Sunday, 30 November 2014

ചേട്ടാ കുറച്ചു താറാവ് റോസ്റ്റ് എടുക്കട്ടെ..?


ഉച്ചയൂണിന് ഒട്ടുമിക്ക മലയാളികള്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് മീന്‍! മീനെന്ന് പറയുമ്പോള്‍ അതിപ്പോ  വറുത്തതാണേലും, പുളിയൊക്കെയിട്ടുവെച്ച മീന്‍ കറിയാണെങ്കിലും, അതല്ല ഇനി വാഴയിലയില്‍ വെച്ച് പൊള്ളിച്ചെടുത്തതാണെങ്കിലുമൊക്കെ കൊള്ളാം, ഊണ് കുശാലായി.


പക്ഷെ നമ്മള്‍ ചിന്തിക്കാത്ത ഒരു കാര്യമുണ്ട്... കടലിലും കായലിലുമൊക്കെ വലയിട്ടും ചൂണ്ടയിട്ടും പിടിക്കുന്ന പാവം മീനുകള്‍, കരയ്ക്ക് കയറ്റുമ്പോള്‍ ശ്വാസം കിട്ടാതെ പിടഞ്ഞാണ് ചാവുന്നത് എന്നുള്ള വസ്തുത. നല്ല മസാലയൊക്കെപുരട്ടി പൊരിച്ച മീന്‍ മുന്‍പിലെത്തുമ്പോള്‍ നമ്മളിതെല്ലാം മറക്കും

അപ്പൊ പറഞ്ഞ് വന്നത്, ഇതൊന്നും പ്രശ്നമില്ലാത്ത നമ്മളെന്തിനാണ് കുറച്ചു താറാവുകളെ കൊല്ലുമ്പോള്‍ ഇമ്മാതിരി പുകിലുണ്ടാക്കുന്നത്..? പക്ഷിപ്പനി മനുഷ്യനിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് താറാവുകളെ കൊല്ലുന്നത്. ഇന്നല്ലെങ്കില്‍ നാളെ തീന്‍മേശയിലെത്താന്‍ വിധിക്കപ്പെട്ട ഒരു ജീവിയാണത്. അതു കഴിക്കുമ്പോള്‍ തോന്നാത്ത വേദന, ഇതുപോലത്തെ വാര്‍ത്ത കാണുമ്പോള്‍ തോന്നേണ്ട കാര്യമുണ്ടോ എന്നതാണ് സംശയം. നമുക്ക് ചുറ്റും, നമ്മോട് ഇണങ്ങി കഴിയുന്ന ഒരു ജീവിയെ കൊല്ലുമ്പോള്‍ ചെറിയൊരു നൊമ്പരം എല്ലാവരുടെയും നെഞ്ചിലുണ്ടാവും. പക്ഷെ നാളെ നമ്മള്‍ കറി വെക്കാനിരിക്കുന്ന താറാവിന്‍റെ ജീവനേക്കാള്‍ വില കല്‍പിക്കേണ്ടത് അവിടെയുള്ള മനുഷ്യ ജീവനല്ലേ..?. അല്ലെങ്കിലും കര്‍ഷകന്‍ താറാവിനെയും കോഴിയേയുമൊക്കെ വളര്‍ത്തുന്നത് പഠിപ്പിച്ച് വല്യ ഡോക്ടറാക്കനൊന്നുമല്ലല്ലോ..



പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന പ്രദേശങ്ങളിലെ ആളുകളുടെ കാര്യം ഒന്നാലോചിച്ചു നോക്കു, എത്ര ഭീതിയോടെയായിരിക്കും അവര്‍ കഴിയുന്നതെന്ന്‍. അവനവന്‍റെ കാര്യം വരുമ്പോഴേ നമ്മളൊക്കെ കണ്ണുതുറക്കൂ. ഇനി വേദനിപ്പിക്കാതെ വിഷം കുത്തിവെച്ച് കൊല്ലാന്‍മേലെ എന്ന് ചോദിക്കുന്നവര്‍ക്ക് വേണ്ടി ഒരുദാഹരണം പറയാം. നമ്മള്‍ക്ക് വേണ്ടപ്പെട്ട ഒരു കുട്ടിയുടെ മുന്‍പില്‍ വിഷമുള്ള ഒരു പാമ്പ്‌ പത്തി വിടര്‍ത്തി നില്‍ക്കുവാണെന്ന് വിചാരിക്കുക. നമുക്ക് ആ പാമ്പിനെ കൊല്ലാന്‍ ആകെയുള്ള മാര്‍ഗം അതിനെ ഒരു വടികൊണ്ട് അടിച്ചു കൊല്ലുക എന്നുള്ളതാണ്. പക്ഷെ വടി കൊണ്ടടിച്ച് കൊല്ലുന്നതിന്‍റെ പ്രശ്നമെന്താണെന്ന് വെച്ചാല്‍ ആദ്യത്തെ അടിക്ക് തന്നെ പാമ്പ്‌ ചാവില്ല...ഓരോ അടി കൊടുക്കുമ്പൊഴും വേദനകൊണ്ട് പുളഞ്ഞായിരിക്കും അത് ചാവുന്നത്. ഈ വസ്തുത നമ്മള്‍ക്കറിയാമെങ്കിലും ആ സമയത്ത് നമ്മുടെ ലക്ഷ്യം ആ മനുഷ്യജീവനെ എങ്ങനെയെങ്കിലും രക്ഷിക്കുക എന്നുള്ളത് മാത്രമായിരിക്കും. അതിപ്പോ ആ പാമ്പിനെ ചുട്ടുകൊന്നിട്ടാണെങ്കിലും നമ്മളത് ചെയ്തിരിക്കും. അതുപോലെതന്നെയാണ് ഇതും. പിന്നെ മറ്റൊരുകാര്യം, കൊല്ലേണ്ടത് ഒന്നും രണ്ടും താറാവിനെയല്ല, ലക്ഷക്കണക്കിനാണ്. ഓരോന്നിനെയും പിടിച്ച് വിഷം കുത്തിവെക്കുക എന്നുള്ളത് പ്രാവര്‍ത്തികമാണോ എന്നുകൂടി ചിന്തിക്കണം.

താറാവിനെ കൊല്ലുമ്പോഴുണ്ടാകുന്ന വിഷമം മനസിലാക്കാം, പക്ഷെ നാട്ടുകാർക്ക് ഭീഷണിയായി തെരുവിൽ അലഞ്ഞു നടക്കുന്ന പേപ്പട്ടിയെ ആരെങ്കിലും തല്ലിക്കൊന്നാൽ ഇവിടെ ഉയർന്നുവരുന്ന പ്രതിഷേധം അത്ഭുതപ്പെടുത്തുന്നതാണ്.  ദിവസവും എത്രപേരാണ്, അതും കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ ഇതിന്‍റെ കടി കൊണ്ടുവെന്നും പറഞ്ഞ് പത്രത്തില്‍ വാര്‍ത്ത വരുന്നത്. ഇതൊന്നും കാണാനും കേള്‍ക്കാനും ആരുമില്ല, എ.സി കാറില് സ്മാര്‍ട്ട്‌ ഫോണ്‍ പിടിച്ച് നടക്കുന്ന നമ്മളെപ്പോലുള്ളവര്‍ക്ക് ഇതൊന്നും പ്രശ്നമല്ല. അതിലൂടെ നടക്കാന്‍ വിധിക്കപ്പെട്ടവര്‍ക്കാണ് അതിന്‍റെ വിഷമം മനസിലാവൂ. ടെക്നോപാര്‍ക്ക് സ്ഥിതി ചെയ്യുന്ന കഴക്കൂട്ടം, കാര്യവട്ടം, എന്നിവടങ്ങളിലുള്ളവര്‍ക്ക് ഇത് കൃത്യമായിട്ടറിയാം.

താറാവിനെക്കുറിച്ച് വിഷമിക്കാതെ ഈ സമയത്ത് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത് സ്വപ്‌നങ്ങള്‍ തകര്‍ന്നടിഞ്ഞ അവിടുത്തെ കര്‍ഷകരെക്കുറിച്ചാണ്.  കുട്ടനാട്ടിലും മറ്റുമുള്ള കര്‍ഷകര്‍ക്ക് ഒരു പക്ഷെ താറാവ് കൃഷി മാത്രമായിരിക്കും ഉപജീവനമാര്‍ഗം. അതുകൊണ്ട് സര്‍ക്കാര്‍ എത്രയും പെട്ടെന്ന് അവര്‍ക്കനുവദിച്ചിട്ടുള്ള നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നൊരപെക്ഷയുണ്ട്. അല്ലെങ്കില്‍ വീണ്ടുമൊരു കര്‍ഷക ആത്മഹത്യക്ക് നമ്മുടെ കേരളം സാക്ഷ്യം വഹിക്കേണ്ടി വരും. 

(കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തവണ  ക്രിസ്മസിന് അപ്പത്തിന്‍റെ കൂടെ കഴിക്കാന്‍ താറാവുറോസ്റ്റും  ചിക്കന്‍ഫ്രൈയും ഉണ്ടാവില്ലല്ലോ എന്നുള്ളതായിരിക്കും ഇപ്പറഞ്ഞവരുടെയൊക്കെ ഏറ്റവും വലിയ വേവലാതി!!)

--
ചിത്രങ്ങള്‍ക്ക് കടപ്പാട്: 
http://kothamally.com/recipes/karimeen-fry/
www.google.com




No comments:

Post a Comment