ഈ സംഭവം നടക്കുന്നത് പത്തുനാല്പതു കൊല്ലം മുന്‍പാണ്. 1976 ജൂണ്‍ മാസത്തിലെ ഒരു ദിവസം ഗ്രീസിന്റെ തലസ്ഥാനമായ ഏതെന്‍സില്‍ നിന്ന് പാരിസിലേക്ക് പുറപ്പെട്ട 'എയര്‍ ഫ്രാന്‍സ്'-ന്റെ വിമാനം പാലസ്തീന് പോരാളികള്‍ റാഞ്ചി. വിവിധ രാജ്യങ്ങളില്‍ തടവിലിട്ടിരിക്കുന്ന തങ്ങളുടെ കൂട്ടാളികളെ വിട്ടയക്കണം എന്ന് പറഞ്ഞു റാഞ്ചിയ വിമാനം, അവര്‍ ഉഗാണ്ട-യിലെ 'എന്റെബ്ബെ' എന്നുപറയുന്ന ഒരു എയര്‍ പോര്‍ട്ടില്‍ കൊണ്ടുചെന്നിറക്കി.. അന്ന് ഉഗാണ്ട ഭരിച്ചിരുന്ന സ്വേച്ഛാധിപതി ഈദി അമീന് അവര്‍ക്കുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുത്തു എന്ന് മാത്രമല്ല, കൂടുതല്‍ പാലസ്തീന് പോരാളികളെ വിമാനം ഇറക്കിയ എയര്‍ പോര്‍ട്ടിലേക്ക് അനുവദിക്കുകയും ചെയ്തു. അവിടെവെച്ച് ഇസ്രയേലി പൌരന്മാര് ഒഴികയുള്ളവരെ അവര്‍ വിട്ടയച്ചു. തങ്ങളുടെ ആവശ്യം എത്രയും പെട്ടെന്ന് നടപ്പാക്കിയില്ലെങ്കില്‍ ബന്ദികളെ ഓരോരുത്തരെയായി കൊല്ലുമെന്ന് റാഞ്ചികള്‍ ഭീഷണി മുഴക്കി.
പ്രശ്നം പരിഹരിക്കാന്‍ ഇസ്രയേല്‍ ഗവണ്മെന്റ് നടപടികള്‍ ആരംഭിച്ചു. അന്ന് മിലിറ്ററി ലെവലില്‍ അത്യാവശ്യം ശക്തിയുണ്ടായിരുന്ന ഉഗാണ്ടയെ ആക്രമിച്ച് എന്തെങ്കിലും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. പോരാഞ്ഞിട്ട് ബാക്കിയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ കണ്ണുവെട്ടിച്ചു 4000-കി.മി സഞ്ചരിക്കുകയും വേണം. തടവിലാക്കിയിട്ടുള്ള പാലസ്തീന്-കാരെ വിട്ടയക്കുക മാത്രാമാണ് ഏക പോംവഴിയെന്നു എല്ലാവരും അഭിപ്രായപെട്ടു. അതിനിടയില്‍ 'ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സും' അവരുടെ ഇന്റെലിജെന്‍സ് ഏജന്‍സിയായ 'മോസ്സദ്'-ഉം ഒരു യോഗം ചേര്‍ന്നു. ഉഗാണ്ടയില്‍ ചെന്ന് റാഞ്ചികളെ കീഴ്പെടുത്തി യാത്രക്കാരെ മോചിപ്പിക്കാനുള്ള 'പ്രൊജക്റ്റ് തണ്ടര്‍ ബോള്‍ട്ട്' പദ്ധതി തയാറാക്കി ക്യാബിനെറ്റിനു സമര്‍പ്പിച്ചിട്ടു അവരുടെ കമാന്‍ഡര്‍ ജോനാദന് നെഥന്യാഹു പറഞ്ഞു ' ഞങ്ങള്‍ക്ക് സമയം പാഴാക്കാനില്ല, അതുകൊണ്ട് നിങ്ങളുടെ ഓര്‍ഡര്‍ കിട്ടുന്നതിനു മുന്‍പ് ഞങ്ങള്‍ പുറപ്പെടുന്നു. ഈ പദ്ധതി ഉപേക്ഷിക്കാനാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ ഞങ്ങളെ അറിയിക്കുക, ഞങ്ങളതുപേക്ഷിക്കും. മറിച്ചാണെങ്കില്‍ എന്തു വിലകൊടുത്തും നമ്മുടെ സഹോദരങ്ങളെ ഞങ്ങള്‍ തിരിച്ചു കൊണ്ടുവരും'.

'എന്റെബ്ബെ' എയര്‍ പോര്ട്ടിനെക്കുറിച്ചും റാഞ്ചികളെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ മനസിലാക്കിയ നൂറോളം കമാന്‍ഡോസ് 'ഹെര്‍കുലീസ്' വിമാനങ്ങളില്‍ ഉഗാണ്ട-യിലേക്ക് പുറപ്പെട്ടു. മാര്‍ഗ്ഗമദ്ധ്യേ ക്യാബിനെറ്റിന്റെ പച്ചക്കൊടിയും കിട്ടിയ അവര്‍, പലരാജ്യങ്ങളുടെയും റഡാര്‍ വെട്ടിക്കാനായി പലസമയങ്ങളിലും വെറും 30 മീറ്റര്‍ ഉയരത്തിലാണ് സഞ്ചരിച്ചത്. രാത്രിയുടെ മറവില്‍ അവിടെച്ചെന്നിറങ്ങിയ അവര്‍, രായ്ക്കുരാമയണം ബന്ദികളെയുംകൊണ്ട് തിരിച്ച് പറന്നു. റാഞ്ചികളെയെല്ലാം വധിച്ച അവര്‍, അവിടെ കിടന്നിരുന്ന ഉഗാണ്ടന്‍ എയര്‍ ഫോഴ്സിന്റെ പോര്‍വിമാനങ്ങള്‍ ചുട്ടുചാമ്പലാക്കുകയും ചെയ്തു. ത്രസിപ്പിക്കുന്ന ഇതിന്റെ കൂടുതല്‍ വിവരങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ തപ്പിയാല്‍ കിട്ടും. അവര്‍ ഉഗാണ്ടന്‍ സേനയേയും, പാലസ്തീന് പോരാളികളെയും കബളിപ്പിച്ചു ടെര്‍മിനല്‍ വരെ എത്തിയത് ഒന്ന് വായിച്ചിരിക്കേണ്ട സംഭവം തന്നെയാണ്. പക്ഷെ, ഈ പദ്ധതിയുടെ കമാന്‍ഡര്‍ നെഥന്യാഹുവിന് സ്വന്തം ജീവന് ബാലികഴിക്കേണ്ടി വന്നു. ഇതേപ്പിന്നെ ഇട്ടാ വട്ടത്തിലുള്ള ഇസ്രയേലിനോടും മോസ്സാദിനോടും കളിയ്ക്കാന്‍ എല്ലാവരും രണ്ടാമതൊന്നു ആലോചിക്കും. (അതുവെച്ചു നോക്കുമ്പോള്‍ അവരോടു കട്ടക്ക് അടിച്ചു നില്ക്കുന്ന പാലസ്തീന്ക്കാരെ സമ്മതിക്കണം!)
ഇനി നമുക്ക് വേറൊരു കേസ് എടുക്കാം. കടല്‍ക്കൊല കേസില്‍ പിടിയിലായ ഇറ്റലി നാവികരെ കഴിഞ്ഞദിവസമാണ് കര്‍ശന ഉപാധികളോടെ രാജ്യം വിടാന്‍ കോടതി അനുവാദം നല്‍കിയത്. കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ദുര്‍ബലമായ വാദങ്ങള്‍ ഉന്നയിച്ചതുകൊണ്ടു മാത്രമാണ് അവര്‍ക്കു രാജ്യം വിടാനുള്ള അനുമതി ലഭിച്ചതെന്നു എല്ലാവരും പറഞ്ഞു തുടങ്ങി.

ചുമ്മാ ഒരു തമാശക്കുവേണ്ടി , നമുക്ക് ഇറ്റലിയുടെ ഭാഗത്ത് നിന്ന് ഒന്നാലോചിക്കാം (ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടും , റോം ഇറ്റലിയില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ടുമാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് വായനക്കാര്‍ പറഞ്ഞു പരത്തുമോ എന്തോ..!). നാവികരെ സംബന്ധിച്ചിടത്തോളം അവര്‍ ചെയ്തത് ശരിയോ തെറ്റോ ആവാം. പക്ഷെ ഇവിടെ അറസ്റ്റിലായിതിന്റെ പിറ്റേ ദിവസം തന്നെ അവരുടെ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തി. അന്നുമുതല്‍ ഇന്നുവരെ അവരുടെ സര്‍ക്കാര്‍ നാവികരുടെ മോചനത്തിനായി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അവസാനം ആറര കോടി രൂപ ജാമ്യ തുകയായി കെട്ടിവെച്ചു കോടതി അനുമതിയോടെ, ചാര്‍ട്ടേര്‍ട് ഫ്ലൈറ്റില്‍ അവര്‍ ഇറ്റലിക്ക് പോയി. കാര്യം ഇറ്റാലിയന്‍ സ്ഥാനപതിയുടെ സത്യാവാംങ്ങ്മൂലം ഒക്കെ മേടിച്ചു വെച്ചിട്ടുണ്ടെങ്കിലും, രാജ്യാന്തര നിയമമനുസരിച്ച് ഇപ്പറഞ്ഞ സ്ഥാനപതിയെ ഒന്ന് തൊടാന്‍പോലും പോലീസിന് പറ്റില്ല. അതുകൊണ്ട് ഇനി അവര്‍ തിരിച്ചു വരുമോ ഇല്ലയോ എന്നൊക്കെ ദൈവം തമ്പുരാനറിയാം. ഇറ്റലിയുടെ ഭാഗത്ത് നിന്നു ചിന്തിച്ചാല്‍ അവര്‍ ചെയ്തതാണ് ശരി, കാരണം അവര്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. (നമ്മുടെ ഏതെങ്കിലും ഒരു നാവികനെ ഇങ്ങനെ ചൈനയോ പാകിസ്ഥാനോ പിടിച്ചുവച്ചാല്‍ നമ്മളും ഇത് തന്നെയല്ലേ ആഗ്രഹിക്കുകയുള്ളൂ..?)
ഇപ്പൊ നിങ്ങള്‍ ആലോചിക്കുന്നുണ്ടാവും ഞാനെന്തിനാ ഇപ്പൊ ഇതൊക്കെ പറയുന്നതെന്ന്.ഉണ്ട്, കാര്യമുണ്ട്. ഞാന്‍ മുകളില്‍ പറഞ്ഞ രണ്ടു കേസുകളിലും സ്വന്തം രാജ്യക്കാര്‍ എവിടെയെങ്കിലും പെട്ടുപോയാല്‍ , അതിപ്പോ എത്ര സാധാരണക്കാരനായാലും ശരി അവരുടെ സര്‍ക്കാര്‍ അവരെ മോചിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. ഇനി നമുക്ക് ഇന്ത്യയിലേക്ക് വരാം. കഴിഞ്ഞ കുറച്ചു നാളുകള്‍ക്കു മുന്‍പ് സൊമാലിയക്കാര്‍ ഒരു ചരക്കു കപ്പല്‍ റാഞ്ചി വിലപേശിത്തുടങ്ങി. മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇപ്പോള്‍ അവിടെ നരകയാതന അനുഭവിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നറിയാന്‍ കഴിഞ്ഞത്. ഞാന്‍ പറയുന്നത് ഒന്നുകില്‍ മോചദ്രവ്യം കൊടുത്തു അവരെ മോചിപ്പിക്കുക, അല്ലെങ്കില്‍ ഇന്ത്യന്‍ സേനയെ ഉപയോഗപ്പെടുത്തുക എന്നാണ് . ഇന്ത്യന്‍ നേവിയെ സംബന്ധിച്ചിടത്തോളം സോമാലിയ എന്ന് പറയുന്നത്, ആറാം തമ്പുരാനില്‍ ജഗന്നാഥന്റെ കാര്യം പോലെയാണ് "കുട്ടി, ധാരാവിയിലെ ഒരു ചേരി ഒറ്റരാത്രികൊണ്ടു ഒഴിപ്പിച്ചിട്ടുള്ള എനിക്ക്, കുട്ടിയേയും ഈ കാര്‍ന്നോരെയും ഇവിടെന്നു ഒഴിപ്പിക്കുക എന്നുള്ളത് ഒരു പൂ പറിക്കുന്നതുപോലെ ഈസി ആണ്". ഇതിനൊക്കെ വേണ്ടത് നട്ടെല്ലാണ്, സര്‍ക്കാരിനു മാത്രമല്ല, ഇതൊന്നും കണ്ടില്ല കേട്ടില്ല എന്ന് നടിക്കുന്ന മാധ്യമങ്ങള്‍ക്കും. അല്ലാതെ സ്വന്തം പൌരന്മാരെ സംരക്ഷിക്കുന്ന മറ്റൊരു രാജ്യത്തിന്റെ കുറ്റം പറഞ്ഞോണ്ടിരിക്കുവല്ല വേണ്ടത്.
Good thoughts... U r a good writer.. Idellam ninte thoolikayil ninnezhuthunnathanalo alle?
ReplyDeleteoh thannedey thanne... ;)
Deletewell said
ReplyDeleteThank you..!
Deletevery true....george....
ReplyDelete:-)
Delete