Thursday, 25 December 2014

അംബുജാക്ഷന്‍റെ കഥ പോരാ!


എലീം ചത്തു, അടിയന്തിരവും കഴിഞ്ഞു..ന്നാലും എങ്ങനെയാ പറയാതിരിക്കുന്നത്..

ഇക്കഴിഞ്ഞ ഓണത്തിന് റിലീസായ "പെരുച്ചാഴി" ഇപ്പോഴാണ് കാണാന്‍ സാധിച്ചത്.. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇങ്ങളിതെന്തൊരു ബെറുപ്പിക്കലാണെന്‍റെ ബാബ്വേട്ടാ...??!! തിയറ്ററില്‍പോയി കാണാഞ്ഞത് ഭാഗ്യം ന്ന് പറഞ്ഞാ മതിയല്ലോ.. ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരു ഡയലോഗോ, ഒരു സീനോ ഇല്ലാതെ രണ്ടര മണിക്കൂര്‍!  ലാലേട്ടനെന്തിനാണ് ഇതുപോലത്തെ പടത്തിലൊക്കെ കേറി അഭിനയിക്കുന്നതെന്ന്‍ മനസിലാവുന്നില്ല. കഥേം തിരക്കഥേം ചുമ്മാതൊന്നു വായിച്ച് നോക്കിയിട്ട് വേണ്ടേ ഇവനൊക്കെ ഡേറ്റ് കൊടുക്കാന്‍. അതോ "സ്ക്രിപ്റ്റ് കത്തിച്ചിട്ടാണോ" പടം പിടിക്കാന്‍ തുടങ്ങിയത്.??! അതാണല്ലോ ഇപ്പൊഴത്തെ ട്രെന്‍ഡ്!



ഈ സില്‍മ ഇതുവരെ കണ്ടിട്ടില്ലാത്തവര്‍ക്ക് വേണ്ടി, കഥ വളരെ സിമ്പിളായിട്ടങ്ങ് പറയാം (പ്രത്യേകിച്ച് സസ്പെന്‍സ് ഒന്നുമില്ലാത്തതുകൊണ്ട്, ഇത് വായിച്ചിട്ട് കണ്ടാലും കുഴപ്പമില്ല!!):

- സ്റ്റാര്‍ട്ട്‌ , ആക്ഷന്‍ -

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പരിഹാരം കാണാന്‍ കഴിയാതെ സംസ്ഥാന ജലവിഭവ മന്ത്രി നായകന്‍ ജഗന്നാഥനെ (ലാലേട്ടന്‍) വിളിക്കുന്നതാണ് തുടക്കം. ആ സമയത്ത്, രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളുമായിട്ടുള്ള വാശിയേറിയ ക്രിക്കറ്റ്‌ കളിയില്‍ ബാറ്റ് ചെയ്യുകയാണ് നായകന്‍. അവസാന ബോളില്‍ 'എട്ട്' റണ്‍സ് ഓടിയെടുത്ത് (കഥയില്‍ ചോദ്യമില്ല) നായകന്‍ തന്‍റെ കരുത്ത് തെളിയിക്കുന്നു! സിനിമയുടെ പിന്നീടുള്ള പോക്കിനെക്കുറിച്ച് സംവിധായകന്‍ ഒരു ഏകദേശ രൂപം പ്രേക്ഷകര്‍ക്ക് നല്‍കുന്നു..!!

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴന്മാര്‍ക്കിട്ട് പണി കൊടുക്കാന്‍ വേണ്ടി, നായകന്‍ ഒരു നിര്‍ദേശം മുന്നോട്ട് വെയ്ക്കുന്നു. ശബരിമലയില്‍ വരുന്ന എല്ലാ അന്യസംസ്ഥാനക്കാര്‍ക്കും 'അയ്യായിരം രൂഫ' വെച്ച് ടക്സ് ഏര്‍പ്പെടുത്തുന്നു!! അങ്ങനെ തമിഴന്മാര്‍ ഒരു പാഠം പഠിക്കുന്നു.!! ആഹ!

ഈ പോക്കാണെങ്കില്‍ ജഗന്നാഥന്‍ തനിക്കൊരു പാരയാവുമെന്ന് തിരിച്ചറിയുന്ന മന്ത്രി, ജഗനെ മറ്റൊരു പ്രോബ്ലം സോള്‍വ്‌ ചെയ്യാനായി ബീമാനത്തില്‍ കയറ്റി വിടുന്നു. ഇനി കഥ നടക്കുന്നത് മുഴുവന്‍ അക്കരെയാണ്, അമേരിക്കയില്‍!

ഒരു സായിപ്പിനെ ഇലക്ഷനില്‍ ജയിപ്പിക്കാന്‍ വേണ്ടി, നായകനും രണ്ടു സുഹൃത്തുക്കളും അമേരിക്കയില്‍ ലാന്‍ഡ്‌ ചെയ്യുന്നു. മുപ്പത് കോടിയാണ് പ്രതിഫലം വാഗ്ദാനം ചെയ്തത്. തന്‍റെ "ബുദ്ധിപരമായ" നീക്കങ്ങളിലൂടെ പല കളികളും കളിച്ച് നായകന്‍ ഇലക്ഷന്‍ ക്യാമ്പയിന്‍ നടത്തി മുന്നേറുന്നു.!! കാലിഫോര്‍ണിയ പോലെയുള്ള ഒരു അമേരിക്കന്‍ സ്റ്റേറ്റില്‍ മത്സരിക്കുന്നവന് ഒരു മിനിമം ഫുദ്ധിയെങ്കിലും വേണം എന്നുള്ളതൊന്നും സംവിധായകന് പ്രശ്നമല്ല. അതുപോലെ തന്നെ  മരമണ്ടന്മാരായി ചിത്രീകരിക്കുന്ന അവിടുത്തെ ജനങ്ങള്‍ക്ക് സൗജന്യമായി കമ്പ്യൂട്ടറും, ഫോണുമൊക്കെ കൊടുത്ത് വശീകരിക്കുന്നു (തമിഴ് നാട്ടില്‍ ടി.വി, സൈക്കിള്‍ ഒക്കെ ഫ്രീയായിട്ട് തലൈവി കൊടുന്ന അതേ സെറ്റപ്പില്‍)!!!


സൂപ്പര്‍മാനയിട്ടും, അവതാര്‍ ആയിട്ടുമൊക്കെ നായകനും ശിങ്കിടികളും സ്ക്രീനില്‍ നിറഞ്ഞാടുമ്പോള്‍, ചിരിക്കാന്‍ പറ്റാതെ താടയ്ക്ക് കയ്യും കൊടുത്ത് ഇരിക്കേണ്ടി വന്നേക്കാം, പക്ഷെ പതറരുത്.!

പലരുമായി പ്രണയത്തിലാവന്‍ നായകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആരും വലയില്‍ വീഴുന്നില്ല (മദാമ്മമാര് മലയാളം പടങ്ങളൊന്നും കാണാത്തത് സംവിധായകന്‍റെ കുറ്റമല്ലല്ലോ). അവസാനം വഴിയില്‍ കാണുന്ന പെണ്ണുമായി നായകന്‍ എഴുന്നൂറ്റി അന്‍പത് ഡോളറിന് സ്നേഹം പങ്കിടുന്നു!!. ബാക്ക്ഗ്രൌണ്ട് മ്യൂസിക്കായിട്ട് നായകന്‍റെ തന്നെ പഴയ ചില മലയാള പടങ്ങളിലെ പാട്ടുകള്‍ കാണിക്കുന്നു. ഒരെണ്ണമാണെങ്കില്‍ സഹിക്കാം, പക്ഷെ ഇത് ഒന്നിന് പുറകെ ഒന്നായിട്ട് സില്‍മ വലിച്ചുനീട്ടാന്‍വേണ്ടി, ഹൊ അണ്‍സഹിക്കബിള്‍!. ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ തെരുവിലേക്കിറങ്ങിയ അവള്‍ക്കും, ബോണാസായിട്ട് കിട്ടിയ അവളുടെ കൊച്ചിനും ഒരു ജീവിതം കൊടുക്കാന്‍ നായകന്‍ തയ്യാറാവുന്നു. മലയാളമറിയില്ലാത്ത അവളെ നായകന്‍ മലയാളത്തിലുള്ള തമാശ പറഞ്ഞ് ചിരിപ്പിക്കുന്നു!!! ആഹഹ!

കാര്യം ഭാഷയറിയില്ലെങ്കിലും പ്രണയം തുടങ്ങിയ സ്ഥിതിയ്ക്ക് പാട്ടില്ലാതെ എങ്ങനെയാ.. അതുകൊണ്ട് ഒന്നും നോക്കിയില്ല, രണ്ടു പാട്ട് ബാക്ക് ടു ബാക്ക്!

- ഇന്‍റെര്‍വെല്‍ -

സില്‍മ രണ്ടാം പകുതിയിലേയ്ക്ക് കടക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ഹോട്ടലില്‍ പുട്ടടിക്കാന്‍ പോയ നായികയേയും നായകനേയും അവളുടെ പഴയ ഒരു കാമുകന്‍ ഓടിക്കുന്നു . കാറുണ്ടായിട്ടും നായികയും നായകനും അതില്‍ കയറാതെ, അമേരിക്കന്‍ നഗരമധ്യത്തിലെ ഏറ്റവും ഉടായിപ്പ് വഴിതന്നെ തിരഞ്ഞെടുത്ത് ഓടുന്നു. അങ്ങനെ പൊളിഞ്ഞ ഒരു കെട്ടിടത്തിന്‍റെ ഇടവഴിയില്‍ വെച്ച് ഗുണ്ടകള്‍ നായകനെ നേരിടുന്നു. നായികയ്ക്ക് വേണ്ടി നായകന്‍ ഗുണ്ടകളെ അടിച്ചൊതുക്കുന്നു. അങ്ങനെ അവളുടെ സിമ്പതി വളര്‍ന്ന് ഒരു എമ്പതിയായി മാറുന്നു!!

അതിനുശേഷം നായികയുടെ കുട്ടിയെ, അതിന്‍റെ ശരിക്കുള്ള തന്ത കാശിനുവേണ്ടി തട്ടിക്കൊണ്ട് പോവുന്നു!! (പലതവണ ഞാന്‍ പറഞ്ഞു കഥയില്‍ ചോദ്യമില്ലെന്ന്‍!) അവളുടെ സ്നേഹം കൊണ്ട് വീര്‍പ്പ് മുട്ടിയ നായകന്‍, കാശ് കൊടുത്ത് കുട്ടിയെ രക്ഷിക്കാം എന്ന് നായികയ്ക്ക് വാക്ക് കൊടുക്കുന്നു. പക്ഷെ ഇലക്ഷനില്‍ ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ സായിപ്പ് ചതിക്കുന്നു, അതുകൊണ്ട് നായകന് കാശ് കിട്ടുന്നില്ല.

ചതിക്കപ്പെട്ട നായകന്‍ മറുകണ്ടം ചാടി എതിരാളി സായിപ്പിന്‍റെ കയ്യില്‍ നിന്ന് കാശ് മേടിക്കുന്നു, കുട്ടിയെ രക്ഷിക്കുന്നു. പ്രിത്യുപകാരമായിട്ട് നായകന്‍ ഒരു ചൈനക്കാരനെ കൂട്ടുപിടിച്ച് 'വോട്ടിംഗ് മെഷീന്‍' ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കി വോട്ട് തിരിമറി നടത്തി ഈ സായിപ്പിനെ ജയിപ്പിക്കുന്നു. യഥാര്‍ത്ഥ വോട്ടിംഗ് മെഷീനുമായിട്ട് വന്ന ഒരു പടുകൂറ്റന്‍ ട്രക്ക്, നഗര മധ്യത്തില്‍ വെച്ച് ഇരു ചെവിയറിയാതെ ബോംബിട്ട് പൊട്ടിക്കുന്നു!!!

വിജയശ്രീലാളിതനായി നാട്ടിലെത്തുന്ന നായകനെ തിരക്കി ലോകത്തിന്‍റെ എല്ലാ കോണില്‍ നിന്നും ഫോണ്‍ വിളികളെത്തുന്നു!! എല്ലാവരുടെയും ആവശ്യം ഇലക്ഷന്‍ ജയിപ്പിക്കണം എന്നുള്ളതാണ്. എന്നാല്‍ നായികയുമായിട്ട് സ്നേഹം പങ്കിടാനുള്ളതുകൊണ്ട് നായകന്‍ തല്‍കാലം അതെല്ലാം തള്ളിക്കളയുന്നു..!!!

- ശുഭം -

എന്നിട്ട്..?

എന്നിട്ട് എല്ലാവരെയുംപോലെ അവരും മരിക്കും എന്തേ..??!!!!

അംബുജാക്ഷന്‍റെ കഥ പോര!!

ഇതില്‍ പിന്നെ ആകെക്കൂടെ സൂപ്പര്‍ എന്ന് പറയാനുള്ളത്, മ്മടെ ലാലേട്ടന്‍ ബുള്ളെറ്റില്‍ വരുന്ന ഒന്ന് രണ്ടു മാസ് സീന്‍ ഉണ്ട്, അതേയുള്ളൂ.




Verdict : ഇത് കാണുന്ന സമയം കൊണ്ട് "വെള്ളിമൂങ്ങ" രണ്ടു തവണ കാണാം!

(P.S: ഞാനൊരു സിനിമാ നിരൂപകന്‍ ഒന്നുമല്ല, അതിനുള്ള ബുദ്ധിയുമില്ല. ഒരു സാധാരണക്കാരാനായ പ്രേക്ഷകന്‍ എന്ന നിലയ്ക്ക് വല്ലാതെ ബോറടിപ്പിച്ച പടമാണിത്. അതുകൊണ്ട് എഴുതിപ്പോയതാണ്, ബുദ്ധിജീവികള്‍ പൊറുക്കണം :) )


--
ചിത്രങ്ങള്‍ക്ക് കടപ്പാട് : www.google.com

Sunday, 30 November 2014

ചേട്ടാ കുറച്ചു താറാവ് റോസ്റ്റ് എടുക്കട്ടെ..?


ഉച്ചയൂണിന് ഒട്ടുമിക്ക മലയാളികള്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് മീന്‍! മീനെന്ന് പറയുമ്പോള്‍ അതിപ്പോ  വറുത്തതാണേലും, പുളിയൊക്കെയിട്ടുവെച്ച മീന്‍ കറിയാണെങ്കിലും, അതല്ല ഇനി വാഴയിലയില്‍ വെച്ച് പൊള്ളിച്ചെടുത്തതാണെങ്കിലുമൊക്കെ കൊള്ളാം, ഊണ് കുശാലായി.


പക്ഷെ നമ്മള്‍ ചിന്തിക്കാത്ത ഒരു കാര്യമുണ്ട്... കടലിലും കായലിലുമൊക്കെ വലയിട്ടും ചൂണ്ടയിട്ടും പിടിക്കുന്ന പാവം മീനുകള്‍, കരയ്ക്ക് കയറ്റുമ്പോള്‍ ശ്വാസം കിട്ടാതെ പിടഞ്ഞാണ് ചാവുന്നത് എന്നുള്ള വസ്തുത. നല്ല മസാലയൊക്കെപുരട്ടി പൊരിച്ച മീന്‍ മുന്‍പിലെത്തുമ്പോള്‍ നമ്മളിതെല്ലാം മറക്കും

അപ്പൊ പറഞ്ഞ് വന്നത്, ഇതൊന്നും പ്രശ്നമില്ലാത്ത നമ്മളെന്തിനാണ് കുറച്ചു താറാവുകളെ കൊല്ലുമ്പോള്‍ ഇമ്മാതിരി പുകിലുണ്ടാക്കുന്നത്..? പക്ഷിപ്പനി മനുഷ്യനിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് താറാവുകളെ കൊല്ലുന്നത്. ഇന്നല്ലെങ്കില്‍ നാളെ തീന്‍മേശയിലെത്താന്‍ വിധിക്കപ്പെട്ട ഒരു ജീവിയാണത്. അതു കഴിക്കുമ്പോള്‍ തോന്നാത്ത വേദന, ഇതുപോലത്തെ വാര്‍ത്ത കാണുമ്പോള്‍ തോന്നേണ്ട കാര്യമുണ്ടോ എന്നതാണ് സംശയം. നമുക്ക് ചുറ്റും, നമ്മോട് ഇണങ്ങി കഴിയുന്ന ഒരു ജീവിയെ കൊല്ലുമ്പോള്‍ ചെറിയൊരു നൊമ്പരം എല്ലാവരുടെയും നെഞ്ചിലുണ്ടാവും. പക്ഷെ നാളെ നമ്മള്‍ കറി വെക്കാനിരിക്കുന്ന താറാവിന്‍റെ ജീവനേക്കാള്‍ വില കല്‍പിക്കേണ്ടത് അവിടെയുള്ള മനുഷ്യ ജീവനല്ലേ..?. അല്ലെങ്കിലും കര്‍ഷകന്‍ താറാവിനെയും കോഴിയേയുമൊക്കെ വളര്‍ത്തുന്നത് പഠിപ്പിച്ച് വല്യ ഡോക്ടറാക്കനൊന്നുമല്ലല്ലോ..



പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന പ്രദേശങ്ങളിലെ ആളുകളുടെ കാര്യം ഒന്നാലോചിച്ചു നോക്കു, എത്ര ഭീതിയോടെയായിരിക്കും അവര്‍ കഴിയുന്നതെന്ന്‍. അവനവന്‍റെ കാര്യം വരുമ്പോഴേ നമ്മളൊക്കെ കണ്ണുതുറക്കൂ. ഇനി വേദനിപ്പിക്കാതെ വിഷം കുത്തിവെച്ച് കൊല്ലാന്‍മേലെ എന്ന് ചോദിക്കുന്നവര്‍ക്ക് വേണ്ടി ഒരുദാഹരണം പറയാം. നമ്മള്‍ക്ക് വേണ്ടപ്പെട്ട ഒരു കുട്ടിയുടെ മുന്‍പില്‍ വിഷമുള്ള ഒരു പാമ്പ്‌ പത്തി വിടര്‍ത്തി നില്‍ക്കുവാണെന്ന് വിചാരിക്കുക. നമുക്ക് ആ പാമ്പിനെ കൊല്ലാന്‍ ആകെയുള്ള മാര്‍ഗം അതിനെ ഒരു വടികൊണ്ട് അടിച്ചു കൊല്ലുക എന്നുള്ളതാണ്. പക്ഷെ വടി കൊണ്ടടിച്ച് കൊല്ലുന്നതിന്‍റെ പ്രശ്നമെന്താണെന്ന് വെച്ചാല്‍ ആദ്യത്തെ അടിക്ക് തന്നെ പാമ്പ്‌ ചാവില്ല...ഓരോ അടി കൊടുക്കുമ്പൊഴും വേദനകൊണ്ട് പുളഞ്ഞായിരിക്കും അത് ചാവുന്നത്. ഈ വസ്തുത നമ്മള്‍ക്കറിയാമെങ്കിലും ആ സമയത്ത് നമ്മുടെ ലക്ഷ്യം ആ മനുഷ്യജീവനെ എങ്ങനെയെങ്കിലും രക്ഷിക്കുക എന്നുള്ളത് മാത്രമായിരിക്കും. അതിപ്പോ ആ പാമ്പിനെ ചുട്ടുകൊന്നിട്ടാണെങ്കിലും നമ്മളത് ചെയ്തിരിക്കും. അതുപോലെതന്നെയാണ് ഇതും. പിന്നെ മറ്റൊരുകാര്യം, കൊല്ലേണ്ടത് ഒന്നും രണ്ടും താറാവിനെയല്ല, ലക്ഷക്കണക്കിനാണ്. ഓരോന്നിനെയും പിടിച്ച് വിഷം കുത്തിവെക്കുക എന്നുള്ളത് പ്രാവര്‍ത്തികമാണോ എന്നുകൂടി ചിന്തിക്കണം.

താറാവിനെ കൊല്ലുമ്പോഴുണ്ടാകുന്ന വിഷമം മനസിലാക്കാം, പക്ഷെ നാട്ടുകാർക്ക് ഭീഷണിയായി തെരുവിൽ അലഞ്ഞു നടക്കുന്ന പേപ്പട്ടിയെ ആരെങ്കിലും തല്ലിക്കൊന്നാൽ ഇവിടെ ഉയർന്നുവരുന്ന പ്രതിഷേധം അത്ഭുതപ്പെടുത്തുന്നതാണ്.  ദിവസവും എത്രപേരാണ്, അതും കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ ഇതിന്‍റെ കടി കൊണ്ടുവെന്നും പറഞ്ഞ് പത്രത്തില്‍ വാര്‍ത്ത വരുന്നത്. ഇതൊന്നും കാണാനും കേള്‍ക്കാനും ആരുമില്ല, എ.സി കാറില് സ്മാര്‍ട്ട്‌ ഫോണ്‍ പിടിച്ച് നടക്കുന്ന നമ്മളെപ്പോലുള്ളവര്‍ക്ക് ഇതൊന്നും പ്രശ്നമല്ല. അതിലൂടെ നടക്കാന്‍ വിധിക്കപ്പെട്ടവര്‍ക്കാണ് അതിന്‍റെ വിഷമം മനസിലാവൂ. ടെക്നോപാര്‍ക്ക് സ്ഥിതി ചെയ്യുന്ന കഴക്കൂട്ടം, കാര്യവട്ടം, എന്നിവടങ്ങളിലുള്ളവര്‍ക്ക് ഇത് കൃത്യമായിട്ടറിയാം.

താറാവിനെക്കുറിച്ച് വിഷമിക്കാതെ ഈ സമയത്ത് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത് സ്വപ്‌നങ്ങള്‍ തകര്‍ന്നടിഞ്ഞ അവിടുത്തെ കര്‍ഷകരെക്കുറിച്ചാണ്.  കുട്ടനാട്ടിലും മറ്റുമുള്ള കര്‍ഷകര്‍ക്ക് ഒരു പക്ഷെ താറാവ് കൃഷി മാത്രമായിരിക്കും ഉപജീവനമാര്‍ഗം. അതുകൊണ്ട് സര്‍ക്കാര്‍ എത്രയും പെട്ടെന്ന് അവര്‍ക്കനുവദിച്ചിട്ടുള്ള നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നൊരപെക്ഷയുണ്ട്. അല്ലെങ്കില്‍ വീണ്ടുമൊരു കര്‍ഷക ആത്മഹത്യക്ക് നമ്മുടെ കേരളം സാക്ഷ്യം വഹിക്കേണ്ടി വരും. 

(കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തവണ  ക്രിസ്മസിന് അപ്പത്തിന്‍റെ കൂടെ കഴിക്കാന്‍ താറാവുറോസ്റ്റും  ചിക്കന്‍ഫ്രൈയും ഉണ്ടാവില്ലല്ലോ എന്നുള്ളതായിരിക്കും ഇപ്പറഞ്ഞവരുടെയൊക്കെ ഏറ്റവും വലിയ വേവലാതി!!)

--
ചിത്രങ്ങള്‍ക്ക് കടപ്പാട്: 
http://kothamally.com/recipes/karimeen-fry/
www.google.com




Saturday, 1 November 2014

രണ്ടുപേര്‍ തമ്മില്‍ ചുംബിക്കുമ്പോള്‍ ആകാശം ഇടിഞ്ഞു വീഴുന്ന നാട്ടില്‍

പബ്ലിക് ആയിട്ട്‌ ചുംബിക്കുന്നതിനെ എതിര്‍ക്കുന്ന, ആര്‍ഷഭാരത സംസ്കാരത്തിന്‍റെ മറവില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന സദാചാര ചേട്ടന്മാരോട് ഒരു വാക്ക്:

ഒരു കാര്യം നിങ്ങള്‍ ആദ്യമേ മനസിലാക്കണം; ഭാരതത്തില്‍ പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും മാതൃരാജ്യമെന്നാല്‍ ഒരേ വികാരം തന്നെയാണ്. ഹിന്ദുവിന്‍റെയും ക്രിസ്ത്യാനിയുടെയും മുസ്ലീമിന്‍റെയും സാത്താന്‍ ആരാധകാരുടെയും നിരീശ്വരവാദികളുടെയും ശരീരത്തില്‍ ഓടുന്നത് ഒരേ രക്തമാണ്. ഇവിടെ ജീവിക്കാനും, വേണ്ടി വന്നാല്‍ രാജ്യത്തിനുവേണ്ടി മരിക്കാനും നിങ്ങളെപ്പോലെതന്നെ എല്ലാവരും തയ്യാറാണ്. അതുകൊണ്ടാണ് ഏതുസമയത്തും മരണമെത്തുമെത്താവുന്ന അതിര്‍ത്തിയില്‍ എല്ലാ ജാതി മതസ്ഥരും തോക്കും പിടിച്ച് നില്‍ക്കുന്നത്.

നമ്മുടെ നാടിന്‍റെ സംസ്കാരവും, പൈതൃകവും, പാരമ്പര്യവുമൊക്കെ കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ഒരുപോലെ കടപ്പെട്ടവരാണ്. ഇതൊക്കെ ഒരു വിഭാഗക്കാര് മാത്രമാണ് ചെയ്യുന്നത് എന്നുള്ള വാദം വെറും ബാലിശമാണെന്ന് പറയാതിരിക്കാന്‍ വയ്യ. പബ്ലിക്‌ ആയിട്ട് ചുംബിക്കുന്നതിനോട് താല്‍പര്യമില്ലെന്നാണ് നിങ്ങളുടെ അഭിപ്രായമെങ്കില്‍,  എല്ലാവരും അതിനെ മാനിക്കുന്നു. പക്ഷെ നിങ്ങള്‍ക്കിഷ്ടമില്ലാത്തകാര്യം ആരും ഇവിടെ ചെയ്യരുത് എന്ന് പറയുന്നത് ശരിയല്ല.  ഇങ്ങനെപോയാല്‍ ഭാരതത്തിന്‍റെ വസ്ത്രസംസ്കാരം മുണ്ടാണെന്ന് പറഞ്ഞ് നാളെ മുതല്‍ പാന്‍റ്സും ജീന്‍സും ഇട്ടു നടക്കുന്നവരുടെ കാല് വെട്ടാന്‍ തുടങ്ങിയാല്‍ വല്യ ബുദ്ധിമുട്ടാവും.

പിന്നെ എല്ലാ കൂട്ടത്തിലും കാണും കുറച്ച് തലതെറിച്ചതുങ്ങള്. അവരെ കണ്ടിട്ട് അല്ലെങ്കില്‍ അവര് പുലമ്പുന്നത് കേട്ട് പ്രശ്നങ്ങളുണ്ടാക്കാന്‍ തുടങ്ങിയാല്‍ മതേതര രാഷ്ട്രം എന്ന് നമ്മളെല്ലാം പഠിച്ച ഇന്ത്യയുടെ മുഖത്ത് കരിവാരിതേക്കുന്നതിന് തുല്യമാവുമത്. 

അല്ലെങ്കിലും അവനവന്‍റെ വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കാതെ അന്യന്‍റെ പൊത്തകം മുഴുവന്‍ വായിച്ച്പഠിച്ച്, അതിലുള്ള നല്ല കാര്യങ്ങളെല്ലാം മാറ്റി, അതിന്‍റെ കുറവ് മാത്രം കണ്ടുപിടിക്കുന്ന മലയാളിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

<image> #kissofloveഅവസാനമായി  ഒരു കാര്യം കൂടി. ചില കാര്യങ്ങള്‍ ചെയ്യുന്നതിന് ഒരു മറ വേണം എന്ന് പറഞ്ഞുകൊണ്ട് നിങ്ങള്‍ പറയുന്ന ഉദാഹരണം ബാത്ത്റൂമിൽ പോവുമ്പോ നമ്മൾ കതകടയ്ക്കുന്നത്. ഒരു ചുംബനത്തോടുപമിക്കാൻ പറ്റിയ കാര്യം..! അതുപോലെ തന്നെ വേറൊന്ന് പറയുന്നത്, പബ്ലിക്‌ ആയിട്ട് ചുംബിക്കുന്നത് ചില പാശ്ചാത്യശക്തികളുടെയും കോര്‍പ്പറേറ്റുകളുടെയും കെണിയാണെന്ന്. എന്നും രാവിലെ എണീറ്റ്‌ ഇതുപോലുള്ള കെണിയുണ്ടാക്കുന്നതാണല്ലോ  അവരുടെ പണി! ഒന്നുമില്ലെങ്കിലും കടലാസിലെങ്കിലും നമ്മുടെ സാക്ഷര 100% ശതമാനമാണ്. അതിന്‍റെ  പക്വതയെങ്കിലും കാണിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്!

സ്നേഹിക്കുന്ന രണ്ടുപേര്‍, അതിപ്പോ അച്ഛനും മോളുമായിക്കോട്ടേ, ഭാര്യയും ഭര്‍ത്താവുമായിക്കോട്ടേ, കാമുകനും കാമുകിയുമായിക്കോട്ടേ പബ്ലിക്‌ ആയിട്ട്‌ ഒന്നുമ്മവെച്ചാല്‍ ആകാശമൊന്നുമിടിഞ്ഞു വീഴില്ല സുഹൃത്തുക്കളെ. മറ്റുള്ളവരുടെ സ്വകാര്യതയെ ബഹുമാനിക്കാന്‍ ശീലിച്ചാല്‍ തീരവുന്നതെയുള്ളൂ ഈ പ്രശ്നങ്ങളൊക്കെ എന്നാണെനിക്കുതോന്നുന്നത്.

(ചുംബനവും മതവും തമ്മില്‍ കൂട്ടികലര്‍ത്തി പറയേണ്ടി വന്നതില്‍ വിഷമമുണ്ട്. പക്ഷെ സോഷ്യല്‍ മീഡിയയില്‍ ഇതൊരു സാമൂഹിക വിഷയം എന്നതിനപ്പുറം, പല മതങ്ങള്‍ക്കുമെതിരേയുള്ള പോര്‍വിളിയായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോയെന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു)

--
ചിത്രങ്ങള്‍ക്ക് കടപ്പാട്:
http://webneel.com/wallpaper/i/29-india-independence-day-wallpaper/1887/o/9116
http://indiatoday.intoday.in/story/sunday-kiss-day-kerala-kochi-protest-moral-policing-kozhikode-bjp/1/398058.html

Tuesday, 28 October 2014

ഇങ്ങളെന്ത് വിടലാണെന്‍റെ ബാബ്വുവേട്ടാ..!

ഇന്ത്യയിലെന്നല്ല ലോകത്തിലെതന്നെ ഒട്ടുമിക്ക എഞ്ചിനീയര്‍മാരുടെയും സ്വപ്നമാണ് അമേരിക്കയുടെ സ്പേസ് ഏജന്‍സിയായ നാസയില്‍ ജോലി ലഭിക്കുകയെന്ന്....എനിക്കതും വേണ്ട, അവരുടെ ഏതേലും സ്പേസ് ഷട്ടില്‍ ഒന്നടുത്ത് കണ്ട് അതില്‍ ഒന്ന് കേറിനോക്കാനെങ്കിലും പറ്റിയാല്‍ മതിയായിരുന്നു. അപ്പോഴാണ്‌ നാസയില്‍ ജോലി ലഭിക്കാന്‍ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിക്കണമെന്ന ആവശ്യത്തിന് മുന്നില്‍, മരിച്ചാലും അതിന് തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് കോട്ടയം മണിമല സ്വദേശി അരുണ്‍ വാര്‍ത്തകളില്‍ നിറയുന്നത്.   അതുപോലരവസരം തുലച്ചതിന് അങ്ങേരോട് ദേഷ്യം തോന്നിയെങ്കിലും
അദ്ധേഹത്തിന്‍റെ രാജ്യസ്നേഹത്തിന് ഒരു സല്യൂട്ട് കൊടുക്കാന്‍ തോന്നിയിരുന്നു. പ്രധാനമന്ത്രി അരുണിനെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും  ഒരുമിച്ചിരുന്ന് ചായകുടിച്ചെന്നും റിപ്പോര്‍ട്ട്‌ വന്നതോട്കൂടി സംഭവം കൊഴുത്തു...

ഇപ്പൊ ദാ കേള്‍ക്കുന്നു അതു മുഴുവന്‍ അരുണ്‍ തന്നെ പെടച്ചുവിട്ട വെറും കെട്ടുകഥകളായിരുന്നെന്ന്‍. കല്ലുവെച്ച നുണകള്‍ എന്ന പ്രയോഗം തന്നെ ഇതുപോലത്തെ കാര്യങ്ങള്‍ ഉദ്ദേശിച്ചായിരിക്കും. ചീട്ടുകൊട്ടാരം പോലെ കള്ളങ്ങള്‍ ഒന്നിന് പുറകെ ഒന്നായി തകര്‍ന്നു വീഴുമ്പോള്‍ ഞാന്‍ ആലോചിക്കുന്നത് രണ്ടുമൂന്ന് കാര്യങ്ങളാണ്.

1.  കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴെ കയറുമായിട്ട് ഇറങ്ങുന്ന മാധ്യമങ്ങള്‍. എവിടെയെങ്കിലും ആരെങ്കിലും എന്തേലും പറയുന്നത് കേട്ടാല്‍ അപ്പോള്‍ തന്നെ അത് വാര്‍ത്തയാക്കും. കാരണം ഫ്ലാഷ് ന്യൂസിനാണ് മാര്‍ക്കറ്റ്‌. സൂര്യ ടിവി തട്ടിവിട്ടത് 35 ലക്ഷം രൂപയാണ് അരുണിന്‍റെ 'പ്രതിമാസ' ശമ്പളമെന്ന്!!ഇതുപോലെ തന്നെ ഈയിടയ്ക്ക് വന്ന മറ്റൊരു വാര്‍ത്തയായിരുന്നു കേരളത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് വിവിധ ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് ഈടാക്കുന്ന പിഴത്തുക കുത്തനെ കൂട്ടിയെന്നത്. രണ്ടു ദിവസം കഴിഞ്ഞ് ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ ഗതാഗത വകുപ്പ് തന്നെ പറഞ്ഞ് അങ്ങനെയൊരു ഉത്തരവിറക്കിയിട്ടില്ലെന്ന്‍. ഇതുപോലുള്ള വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അതിന്‍റെ ആധികാരികത കൂടി പരിശോധിക്കെണ്ട ബാധ്യത മാധ്യമങ്ങള്‍ക്കില്ലേ..?

2. എങ്ങനെയാണ് വെറും ഇരുപത്തേഴ് വയസ്സുള്ള അരുണ്‍ എന്ന ചെറുപ്പക്കാരന് മാധ്യമങ്ങളെയും സോഷ്യല്‍ മീഡിയയെയും ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞത്..? നമ്മളൊക്കെ എന്തേലും പറഞ്ഞാല്‍ (ഇനിയിപ്പോ അത് ശരിക്കും ഉള്ളതാണെങ്കിലും) കൂട്ടുകാര് പോലും വിശ്വസിക്കില്ല! മഞ്ഞപത്രങ്ങള്‍ മാത്രമല്ല ഇത് റിപ്പോര്‍ട്ട്‌ ചെയ്തത്, ദേശിയ തലത്തില്‍ പോലും ഇത് വാര്‍ത്തയായിരുന്നു എന്നോര്‍ക്കണം. അങ്ങനെ നോക്കുമ്പോള്‍ അരുണിനെ സമ്മതിക്കണം, മാത്രമല്ല  എന്‍റെ അഭിപ്രായത്തില്‍  ഐ.എസ്.ആർ .ഓ-യിൽ തന്നെ ഒരു ജോലിയും കൊടുക്കണം. കാരണം ഒരാൾക്ക് ഇതുപോലെ തള്ളാൻ പറ്റുമെങ്കിൽ, ഇന്ധനമില്ലാതെ, ആ തള്ളൽ മാത്രമുപയോഗിച്ച്‌  നമ്മുടെ റോക്കറ്റിനെ ചൊവ്വായിലോ ശുക്രനിലോ എത്തിക്കാൻ പറ്റും. (ഗൂഗിള്‍ പോലുള്ള കമ്പനികള്‍ വല്യ വല്യ ഹാക്കര്‍മാരെ പറയുന്ന ശമ്പളം കൊടുത്ത് ജോലിക്കെടുക്കുമെന്ന് കേട്ടിട്ടുണ്ട്. അതിനവര്‍ പറയുന്ന കാരണം, ഇത്‌പോലുള്ളവന്മാര്‍ പുറത്തുനിര്‍ത്തുന്നത്തിലും സേഫ് അകത്ത് നിര്‍ത്തുന്നതാണത്രേ..! )

3. സോഷ്യല്‍ മീഡിയയുടെ ശക്തി - ഈ കള്ളക്കളി പൊളിച്ചത് സോഷ്യല്‍ മീഡിയയിലെ നെറ്റിസണ്‍ പോലീസ് ആണെന്നാണ് റിപ്പോര്‍ട്ടുകളില്‍ കണ്ടത്. ഇതുപോലുള്ള കാര്യങ്ങള്‍ കണ്ടുപിടിക്കാനും ചര്‍ച്ചയാക്കാനും സോഷ്യല്‍ മീഡിയക്കുള്ള പങ്ക് ഒന്നുകൂടി തെളിയിച്ചിരിക്കുന്നു.

ചോദ്യം: ബൈ ദി ബൈ, താങ്കള്‍ പഠിച്ച കോളേജ് എതാണെന്ന പറഞ്ഞെ..?
ഉത്തരം: പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജ്

പൂഞ്ഞാര്‍..!! പൂഞ്ഞാര്‍ എന്നല്ലേ പറഞ്ഞത്..? ഇപ്പൊ OK! അല്ലെങ്കിലോര്‍ക്കും പിള്ളേച്ചന്‍ കള്ളം പറഞ്ഞതാണെന്ന്!!!

ഒന്നര വര്‍ഷം മുന്‍പ് നാസയിലെ 'യുവശാസ്ത്രജ്ഞനെ' അഭിനന്ദിക്കുന്നതും അതിനുശേഷം അദ്ധേഹത്തിന്‍റെ തിരുമൊഴിയും ഇവിടെ കാണാം
--

ചിത്രത്തിന് കടപ്പാട്: the Logical Indian


Saturday, 25 October 2014

രാഘവന്‍റെ സദാചാരം


കേരളത്തിന്‍റെ വടക്കേയറ്റത്തുള്ള ഒരു ഗ്രാമം. തറവാടിന്‍റെ ഉമ്മറത്ത്‌ കാര്‍ന്നോരൊന്നു മയങ്ങി തുടങ്ങിയതെയുണ്ടായിരുന്നുള്ളൂ. മുറ്റത്തൊരു കാലനക്കം കേട്ടാണ് ഞെട്ടിയെണീറ്റത്.

"അല്ലാ ഇതാര് രാഘവനോ..?  എന്താ ഇപ്പൊ ഈ വഴിക്കൊക്കെ..? നിന്‍റെ തള്ള ദീനം വന്ന് ചത്തപ്പോ അത്രടം വരെ ഒന്ന് വരാന്നോര്‍ത്തതാ. വയ്യാര്‍ന്നു, തീരെ വയ്യാര്‍ന്നു. പണ്ടീവീട്ടില് എത്ര പറ നെല്ലാ നിന്‍റെ തള്ളേം തന്തേം ഉണക്കിതന്നേക്കണത്."

"കഴിഞ്ഞ ദിവസം ഇവിടുള്ളോര് കുറച്ചു കോഴിക്കുഞ്ഞുങ്ങളെ മേടിച്ചെന്നുകേട്ടു..?"

"ഉവ്വ്..കഴിഞ്ഞീസം പനങ്ങാട്ട് ചന്തേല് പോയപ്പോ നല്ല ഒന്നാന്തരം കോഴിക്കുഞ്ഞുങ്ങള്... കായ് സ്വല്പം കൂടുതലാണേലും ഒന്നാന്തരം ഒരു പെടയും അതിന് പറ്റിയ ഒരു പൂവനേം മേടിച്ചു..ന്താ രാഘവാ ചോദിച്ചേ..? നീയും മേടിച്ചുവോ...?"

"എന്നിട്ടീ പെടയെയും പൂവനെയും ഒരു കൂട്ടിലാണോ ഇടാറ്..? പകല് ഒരുമിച്ചഴിച്ചുവിടുമായിരിക്കും"

"ഹയീ ഇത് നല്ല കഥ...പിന്നെ ഓരോന്നൊരോന്നിനെയായിട്ടഴിച്ചുവിടാന്‍ പറ്റ്വോ..? നീയെന്താപ്പോ ഇങ്ങനനോക്കെ ചോദിക്കണേ..?"

"കാര്‍ന്നോരെ അതൊക്കെ പണ്ട്... ഇപ്പൊ ഈ നാട്ടില് പുതിയ വ്യവസ്ഥിതികളാണ്. മുട്ടയിടാന്‍ പ്രായമാവാത്ത കോഴിക്കുഞ്ഞിനെ ഈ പൂവന്‍കോഴിയുടെ കൂടെ ഇങ്ങനെ രാത്രിയിലും പകലും വിടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല."

"ശിവ ശിവ..പിന്നെ ന്വാം എന്തു വേണേന്നാ നിങ്ങള് പറയണത്..?" 

" കോഴിക്കൂട് ഒന്നൂടെ പണിയണം. ഒന്നില്‍ പിട, മറ്റേതില്‍ പൂവന്‍. രണ്ടും തമ്മില്‍ പകല് കാണാനോ ഒന്നിച്ച് ഇര പിടിക്കനോ പാടില്ല... പിട മുട്ടയിടാറാവുമ്പോ വേലികെട്ടിത്തിരിച്ച് രണ്ടിനേം ഇടണം... പുറത്ത് വിടുന്ന നേരത്ത് അതുങ്ങടെ മേല് എപ്പോഴും ഒരു കണ്ണുവേണം.."

"ഇതെന്ത് വിഡ്ഢിത്താണ് രാഘവാ നീയിയെഴുന്നള്ളിക്കണത്..? നമ്മളെന്തിനാ ഇതിന്‍റെയൊക്കെ പുറകെ നടക്കുന്നത്..? എന്ത് വേണമെന്നും എപ്പോ വേണമെന്നുമൊക്കെ അതുങ്ങക്കറിയാന്‍മേലെ..?"

"അവരിപ്പോ അങ്ങനറിയണ്ടാ.. പറഞ്ഞപോലെ ചെയ്തില്ലെങ്കില്‍ ഈ മുക്കാലിഞ്ച് കോഴിക്കൂട് ഞങ്ങള് തല്ലിപ്പൊളിക്കും..മനുഷ്യനായാലും കോഴിയായാലും പ്രായപൂര്‍ത്തിയാവുന്നതിനു മുന്‍പ് തമ്മില്‍ കാണുന്നതും സംസാരിക്കുന്നതും ഭാരത സംസ്കാരത്തിന് ചേര്‍ന്നതല്ല" 

"എന്ത് തെമ്മാടിത്തരമാണെടാ നീ പുലമ്പുന്നത്...? ആണും പെണ്ണും ഒന്നിച്ച് കാണാന്‍ മേലത്രേ. മൂവന്തിനേരത്ത് കെട്ട്യോന്‍ ചത്ത വടക്കേലെ ശന്തേടെ വീട്ടില് നീ പൂവറുണ്ടെന്ന്‍ ഇവിടുത്തെ വാല്യക്കാര് പറയാറുണ്ട്‌...എന്നിട്ടവന്‍ ഈ തറവാടിന്‍റെ ഉമ്മറത്തുവന്നു നിന്ന്  സദാചാരം പ്രസംഗിക്കുന്നു. പൊക്കോണം ഇവിടുന്ന് അല്ലെങ്കില്‍ ന്‍റെ ഊന്നുവടീടെ ചൂട് നീയറിയും."

"എടൊ പരട്ട കാര്‍ന്നോരെ, ശന്തേടെ വീട്ടില്‍ പോണോ വേണ്ടയോ എന്നുള്ളതൊക്കെ എന്‍റെയിഷ്ടമാണ്.... അതിലൊരുത്തനും ഇടപെടണ്ടാ.. ഇപ്പറയണ ശാന്ത കാര്‍ന്നോരുടെ പെങ്ങളൊന്നുമല്ലല്ലോ.."

"നിയ്ക്യും അത് തന്നെയാ നിന്നോടും ചോദിക്കാനുള്ളത്... ഈ കിടക്കണ പെടക്കൊഴിനെ നിന്‍റെ വീട്ടിന്ന് കൊണ്ടുവന്നതോന്നുമാല്യാലോ..? വന്ന് വന്ന് കോഴിക്കുപോലും പുറത്തിറങ്ങി നടക്കാന്‍ വയ്യാതായല്ലോ ന്‍റെ ഭഗവതി.. ഏതേലും ഒരാണും പെണ്ണും ഒന്നിച്ച് കണ്ടാ നിനക്കൊക്കെയെന്തിനാട ഇത്ര ചൊറിച്ചില്..? വല്യ സദാചാരക്കാര് വന്നിരിക്കുന്നു... എറങ്ങിക്കോണം ഇപ്പൊ എന്‍റെ മുറ്റത്തൂന്ന്.."

"ദേ മൂപ്പിലനെ.."

"പ്ഫാ..."

പിറ്റേന്ന് രാവിലെ കോഴിക്കൂടും കുഞ്ഞുങ്ങളും ഒരു പിടി (സദാ)ചാരമായിതീര്‍ന്നിരുന്നു. ശാന്തേടെ വീട്ടില്‍ പോകുംവഴിയാണ് രാഘവന്‍ കൂട് കത്തിച്ചതെന്ന് ഒരു കൂട്ടരും, എന്നാല്‍ തിരിച്ച് പോവുന്ന നേരത്താണ് കത്തിച്ചതെന്ന് മറ്റൊരു കൂട്ടരും വാദിച്ചു. ആ രാത്രീലും അയാള്‍ ശാന്തേടെ വീട്ടില്‍ പോണത് കണ്ടതായി ഇരുകൂട്ടരും ഒരുപോലെ സമ്മതിച്ചു. 

---
[ചിത്രങ്ങള്‍ക്ക് കടപ്പാട്: 
http://www.namboothiri.com/articles/some-namboothiri-illams.htm
http://aswathikasimadom.blogspot.co.uk/2008/02/earlier-it-was-common-sight-in-kerala.html]