Friday, 20 December 2013

ഇന്ത്യയും ഇക്വഡോറും പിന്നെ ദേവയാനിയും

കുറച്ചുനാള് മുന്‍പ് (അതായത് ഇപ്പൊഴുള്ള എഡ്വാര്‍ഡ് സ്നോഡനും മുന്‍പ്) ജൂലിയന്‍ അസ്സാന്‍ജ് എന്ന് പറയുന്ന ഒരു വ്യക്തി വികിലീക്സ് എന്ന തന്‍റെ സ്ഥാപനത്തിലൂടെ അമേരിക്കയെ ഞെട്ടിക്കുന്ന പല രഹസ്യങ്ങളും പുറത്തുവിട്ടു. കേട്ട പാതി കേള്‍ക്കാത്ത പാതി കലിപൂണ്ട അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായത്തോടെ അങ്ങേരെ അറസ്റ്റ് ചെയ്യാന്‍ പദ്ധതി തയ്യാറാക്കി. അങ്ങനെ സ്വീഡനില്‍ അങ്ങേരെ ഒരു കേസില്‍ പെടുത്തി അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും അവിടെനിന്ന്‍ രക്ഷപെട്ട അസ്സന്ജ്, യു.കെ-യിലുള്ള ഇക്വഡോറിന്‍റെ എംബസ്സിയില്‍ അഭയം തേടി. പോലീസും പട്ടാളവും എംബസ്സി വളഞ്ഞു. 

Embassyപോലീസുകാര് നോക്കിയപ്പോ ഇത്തിരിപ്പോന്ന ഒരു രാജ്യവും അതിനെക്കാള്‍ ചെറിയ ഒരു എംബസ്സിയും. എന്നാപ്പിന്നെ അതിനകത്ത് കയറി അസ്സാന്‍ജി-നെ അങ്ങ്  പൊക്കിയെക്കാമെന്ന് അവരങ്ങ് തീരുമാനിച്ചു. ഇതറിഞ്ഞ ഇക്വഡോറിന്‍റെ പ്രസിഡണ്ട്‌ പറഞ്ഞതിന്‍റെ നാടന്‍ പരിഭാഷ താഴെ കൊടുക്കുന്നു - " നയതന്ത്ര പരിരക്ഷയുള്ള ഞങ്ങടെ എംബസ്സിയില്‍ അനുവാദമില്ലാതെ ഏതേലും ഒരുത്തന്‍ കേറിയാല്‍, കേറുന്ന ആരായാലും ഞങ്ങള് വെട്ടും. അതുപോലെ ഇവിടെയുള്ള നിങ്ങടെ നയതന്ത്ര പ്രധിനിധികള്‍ പിന്നെ പുറംലോകം കാണില്ല". ഇത് കേട്ടു ഞെട്ടിയ ബ്രിട്ടീഷ്‌ പോലീസ് എംബസ്സിയില്‍ കയറാനുള്ള നീക്കം ഉപേക്ഷിച്ചു. നല്ല ഒരു ഏറുപടക്കം പോലും കയ്യിലാത്ത ഒരു രാജ്യം, അതിന്‍റെ ആത്മാഭിമാനത്തെ തൊട്ടുകളിച്ചാല്‍ കളി മാറുമെന്നു ലോകത്തോട്‌ വിളിച്ചു പറഞ്ഞു.

Devyaniഅങ്ങനെയുള്ള ഈ ലോകത്താണ് ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന്‍റെ നയതന്ത്ര പ്രതിനിധിയെ ഒരുളുപ്പുമില്ലാണ്ട് അറസ്റ്റ് ചെയ്ത് ഏറ്റവും തരം താണ രീതിയില്‍ യു.എസ് പരിശോധന നടത്തിയത്. ഇതൊക്കെ നിയമപ്രകാരമുള്ള കാര്യങ്ങളാണെന്ന് വാദിക്കാന്‍ വരുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്. ആദ്യം പറഞ്ഞ അസ്സാന്‍ജിനെ നിയമപ്രകാരം ഒന്ന് തൊടാന്‍ പോലും പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒന്നൊന്നര കൊല്ലമായിട്ട് കുറെ പോലീസുകാര് എംബസ്സിക്ക് പുറത്ത് കാവല് നില്‍ക്കുവാണ്.!! അതാണ്‌ ഇന്ത്യയും ഇക്വഡോറും തമ്മിലുള്ള വ്യത്യാസം.

മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയെ അമേരിക്കന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് സുരക്ഷയുടെ പേരില്‍ ദേഹപരിശോധന നടത്തിയപ്പോള്‍ ഇന്ത്യ ചുമ്മാ അങ്ങോട്ട്‌ പോയി പ്രതിഷേധം രേഖപ്പെടുത്തിയതിനു പകരം , ഇങ്ങോട്ട് കെട്ടിയെടുത്ത അവരുടെ പ്രതിനിധികളേയും അതുപോലെ ചെയ്തിരുന്നെങ്കില്‍ ഇന്നവര്‍ക്ക് കുറച്ചു പേടി വന്നേനെ..  (അല്ല അറിയാന്മേലാഞ്ഞകൊണ്ട് ചോദിക്കുവ ലവന്മാര് ഈ പ്രതിഷേധം എവിടെയാ രേഖപ്പെടുത്തുന്നേ..? വല്ല ഹിന്ദിയിലോ മറ്റോ രേഖപ്പെടുത്തിയാല്‍ സായിപ്പന്മാര്‍ക്ക് മനസിലാവില്ല, അതാ..) എന്തായാലും ഇത്തവണ അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടിതുകൊണ്ട് അടുത്ത തവണ നമ്മടെ ആരെയെങ്കിലും തൊടാന്‍ അവര് ഒന്നുകൂടി ആലോചിക്കും.


അവസാനം കിട്ടിയത്- 
ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനിക്കെതിരെ കേസ് കൊടുത്ത സംഗീത മലയാളിയെന്ന് റിപ്പോര്‍ട്ടുകള്‍.

അതുപിന്നെ ചോദിക്കാനുണ്ടോ..!! 

4 comments:

  1. നട്ടെല്ലിനു പകരം മുളങ്കോല്‍ വെച്ച് അഡ്ജസ്റ്റ് ചെയ്യുന്ന നമ്മുടെ ഭരണകൂടം ഇത്രയെങ്കിലും ചെയ്തില്ലേ...?
    അഭിനന്ദനം... നിനക്കഭിനന്ദനം...

    ReplyDelete
    Replies
    1. ഇനിയും ചെയ്യേണ്ടിയിരിക്കുന്നു..

      Delete