എലീം ചത്തു, അടിയന്തിരവും കഴിഞ്ഞു..ന്നാലും എങ്ങനെയാ പറയാതിരിക്കുന്നത്..
ഇക്കഴിഞ്ഞ ഓണത്തിന് റിലീസായ "പെരുച്ചാഴി" ഇപ്പോഴാണ് കാണാന്‍ സാധിച്ചത്.. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇങ്ങളിതെന്തൊരു ബെറുപ്പിക്കലാണെന്‍റെ ബാബ്വേട്ടാ...??!! തിയറ്ററില്‍പോയി കാണാഞ്ഞത് ഭാഗ്യം ന്ന് പറഞ്ഞാ മതിയല്ലോ.. ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരു ഡയലോഗോ, ഒരു സീനോ ഇല്ലാതെ രണ്ടര മണിക്കൂര്‍! ലാലേട്ടനെന്തിനാണ് ഇതുപോലത്തെ പടത്തിലൊക്കെ കേറി അഭിനയിക്കുന്നതെന്ന്‍ മനസിലാവുന്നില്ല. കഥേം തിരക്കഥേം ചുമ്മാതൊന്നു വായിച്ച് നോക്കിയിട്ട് വേണ്ടേ ഇവനൊക്കെ ഡേറ്റ് കൊടുക്കാന്‍. അതോ "സ്ക്രിപ്റ്റ് കത്തിച്ചിട്ടാണോ" പടം പിടിക്കാന്‍ തുടങ്ങിയത്.??! അതാണല്ലോ ഇപ്പൊഴത്തെ ട്രെന്‍ഡ്!
ഈ സില്‍മ ഇതുവരെ കണ്ടിട്ടില്ലാത്തവര്‍ക്ക് വേണ്ടി, കഥ വളരെ സിമ്പിളായിട്ടങ്ങ് പറയാം (പ്രത്യേകിച്ച് സസ്പെന്‍സ് ഒന്നുമില്ലാത്തതുകൊണ്ട്, ഇത് വായിച്ചിട്ട് കണ്ടാലും കുഴപ്പമില്ല!!):
- സ്റ്റാര്‍ട്ട് , ആക്ഷന്‍ -
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പരിഹാരം കാണാന്‍ കഴിയാതെ സംസ്ഥാന ജലവിഭവ മന്ത്രി നായകന്‍ ജഗന്നാഥനെ (ലാലേട്ടന്‍) വിളിക്കുന്നതാണ് തുടക്കം. ആ സമയത്ത്, രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളുമായിട്ടുള്ള വാശിയേറിയ ക്രിക്കറ്റ് കളിയില്‍ ബാറ്റ് ചെയ്യുകയാണ് നായകന്‍. അവസാന ബോളില്‍ 'എട്ട്' റണ്‍സ് ഓടിയെടുത്ത് (കഥയില്‍ ചോദ്യമില്ല) നായകന്‍ തന്‍റെ കരുത്ത് തെളിയിക്കുന്നു! സിനിമയുടെ പിന്നീടുള്ള പോക്കിനെക്കുറിച്ച് സംവിധായകന്‍ ഒരു ഏകദേശ രൂപം പ്രേക്ഷകര്‍ക്ക് നല്‍കുന്നു..!!
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴന്മാര്‍ക്കിട്ട് പണി കൊടുക്കാന്‍ വേണ്ടി, നായകന്‍ ഒരു നിര്‍ദേശം മുന്നോട്ട് വെയ്ക്കുന്നു. ശബരിമലയില്‍ വരുന്ന എല്ലാ അന്യസംസ്ഥാനക്കാര്‍ക്കും 'അയ്യായിരം രൂഫ' വെച്ച് ടക്സ് ഏര്‍പ്പെടുത്തുന്നു!! അങ്ങനെ തമിഴന്മാര്‍ ഒരു പാഠം പഠിക്കുന്നു.!! ആഹ!
ഈ പോക്കാണെങ്കില്‍ ജഗന്നാഥന്‍ തനിക്കൊരു പാരയാവുമെന്ന് തിരിച്ചറിയുന്ന മന്ത്രി, ജഗനെ മറ്റൊരു പ്രോബ്ലം സോള്‍വ് ചെയ്യാനായി ബീമാനത്തില്‍ കയറ്റി വിടുന്നു. ഇനി കഥ നടക്കുന്നത് മുഴുവന്‍ അക്കരെയാണ്, അമേരിക്കയില്‍!
ഒരു സായിപ്പിനെ ഇലക്ഷനില്‍ ജയിപ്പിക്കാന്‍ വേണ്ടി, നായകനും രണ്ടു സുഹൃത്തുക്കളും അമേരിക്കയില്‍ ലാന്‍ഡ് ചെയ്യുന്നു. മുപ്പത് കോടിയാണ് പ്രതിഫലം വാഗ്ദാനം ചെയ്തത്. തന്‍റെ "ബുദ്ധിപരമായ" നീക്കങ്ങളിലൂടെ പല കളികളും കളിച്ച് നായകന്‍ ഇലക്ഷന്‍ ക്യാമ്പയിന്‍ നടത്തി മുന്നേറുന്നു.!! കാലിഫോര്‍ണിയ പോലെയുള്ള ഒരു അമേരിക്കന്‍ സ്റ്റേറ്റില്‍ മത്സരിക്കുന്നവന് ഒരു മിനിമം ഫുദ്ധിയെങ്കിലും വേണം എന്നുള്ളതൊന്നും സംവിധായകന് പ്രശ്നമല്ല. അതുപോലെ തന്നെ മരമണ്ടന്മാരായി ചിത്രീകരിക്കുന്ന അവിടുത്തെ ജനങ്ങള്‍ക്ക് സൗജന്യമായി കമ്പ്യൂട്ടറും, ഫോണുമൊക്കെ കൊടുത്ത് വശീകരിക്കുന്നു (തമിഴ് നാട്ടില്‍ ടി.വി, സൈക്കിള്‍ ഒക്കെ ഫ്രീയായിട്ട് തലൈവി കൊടുന്ന അതേ സെറ്റപ്പില്‍)!!!

സൂപ്പര്‍മാനയിട്ടും, അവതാര്‍ ആയിട്ടുമൊക്കെ നായകനും ശിങ്കിടികളും സ്ക്രീനില്‍ നിറഞ്ഞാടുമ്പോള്‍, ചിരിക്കാന്‍ പറ്റാതെ താടയ്ക്ക് കയ്യും കൊടുത്ത് ഇരിക്കേണ്ടി വന്നേക്കാം, പക്ഷെ പതറരുത്.!
പലരുമായി പ്രണയത്തിലാവന്‍ നായകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആരും വലയില്‍ വീഴുന്നില്ല (മദാമ്മമാര് മലയാളം പടങ്ങളൊന്നും കാണാത്തത് സംവിധായകന്‍റെ കുറ്റമല്ലല്ലോ). അവസാനം വഴിയില്‍ കാണുന്ന പെണ്ണുമായി നായകന്‍ എഴുന്നൂറ്റി അന്‍പത് ഡോളറിന് സ്നേഹം പങ്കിടുന്നു!!. ബാക്ക്ഗ്രൌണ്ട് മ്യൂസിക്കായിട്ട് നായകന്‍റെ തന്നെ പഴയ ചില മലയാള പടങ്ങളിലെ പാട്ടുകള്‍ കാണിക്കുന്നു. ഒരെണ്ണമാണെങ്കില്‍ സഹിക്കാം, പക്ഷെ ഇത് ഒന്നിന് പുറകെ ഒന്നായിട്ട് സില്‍മ വലിച്ചുനീട്ടാന്‍വേണ്ടി, ഹൊ അണ്‍സഹിക്കബിള്‍!. ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ തെരുവിലേക്കിറങ്ങിയ അവള്‍ക്കും, ബോണാസായിട്ട് കിട്ടിയ അവളുടെ കൊച്ചിനും ഒരു ജീവിതം കൊടുക്കാന്‍ നായകന്‍ തയ്യാറാവുന്നു. മലയാളമറിയില്ലാത്ത അവളെ നായകന്‍ മലയാളത്തിലുള്ള തമാശ പറഞ്ഞ് ചിരിപ്പിക്കുന്നു!!! ആഹഹ!
കാര്യം ഭാഷയറിയില്ലെങ്കിലും പ്രണയം തുടങ്ങിയ സ്ഥിതിയ്ക്ക് പാട്ടില്ലാതെ എങ്ങനെയാ.. അതുകൊണ്ട് ഒന്നും നോക്കിയില്ല, രണ്ടു പാട്ട് ബാക്ക് ടു ബാക്ക്!
- ഇന്‍റെര്‍വെല്‍ -
സില്‍മ രണ്ടാം പകുതിയിലേയ്ക്ക് കടക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ഹോട്ടലില്‍ പുട്ടടിക്കാന്‍ പോയ നായികയേയും നായകനേയും അവളുടെ പഴയ ഒരു കാമുകന്‍ ഓടിക്കുന്നു . കാറുണ്ടായിട്ടും നായികയും നായകനും അതില്‍ കയറാതെ, അമേരിക്കന്‍ നഗരമധ്യത്തിലെ ഏറ്റവും ഉടായിപ്പ് വഴിതന്നെ തിരഞ്ഞെടുത്ത് ഓടുന്നു. അങ്ങനെ പൊളിഞ്ഞ ഒരു കെട്ടിടത്തിന്‍റെ ഇടവഴിയില്‍ വെച്ച് ഗുണ്ടകള്‍ നായകനെ നേരിടുന്നു. നായികയ്ക്ക് വേണ്ടി നായകന്‍ ഗുണ്ടകളെ അടിച്ചൊതുക്കുന്നു. അങ്ങനെ അവളുടെ സിമ്പതി വളര്‍ന്ന് ഒരു എമ്പതിയായി മാറുന്നു!!
അതിനുശേഷം നായികയുടെ കുട്ടിയെ, അതിന്‍റെ ശരിക്കുള്ള തന്ത കാശിനുവേണ്ടി തട്ടിക്കൊണ്ട് പോവുന്നു!! (പലതവണ ഞാന്‍ പറഞ്ഞു കഥയില്‍ ചോദ്യമില്ലെന്ന്‍!) അവളുടെ സ്നേഹം കൊണ്ട് വീര്‍പ്പ് മുട്ടിയ നായകന്‍, കാശ് കൊടുത്ത് കുട്ടിയെ രക്ഷിക്കാം എന്ന് നായികയ്ക്ക് വാക്ക് കൊടുക്കുന്നു. പക്ഷെ ഇലക്ഷനില്‍ ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ സായിപ്പ് ചതിക്കുന്നു, അതുകൊണ്ട് നായകന് കാശ് കിട്ടുന്നില്ല.
ചതിക്കപ്പെട്ട നായകന്‍ മറുകണ്ടം ചാടി എതിരാളി സായിപ്പിന്‍റെ കയ്യില്‍ നിന്ന് കാശ് മേടിക്കുന്നു, കുട്ടിയെ രക്ഷിക്കുന്നു. പ്രിത്യുപകാരമായിട്ട് നായകന്‍ ഒരു ചൈനക്കാരനെ കൂട്ടുപിടിച്ച് 'വോട്ടിംഗ് മെഷീന്‍' ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി വോട്ട് തിരിമറി നടത്തി ഈ സായിപ്പിനെ ജയിപ്പിക്കുന്നു. യഥാര്‍ത്ഥ വോട്ടിംഗ് മെഷീനുമായിട്ട് വന്ന ഒരു പടുകൂറ്റന്‍ ട്രക്ക്, നഗര മധ്യത്തില്‍ വെച്ച് ഇരു ചെവിയറിയാതെ ബോംബിട്ട് പൊട്ടിക്കുന്നു!!!
വിജയശ്രീലാളിതനായി നാട്ടിലെത്തുന്ന നായകനെ തിരക്കി ലോകത്തിന്‍റെ എല്ലാ കോണില്‍ നിന്നും ഫോണ്‍ വിളികളെത്തുന്നു!! എല്ലാവരുടെയും ആവശ്യം ഇലക്ഷന്‍ ജയിപ്പിക്കണം എന്നുള്ളതാണ്. എന്നാല്‍ നായികയുമായിട്ട് സ്നേഹം പങ്കിടാനുള്ളതുകൊണ്ട് നായകന്‍ തല്‍കാലം അതെല്ലാം തള്ളിക്കളയുന്നു..!!!
- ശുഭം -
എന്നിട്ട്..?
എന്നിട്ട് എല്ലാവരെയുംപോലെ അവരും മരിക്കും എന്തേ..??!!!!
അംബുജാക്ഷന്‍റെ കഥ പോര!!
ഇതില്‍ പിന്നെ ആകെക്കൂടെ സൂപ്പര്‍ എന്ന് പറയാനുള്ളത്, മ്മടെ ലാലേട്ടന്‍ ബുള്ളെറ്റില്‍ വരുന്ന ഒന്ന് രണ്ടു മാസ് സീന്‍ ഉണ്ട്, അതേയുള്ളൂ.
Verdict : ഇത് കാണുന്ന സമയം കൊണ്ട് "വെള്ളിമൂങ്ങ" രണ്ടു തവണ കാണാം!
(P.S: ഞാനൊരു സിനിമാ നിരൂപകന്‍ ഒന്നുമല്ല, അതിനുള്ള ബുദ്ധിയുമില്ല. ഒരു സാധാരണക്കാരാനായ പ്രേക്ഷകന്‍ എന്ന നിലയ്ക്ക് വല്ലാതെ ബോറടിപ്പിച്ച പടമാണിത്. അതുകൊണ്ട് എഴുതിപ്പോയതാണ്, ബുദ്ധിജീവികള്‍ പൊറുക്കണം :) )
--
ചിത്രങ്ങള്‍ക്ക് കടപ്പാട് : www.google.com
No comments:
Post a Comment