Tuesday, 27 January 2015

കോപ്പിലെ ഒരു ഹര്‍ത്താല്

അങ്ങനെ സാക്ഷര കേരളം മറ്റൊരു ഹര്‍ത്താലിനുകൂടി സാക്ഷ്യം വഹിച്ചു. 

ബാര്‍ കോഴ കേസില്‍ കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു ഹര്‍ത്താല്‍... എന്നിട്ട് ഇപ്പറഞ്ഞ മാണി രാജി വെച്ചോ..? ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് മന്ത്രിപദം രാജി വെക്കില്ലെന്ന്‍ മാണിക്കുമറിയാം, അത് നടത്തിയവര്‍ക്കുമറിയാം, നാട്ടുകാര്‍ക്ക് മുഴുവനറിയാം. അല്ലെങ്കില്‍ത്തന്നെ ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് എന്ത് കാര്യമാണ് ഈ കേരളത്തില്‍ നടന്നിട്ടുള്ളത്..? പിന്നെയെന്തിനാണ് ജനങ്ങളെ മുഴുവന്‍ ബുദ്ധിമുട്ടിക്കുന്ന ഏര്‍പ്പാട് ഈ നൂറ്റണ്ടിലും തുടരുന്നത് എന്ന് ഹര്‍ത്താല്‍ നടത്തുന്നവരും അതിനോട് അനുഭാവം പ്രകടിപ്പിക്കുന്നവരും ചിന്തിക്കുക. 

ഏറ്റവും രസകരമായ കാര്യം, മന്ത്രി മാണി ഇങ്ങനെയൊരു ഹര്‍ത്താല്‍ നടന്നതായിട്ട്പോലും അറിഞ്ഞിട്ടുണ്ടാവില്ല. എല്ലാ ദിവസത്തെയും പോലെ പോലീസ് അകമ്പടിയോടുകൂടി അങ്ങേര് അങ്ങേരുടെ പണിക്ക് പോയിട്ടുണ്ടാവും! ഇനി മാണിയെക്കൊണ്ട് രാജിവെപ്പിക്കാനാണെങ്കില്‍ അങ്ങേരെ ഉപരോധിക്കുക, അല്ലാതെ സാധാരണക്കാരെയല്ല ബുദ്ധിമുട്ടിപ്പിക്കേണ്ടത്.

ഈ ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് കൈക്കൂലി മേടിക്കുന്ന ജനപ്രതിനിധികള്‍ ആ കലാപരിപാടി നിര്‍ത്തുമോ..? ഒരു വിദൂര സാധ്യതയെങ്കിലും..??

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കുമവകാശമുണ്ട്. പക്ഷെ മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുംമേല്‍ കൈ കടത്തുന്നത് ശരിയല്ല. അതുകൊണ്ടാണ് ബന്ദ്‌ നിയമവിരുദ്ധമാണെന്ന്‍ കോടതി ഉത്തരവിട്ടത്. അപ്പൊ എല്ലാവരും ചേര്‍ന്ന് അതിന്‍റെ പേര്മാറ്റി ഹര്‍ത്താല്‍ എന്നാക്കി. നിങ്ങള്‍ ആരെയാണ് പറ്റിക്കുന്നത്... കോടതിയേയോ..? അതോ ഇവിടുത്തെ ജനങ്ങളെയോ..?



ഹര്‍ത്താല്‍മൂലം സര്‍ക്കാരിനുണ്ടായ നഷ്ടം എത്രകോടിയാണെന്നത് തല്‍ക്കാലം മാറ്റിവെക്കാം. ഇന്നല്ലെങ്കില്‍ നാളെയത് നമ്മുടെ പോക്കെറ്റില്‍നിന്ന് തന്നെ അവര്‍ നികുതിയായിട്ട് പിരിച്ചെടുക്കും. അപ്പൊ നമുക്ക് അതിന്‍റെ പേരില്‍ അടുത്ത ഹര്‍ത്താല്‍ നടത്താം. അതുപോലെതന്നെ ഒരു ദിവസം കച്ചവടം അല്ലെങ്കില്‍ വ്യവസായം നടന്നില്ലെങ്കില്‍ വലിയ നഷ്ടമൊന്നും ഉണ്ടാവനിടയില്ലാത്ത കുത്തക മുതലാളിമാരെയും മാറ്റിനിര്‍ത്താം. എന്നിട്ട് നമുക്ക് സാധാരണക്കാരുടെ കാര്യമെടുക്കാം. കാരണം,  ഹര്‍ത്താലുകള്‍ ഏറ്റവുമധികം ബാധിക്കുന്നത് ദിവസക്കൂലിക്ക് പണിയെടുക്കുന്നവര്‍ക്കും, മറ്റ് ആവശ്യങ്ങള്‍ക്കായി ഓടി നടക്കുന്നവര്‍ക്കുമായിരിക്കും.

മാസശമ്പളം മേടിക്കുന്ന എനിക്കും, എന്നെപ്പോലുള്ളവര്‍ക്കും ഒരു ഹര്‍ത്താല്‍ വലിയ പ്രശ്നമാവില്ല. കൂടിപ്പോയാല്‍ ഒരു ലീവ് പോകുമായിരിക്കും, പക്ഷെ മാസാവസാനം കിട്ടുന്ന കാശ് കുറയില്ല. പക്ഷെ, അന്നന്നത്തെ ആഹാരത്തിനും, മരുന്നിനുമൊക്കെ വേണ്ടി പണിയെടുക്കുന്ന ഒരുപാട് പേര്‍, ചിലപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ ഇന്നാട്ടിലുണ്ട്. അവരുടെ കണ്ണീര്‍..


പല ആശുപത്രികളിലും വിസിറ്റിംഗ് ആയിട്ട് ഡോക്ടര്‍മാര്‍ വരാറുണ്ട്. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങമളുള്ളവര്‍ മാസങ്ങളോളം കാത്തിരുന്നിട്ടായിരിക്കും അവരുടെയൊക്കെ ഒരു സന്ദര്‍ശന സമയം കിട്ടുന്നത്. ഈ ഹര്‍ത്താല്‍ മൂലം ആശുപത്രിയില്‍ എത്തിപ്പെടാതെ ആ അവസരം നഷ്ടമാകുന്ന എത്രയോ പേര്‍... ഹര്‍ത്താല്‍ മൂലം മാറ്റിവെക്കപ്പെടുന്ന ശസ്ത്രക്രിയകള്‍.. അവരുടെ കണ്ണീര്‍...

ദൂരദേശത്ത് പോവുന്നവരും, അവിടെ നിന്ന് വരുന്നവരും എന്തു ചെയ്യണമെന്നറിയാതെയാവുന്ന നിമിഷങ്ങള്‍... ഹര്‍ത്താല്‍ മൂലം യാത്രചെയ്യാന്‍ കഴിയാതെ (പ്രത്യേകിച്ച് വിദേശത്തേക്ക് പോവുന്നവര്‍) ജോലി നഷ്ടപ്പെട്ടവര്‍...

ഹോട്ടെലുകള്‍ അടയ്ക്കുന്നതുമൂലം ഭക്ഷണം കിട്ടാതെ വലയുന്നവർ... ദൈവത്തിന്‍റെ സ്വന്തം നാട് കാണാന്‍ ഇവിടെ വന്നിട്ട് ഒന്നും ചെയ്യാനാവാതെ റൂമില്‍ തന്നെ ഇരിക്കേണ്ടി വന്ന വിനോദസഞ്ചാരികള്‍ (അവരുടെ ഓരോ ദിവസവും, അതിലെ ഓരോ മണിക്കൂറും വിലപ്പെട്ടതായിരിക്കും).. അവരെന്തായിരിക്കും നമ്മുടെ കൊച്ചുകേരളത്തെക്കുറിച്ച് അവരുടെ നാട്ടില്‍പോയി പറയുക..?

സംസ്ഥാന അതിര്‍ത്തിയില്‍ പെട്ടുകിടക്കുന്ന ചരക്കുലോറികള്‍, ഒരു ദിവസം താമസിച്ചാല്‍ ചീത്തയായിപ്പോവുന്ന അതിലെ ഭക്ഷ്യവസ്തുക്കള്‍, ഹര്‍ത്താല്‍ അവസാനിക്കുമ്പോള്‍ അവിടെയുണ്ടാവുന്ന  ട്രാഫിക്‌ ബ്ലോക്കുകള്‍.

നേരത്തെതന്നെ പറഞ്ഞുറപ്പിച്ച കല്യാണങ്ങള്‍, അത് മാറ്റിവെച്ചാലുണ്ടാവുന്ന പ്രശ്നങ്ങള്‍, യൂണിവേഴ്സിറ്റി പരീക്ഷകള്‍, താറുമാറാവുന്ന സര്‍ക്കാര്‍ ഓഫീസ് ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍, ഒരു ദിവസത്തെ വരുമാനം നഷ്ടപ്പെട്ട ഓട്ടോ, ബസ്‌, ടാക്സി തൊഴിലാളികള്‍, പലചരക്ക് കട നടത്തുന്നവര്‍, സ്തംഭിക്കുന്ന കയറ്റുമതി മേഖലകള്‍, ഹര്‍ത്താല്‍ അക്രമങ്ങളില്‍ പരിക്കേല്‍ക്കുന്ന സര്‍ക്കാരുദ്യോഗസ്ഥര്‍... ഹര്‍ത്താല്‍ മൂലമുണ്ടാവുന്ന നഷ്ടങ്ങളുടെ കണക്ക് വളരെ വലുതാണ്‌.

ഈ ഹര്‍ത്താല്‍ നടത്തുന്നതുകൊണ്ട് ആകെ സന്തോഷിക്കുന്നതും, ഉപകാരമുള്ളതും സ്കൂള്‍ കുട്ടികള്‍ക്കാണ്..അവര്‍ക്ക് മാത്രമാണ്.

പിന്നെ, ആര് ഹര്‍ത്താല് നടത്തിയാലും പാലും പത്രവും അതുപോലെതന്നെ തീര്‍ഥാടനത്തിന് പോവുന്നവരെയും ഒഴിവാക്കും...  ഹര്‍ത്താല്‍ നടത്തുന്നവര്‍ ഒന്നോര്‍ക്കുക, ഇതിനെക്കാളൊക്കെ പ്രധാനപ്പെട്ട പല കാര്യങ്ങളുമുണ്ട് ഇവിടുത്തെ പാവം ജങ്ങള്‍ക്ക്. 

അവസാനമായി മാധ്യമങ്ങളോട് ഒരപേക്ഷ - പറ്റുമെങ്കില്‍ ഹര്‍ത്താല്‍ ആഹ്വാനം നിങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാതിരിക്കുക... എതെങ്കിലും  ഒരു മഞ്ഞ പത്രത്തില്‍ വന്നാല്‍ ആളുകളത് ശ്രദ്ധിക്കില്ല. അങ്ങനെയത് പരാജയപ്പെട്ടോളും.. സമൂഹത്തിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കുറച്ച് നല്ലകാര്യങ്ങളില്‍ ഒന്നാണിത്.

--
ചിത്രങ്ങള്‍ക്ക് കടപ്പാട്: SayNoToHarthal Facebook page,  jinojoy.wordpress.com

Wednesday, 21 January 2015

വേഴാമ്പലേ നീ കേഴുക, നിന്‍റെ നിലനിൽപ്പിനായി

അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്ക് അനുമതി നൽകാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശം. പ്രദേശത്ത് വംശനാശ ഭീഷണി നേരിടുന്നത് മലമുഴക്കി വേഴാമ്പൽ മാത്രമാണെന്നും, മറ്റ് അപൂർവ സസ്യജന്തുജാലങ്ങളൊന്നുമില്ലെന്നുമാണ് സമിതി കണ്ടെത്തിയത് [1]

പഠനം നടത്തിയത് എന്തായാലും അറിവും അനുഭവജ്ഞാനവുമുള്ളവരാണെന്നുള്ളതിൽ തർക്കമില്ല. എന്നിരുന്നാൽത്തന്നെയും ഒന്നുരണ്ട് സംശയങ്ങൾ ചോദിക്കാതെ വയ്യ.

ഒന്നാമതായി വംശനാശഭീഷണി നേരിടുന്ന മലുഴക്കി വേഴാമ്പൽ വെറുമൊരു പക്ഷിയല്ല, മറിച്ച് അത് കേരളത്തിന്‍റെ ദേശീയ പക്ഷിയാണ്. ഇവയെ സംരക്ഷിച്ചില്ലെങ്കിൽ നാളത്തെ തലമുറയ്ക്ക്
ചിത്രങ്ങൾകാണിച്ച് ഇതാണ് നമ്മുടെ സംസ്ഥാന പക്ഷി എന്നുപറയേണ്ട ഗതികേട് വരും. അല്ലെങ്കിൽ അവസാന വേഴാമ്പലും കൂടൊഴിയുമ്പോൾ മറ്റൊരു പക്ഷിയെ, ഉദാഹരണത്തിന് വല്ല കാക്കയോ കൊക്കിനെയോ പിടിച്ച് ഈ പദവി കൊടുത്താലും മതി! ഇതിന് പ്രതിവിധിയായി ഈ പഠനം നടത്തിയ ശ്രീ.പാംണ്ടുരംഗൻ സമിതി പറയുന്നത് അവയെ മാറ്റിപ്പർപ്പിക്കാമെന്നാണ്. ക്യാമറക്കണ്ണുകൾക്ക് പോലും അങ്ങനെ പിടികൊടുക്കാത്ത ടീമിനെ ഇവര് എങ്ങനെ മാറ്റിപ്പാർപ്പിക്കുമെന്ന് കണ്ടറിയണം

രണ്ടാമത്തെ വസ്തുത മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിലുള്ള പരാമർശമാണ്. അതിരപ്പിള്ളിയിലെ  ജൈവവൈവിധ്യം കൊണ്ടും, അതിനെ പരിരക്ഷിക്കേണ്ട ആവശ്യകത കൃത്യമായി മനസ്സിലാക്കിയതുകൊണ്ടുമാണ് കമ്മിറ്റിയിലുള്ള മുഴുവൻ അംഗങ്ങളും അവിടെ നേരിട്ടെത്തി കാര്യങ്ങൾ പഠിച്ചത്. അതിനെത്തുടർന്ന് അവിടെ പബ്ലിക്‌ ഹിയറിംഗ് നടത്തുകയും എല്ലാവരിൽനിന്നും അഭിപ്രായം ആരായുകയും ചെയ്തു. ജൈവഗുണങ്ങളും, കാലാവസ്ഥയെ സംബന്ധിച്ച സവിശേഷതകളും, ഭൂമിശാസ്ത്രപരമായ പ്രത്യേകതളും മുൻനിർത്തി അതിരപ്പിള്ളി മേഖലയെ ESZ 1-ൽ ഉൾപ്പെടുത്തി [2]

ഗാഡ്ഗിലിന് ശേഷം വന്ന കസ്തൂരിരംഗൻ റിപ്പോർട്ടിലും പറയുന്നത് അതിരപ്പിള്ളിയിൽ ഇങ്ങനെയൊരു പദ്ധതി പ്രായോഗികമല്ലെന്നാണ് (പക്ഷെ കസ്തൂരിരംഗൻ റിപ്പോർട്ടിൽ ചെറിയൊരു പഴുതുണ്ട് - അന്തിമതീരുമാനം സർക്കാരിനെടുക്കാമെന്ന്)

അതിരപ്പിള്ളി പ്രശ്നം കോടതിയിലെത്തിയപ്പോൾ, കോടതി ഉത്തരവിട്ടത് നിലവിലുള്ള ജലവൈദ്യുത പദ്ധതികളുടെ മുഴുവൻ പ്രയോഗക്ഷമത വിശകലനം ചെയ്യണമെന്നാണ്. എല്ലാ ടർബൈനുകളും പ്രവർത്തിക്കുന്നുണ്ടോയോന്നു നോക്കുക, അതിന്‍റെ പ്രശ്നങ്ങൾ മനസ്സിലാക്കുക, വൈദ്യുതി മോഷണം നടക്കുന്നത് എത്രയുണ്ടെന്ന് നോക്കുക (ബോർഡിന്‍റെകണക്ക് പ്രകാരം ഇത് 23 ശതമാനമാണ്. അനർട്ടിലെ വി.കെ ദാമോധാരന്‍റെ കണക്ക് പ്രകാരം 33 ശതമാനമാണ്). പ്രസരണനഷ്ടം എത്രയുണ്ടെന്ന് നോക്കുക, അതെങ്ങനെ കുറയ്ക്കാം, ഇതെല്ലാം പഠിച്ചതിനുശേഷം നമുക്ക് പുതിയ പദ്ധതിയെക്കുറിച്ച് ആലോചിക്കാം എന്നാണ് [3]


നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോർസസ് ചാലക്കുടിപ്പുഴയുടെ ആദ്യഘട്ടങ്ങളെ ഉൾപ്പെടുത്തി ഒരു മത്സ്യ സം‌രക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്യുകയുണ്ടായി. 104 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുള്ളതിൽ 9 എണ്ണം വംശനാശഭീഷണി നേരിടുന്നതും 22 എണ്ണം എപ്പോൾ വേണമെങ്കിലും ഭീഷണിയുണ്ടാകാവുന്നവയുമാണ്. 11 ഇനങ്ങൾ ഭീഷണിയുടെ വക്കിലുമാണ് [4]

ഇനി തല്കാലം ജൈവവൈവിധ്യങ്ങൾ മാറ്റിവെക്കാം. എന്നിട്ട് കമ്മിറ്റി അംഗമായിരുന്ന Dr.വി.എസ് വിജയൻ പലയിടത്തും പറഞ്ഞ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ശ്രദ്ധിക്കാം. അതിരപ്പിള്ളി പദ്ധതി പാടില്ല എന്ന് പറഞ്ഞത് ഗാഡ്‌ഗിൽ കമ്മിറ്റി ഒറ്റക്കായിരുന്നില്ല, അതൊരു ജനകീയ തീരുമാനമായിരുന്നു. ടെക്നിക്കൽ കമ്മിറ്റിയിൽ വൈദ്യുതി ബോർഡ്‌, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ , കെ.എഫ്.ആർ .ഐ ശാസ്ത്രഞ്ജരും, പിന്നെ പദ്ധതിയ്ക്ക് എതിരായി നില്ക്കുന്ന ചാലക്കുടി പുഴ സംരക്ഷണ സമിതിയുടെ ആൾക്കാരും  ഇതിൽ പങ്കാളികളായിരുന്നു . ഇടമലയാർ ഡൈവേർഷൻ സ്കീമിൽകൂടി പോയിട്ട് ബാക്കിയുള്ള വെള്ളമാണ് ചാലക്കുടിപ്പുഴയില്‍ നിന്ന്   ലഭിക്കുക. ഇങ്ങനെയൊഴുകുന്ന പുഴയിൽ നിന്ന് വൈദ്യതി ബോർഡ്‌ പറയുന്ന പോലെ 160 മെഗാവാട്ട് വൈദ്യതി ഉദ്പാതിപ്പിക്കാൻ  കഴിയില്ലയെന്ന് വസ്തുതകൾ നിരത്തി പുഴ സംരക്ഷണ സമിതി സമർഥിച്ചു . പരമാവധി 25  മെഗാവട്സ് മാത്രമേ ലഭിക്കു എന്നുംപറഞ്ഞു അവർ ബോർഡിനെ വെല്ലുവിളിച്ചു. ടെക്നിക്കൽ പാനലിലെ ആരും ഒന്നും മിണ്ടിയില്ല! ഇതിനു ശേഷം മറ്റൊരു ഹിയറിങ്ങിൽ അന്നത്തെ വൈദ്യതി ബോർഡ്‌ ചെയർമാൻ ടി.എം. മനോഹരനും കൂടിയിരിക്കുമ്പോൾ ഇതേ വെല്ലുവിളി നടത്തി. അപ്പോഴും ആരും മറിച്ചൊന്നും പറഞ്ഞില്ല. ഗാഡ്‌ഗിൽ കമിറ്റി സ്വതന്ത്രമായി നടത്തിയ വിശകലനത്തിലും ബോർഡ്‌ പറഞ്ഞ രീതിയിലുള്ള ജലലഭ്യത അവിടെയില്ല എന്ന് ബോധ്യപ്പെട്ടു. അത് മാത്രമല്ല, പദ്ധതിക്കായി ചിലവഴിക്കേണ്ടി വരുന്ന 1200 കോടി രൂപയുണ്ടെങ്കിൽ 100-150 മെഗാ വാട്സ് സോളാർ പവർ ഉദ്പതിപ്പിക്കമെന്നും കമ്മിറ്റി നിർദേശിക്കുന്നു [5].

അതിരപ്പിള്ളി പദ്ധതി അവിടെയുള്ള ഗിരിവർഗ്ഗ ഊരുകളെ പദ്ധതി വലുതായി ബാധിച്ചിരുന്നില്ലെങ്കിലും അവിടത്തെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിയ്ക്കും. അണക്കെട്ട്  നിറഞ്ഞാൽ ഇവരുടെ വാസസ്ഥലങ്ങളില വെള്ളം കയറുകയും ചെയ്യും . വാഴച്ചാൽ ഫോറെസ്റ്റ്‌ ഡിവിഷനിൽ 413 ച.കി.മീറ്ററിൽ സ്ഥിതി ചെയ്യന്ന 8 കാടാർ  ഊരുകളുണ്ട് . ഇതിൽ 56 കുടുംബങ്ങളുള്ള  വാഴച്ചാൽ, 23 കുടുംബങ്ങളുള്ള പൊകപ്പാറ ഊരുകൾ നിർദിഷ്ട  പദ്ധതിയുടെ ഉയർന്ന  ആഘാതമേഖലയ്ക്കുള്ളിലാണ്. ഇതുകൂടാതെ കുടിവെള്ള, കാർഷിക പ്രശ്നങ്ങൾ വേറെയും . (പൂർണരൂപം - ഗാഡ്ഗിൽ റിപ്പോർട്ട്‌, സെക്ഷൻ 15, പേജ് 63-71 ) [6].

ഏറ്റവും വിഷമകരമായ വസ്തുതയെന്താണെന്ന് വെച്ചാൽ, ഈ പദ്ധതിക്ക് അന്തിമാനുമതി നല്‍കിയാല്‍ ഗാഡ്ഗിൽ കമ്മിറ്റിയുടെ ശിപാർശകൾ എല്ലാം തള്ളിക്കളയേണ്ടി വരും. കാരണം ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ വളരെ പ്രാധാന്യത്തോടുകൂടി പറഞ്ഞിരിക്കുന്ന ഒന്നാണ് അതിരപ്പിള്ളി. അതുപോലും പാലിക്കപ്പെടുന്നില്ലായെങ്കിൽപിന്നെ ബാക്കിയുള്ള ശിപാർശകളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. പശ്ചിമഘട്ടത്തിന്‍റെ അടിവേര് തോണ്ടാന്‍ തയ്യാറായി നില്‍ക്കുന്ന മാഫിയകളുടെ ആവശ്യവും അതുതന്നെയാണല്ലോ.

വസ്തുതകൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ആരാണ് സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്നത്? എന്താണ് അവരുടെ ഉദ്ദേശം..? എന്തായാലും കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് പ്രായോഗികമല്ലെന്നറിഞ്ഞിട്ടും വൈദ്യുതി വകുപ്പ് ഇതിന്റെ പുറകെ പോവുന്നത് എന്ന് വിശ്വസിക്കാൻ പാടാണ്. എല്ലാം കാലം തെളിയിക്കേണ്ടിയിരിക്കുന്നു.

അതുവരെ വേഴാമ്പലേ നീ കേഴുക, നിന്‍റെ നിലനിൽപ്പിനായി.

--
Ref:
[1] http://kaumudiglobal.com/innerpage1.php?newsid=60280
[2], [6] Gadgil report
http://www.kssp.in/sites/default/files/Report_attachment/Gadgil%20report_0.pdf
[3] [5] Dr.V. S Vijayan (committee member)
[4] Wikipedia &
http://link.springer.com/article/10.1007%2Fs10530-007-9104-2

ചിത്രങ്ങൾക്ക് കടപ്പാട്: Wikipedia and Google images