെ ഉപയോഗിച്ചായിരിക്കും ഭക്ഷണം കഴിക്കുന്നത്. അവരുടെ ഗ്രൂപ്പില്‍ ഇരിക്കുമ്പോള്‍ അതുപോലെ ചെയ്യാന്‍ നിങ്ങളും ശ്രദ്ധിക്കുക, അല്ലെങ്കില്‍ അത് അവരെ അപമാനിക്കുന്നതിന് സമമാണ്.  (ഒന്നോര്‍ത്തുനോക്കു, ഓണസദ്യ നമ്മളെല്ലാവരും നിലത്ത് ഇലയിട്ടു കഴിക്കുമ്പോള്‍ ഒരുത്തന്‍ വന്നു മേശയില്‍ പാത്രത്തില്‍ സ്പൂണ്‍ വെച്ച് കഴിക്കുന്നത്!!) പേടിക്കേണ്ട, നമ്മളുടെ ശീലം കൈ വെച്ച് കഴിക്കുകയാണെന്നുള്ള വിവരം ഇവര്‍ക്കുണ്ട്. അതുകൊണ്ട് പെര്‍ഫെക്റ്റ്‌ ആയില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ ചിക്കന്‍ മുറിക്കുമ്പോള്‍ കഷണം തെറിച്ച് വേറെ പ്ലേറ്റില്‍ വീഴാതെ നോക്കണം.

(h) 90% (ഒരു പക്ഷെ 100%) നടപ്പാതകള്‍, റെസ്റ്റോറന്റുകള്‍, ബസുകള്‍, ഷോപ്പിംഗ്‌ മാളുകള്‍ (എത്ര നിലകളുള്ളതായാലും) , ആശുപത്രികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവടങ്ങളിലെല്ലാം വീല്‍ചെയറില്‍ ഉള്ളവര്‍ക്കും പരസഹായം കൂടാതെ യാത്ര ചെയ്യാവുന്നതാണ് (ഇവിടെയുള്ളതില്‍ വച്ച് ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്ന്)

3. സ്വകാര്യത (Privacy)

(a) മലയാളികളായ നമുക്ക് തീരെ പരിചയമില്ലാത്തതും, എന്നാല്‍ ഇവിടെ എല്ലാവരും ബഹുമാനിക്കുന്ന ഒന്നാണ് മറ്റുള്ളവരുടെ സ്വകാര്യത. അപ്പുറത്തെ വീട്ടില്‍ ആരൊക്കെ വരുന്നു, എന്തിനു വരുന്നു, എന്നൊന്നും ഒരുകാരണവശാലും നിങ്ങള്‍ അന്വേഷിക്കാന്‍ പാടില്ല. അതുപോലെ തന്നെ അവര്‍ നിങ്ങളുടെ കാര്യത്തിലും ഇടപെടാന്‍ വരില്ല.  എന്തിനേറെ പറയുന്നു, നിങ്ങളുടെ രോഗ വിവരങ്ങള്‍ സൂക്ഷിച്ച് വെക്കണമെങ്കില്‍ (medical records) ആശുപത്രികള്‍ക്ക് നിങ്ങള്‍ അനുമതിപത്രം ഒപ്പിട്ടുകൊടുക്കണം.

4. അഡ്രെസ്സ് 

എവിടെയെങ്കിലും എത്തിപെടുക എന്നത് യു.കെ-യില്‍ വളരെ എളുപ്പമുള്ള ഒരു സംഗതിയാണ്. വീട്ടു നമ്പരും  പോസ്റ്റ്‌ കോഡും അറിഞ്ഞിരുന്നാല്‍ മതി. (ഉദാ. യു.കെ-യില്‍ എവിടെ നിന്നും 5, CV3 5QQ എന്നൊരു അഡ്രസ്‌ പറഞ്ഞാല്‍ ടാക്സി-ക്കാരന്‍ നിങ്ങളെ കൃത്യമായിട്ട് ആ വീടിന്‍റെ മുന്‍പില്‍ ഇറക്കിത്തരും. ഇത് നിങ്ങള്‍ വെറുതെ ഗൂഗിള്‍ മാപ്സ്-ല്‍ അടിച്ചു കൊടുത്താലും ആ വീട് കാണാന്‍ പറ്റും.)

5. Snow 

ഇങ്ങോട്ട് കെട്ടിയെടുക്കുന്ന (ഞാനുള്‍പ്പടെ)  എല്ലാ അവന്മാരുടെയും ഒരാഗ്രഹമാണ് മഞ്ഞില്‍ കിടന്ന് അര്‍മാദിക്കുക, എന്നിട്ട് അതിന്‍റെ പടമെടുത്ത് ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക്-കളിലും പോസ്റ്റുക എന്നുള്ളത്. അതിപ്പോ നിങ്ങള്‍ സൗകര്യം പോലെ എന്താണെന്ന് വെച്ചാല്‍ ചെയ്തോ, പക്ഷെ മഞ്ഞു പെയ്ത് രണ്ടാമത്തെ ദിവസം മുതല്‍ നടക്കുമ്പോഴും വാഹനമോടിക്കുമ്പോഴും ശ്രെദ്ധിക്കുക, തെന്നാന്‍ വളരെ സാധ്യതയുണ്ട് (black ice) . ഏറ്റവും കൂടുതല്‍ ആളുകള്‍ കൈയൊടിഞ്ഞും കാലൊടിഞ്ഞും ആശുപത്രിയില്‍ എത്തുന്ന ടൈം ആണിത്. അതുകൊണ്ട് സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട.

ഇത്രയൊക്കെ പറഞ്ഞിട്ടും യു.കെ-യുടെ രണ്ടു കുറ്റം പറഞ്ഞില്ലെങ്കില്‍ ഞാനൊരു മൂരാച്ചിയാണെന്ന് നിങ്ങള്‍ പറയും.!

(a) ഇവിടെ കാര്‍ മേടിക്കുന്നതിനെക്കാള്‍ കാശാവും അതിന്‍റെ ഇന്‍ഷുറന്‍സ് എടുക്കാന്‍.,. അത് മാത്രമല്ല, ഇന്‍ഷുറന്‍സ് എടുക്കുന്നത് ഉടമസ്ഥനാണ്. അതായത് എനിക്ക് നിങ്ങളുടെ കാര്‍ ഓടിക്കണമെങ്കില്‍ എനിക്ക് വേറെ ഇന്‍ഷുറന്‍സ് എടുക്കണം (ഇതൊക്കെ ഏതവന്‍ ഉണ്ടാക്കിയ നിയമമാണോ എന്തോ.!!!)

Bodhodhayam blog(b) പോലീസ് - കാര്യം എല്ലാവരുടേയും അരക്കെട്ടില്‍ തോക്കും പിച്ചാത്തിയുമൊക്കെ കാണും. സഞ്ചരിക്കുന്നത് നാലഞ്ചു ബീക്കണൊക്കെ പിടിപ്പിച്ച  അടിപൊളി കാറുകളിലും ബൈക്കുകളിലും ആയിരിക്കും . പക്ഷെ ഒരു കുറ്റകൃത്യം നടന്നുകഴിഞ്ഞാല്‍ അത് തെളിയിക്കുന്ന കാര്യത്തില്‍ കേരള പോലീസിന്‍റെ ഏഴയലത്ത് വരില്ല ഇവന്മാര്‍ (ഇത് ഞാന്‍ തമാശക്ക് പറഞ്ഞതല്ല.)

(c) മെഡിക്കല്‍ സമ്പ്രദായം - എല്ലാവരുടേയും ഒരു വിചാരമുണ്ട്, യു.കെ എന്ന് പറഞ്ഞാല്‍ ലോകത്തെ ഏറ്റവും നല്ല ആശുപത്രികള്‍ ഉള്ള ഒരു രാജ്യമാണെന്ന്. കാര്യമൊക്കെ ശെരിയാണ്, പക്ഷെ, നിങ്ങള്‍ ഒരാവശ്യത്തിന് (ഉദാ. കൈ ഒടിഞ്ഞു) ആശുപത്രിയില്‍ പോയാല്‍, appointment എടുക്കണം. ചിലപ്പോള്‍ ഡോക്ടറുടെ സ്ലോട്ട് കിട്ടുന്നത് രണ്ടു ദിവസം കഴിഞ്ഞായിരിക്കും.! അതോടെ അവന്‍റെ കാര്യം ഒരു തീരുമാനമാവും.

(P.S ഓണ്‍സൈറ്റ് കാര്യങ്ങളില്‍ എന്നേക്കാള്‍ വിവരമുള്ള വളരെപ്പേര്‍ ഇത് വായിക്കുന്നുണ്ടാവും. എന്തെങ്കിലും തെറ്റ് കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കാന്‍ അപേക്ഷ)