കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള, പുന്നപ്ര വയലാറിന്‍റെ സമര മണ്ണില്‍ നടക്കുന്ന സമ്മേളനത്തിൽ, രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ചപ്പോൾ സ:വി.എസ്-ന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ആ കണ്ണീരിന്‍റെ വിലയറിയണമെങ്കില്‍ കുറച്ച് പതിറ്റാണ്ടുകള്‍ പിന്നോട്ട് നടക്കേണ്ടിയിരിക്കുന്നു.
തൊള്ളായിരത്തി നാൽപതുകൾ.
അച്ഛന്‍ മരിച്ചതിനെതുടര്‍ന്ന്‍ ഏഴാം ക്ലാസ്സില്‍ വെച്ചു പഠിപ്പ് നിര്‍ത്തിയ അച്യുതാനന്ദന്‍, കയര്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നിതിനിടയിലാണ് അവിടുത്തെ തൊഴിലാളികളുടെ ദുരിതങ്ങള്‍ മനസ്സിലാക്കുന്നതും ട്രേഡ് യൂണിയനുകളില്‍ പങ്കാളിയാവുന്നതും.
1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പൊതു രംഗത്തു സജീവമായി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എന്നറിയപ്പെടുന്ന സ: പി. കൃഷ്ണപിള്ള-യായിരുന്നു അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും വി.എസ് പങ്കെടുത്തു. പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി.
ജന്മിമാർക്ക് എതിരെ കർഷക കുടിയാന്മാരും 1946 -ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്തവരില്‍ പ്രധാനിയായിരുന്നു വി.എസ്. രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവർഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും മറ്റും കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ മറക്കാനാവാത്ത ഏടുകളാണ് [1]
സമരങ്ങള്‍ക്കിടയില്‍ ഒളിവില്‍ പോയ വി.എസ്സിനെ പോലീസ് അറസ്റ്റ് ചെയ്തു. പാർട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ശരിയായ മറുപടി നൽകാത്തതിന്‍റെ പേരിൽ ക്രൂര മർദ്ദനത്തിനു ഇരയായി. രണ്ടു കാലുകളും ലോക്കപ്പിന്‍റെ അഴികളിലൂടെ പുറത്തെടുത്തു. തുടർന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മർദ്ദിച്ചു. ഇ.എം.എസും കെ.വി. പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി തേടിയായിരുന്നു മർദ്ദനം. മർദ്ദനം ശക്തമായപ്പോൾ വി. എസിന്‍റെ ബോധം നശിക്കുന്ന അവസ്ഥയായി. അവസാനം തോക്കിന്‍റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അതോടെ പാലാ ആശുപത്രിയിൽ പൊലീസുകാർ വി.എസിനെ കൊണ്ടുവന്ന് ഉപേക്ഷിച്ചു പോയി [2]
അന്നൊരുപക്ഷെ വി.എസ്, സ:ഇ.എം.എസ്സിനെ ഒറ്റിയുരുന്നെങ്കിൽ ചരിത്രം മറ്റൊന്നായേനെ... അരനൂറ്റാണ്ടിനിപ്പുറം ആ മണ്ണില്‍ നില്‍ക്കുമ്പോള്‍, കൊടിയ പീഡനങ്ങള്‍ക്കിടയിലും സ്വന്തം പ്രസ്ഥാനത്തെയും പ്രത്യേയശാസ്ത്രത്തെയും നെഞ്ചോടു ചേര്‍ത്തുവെച്ച ഓര്‍മ്മകളായിരിക്കും അദ്ദേഹത്തിന്‍റെ കണ്ണുകളെ ഈറനണിയിച്ചത്. അതോ സമ്മേളനത്തിനു ശേഷമുള്ള നടപടികള്‍ മുന്‍കൂട്ടി കണ്ടിട്ടാണോ.. എന്തോ അറിയില്ല.
വിമർശനങ്ങളും വിഭാഗിയതയും അച്ചടക്കനടപടികളും ഒരുപാടുണ്ടായിട്ടുണ്ട്. വെറും വായിച്ചറിവുകൾ മാത്രമുള്ള ഇന്നത്തെ തലമുറയ്ക്ക്, ഞാനുൾപ്പടെയുള്ളവർക്ക് ഇതൊന്നും പറയാൻ പോലും അവാകശമില്ലെന്നറിയാം. പക്ഷെ താങ്കളില്ലാത്തൊരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം..അത് സങ്കൽപ്പിക്കാൻ പോലുമാവില്ല.
ലാൽ സലാം സഖാവെ.
--
ചിത്രത്തിന് കടപ്പാട് : SouthLive
വീഡിയോ : AsianetNews
[1]&[2] quoted from wikipedia