അങ്ങനെ സാക്ഷര കേരളം മറ്റൊരു ഹര്‍ത്താലിനുകൂടി സാക്ഷ്യം വഹിച്ചു.
ബാര്‍ കോഴ കേസില്‍ കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു ഹര്‍ത്താല്‍... എന്നിട്ട് ഇപ്പറഞ്ഞ മാണി രാജി വെച്ചോ..? ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് മന്ത്രിപദം രാജി വെക്കില്ലെന്ന്‍ മാണിക്കുമറിയാം, അത് നടത്തിയവര്‍ക്കുമറിയാം, നാട്ടുകാര്‍ക്ക് മുഴുവനറിയാം. അല്ലെങ്കില്‍ത്തന്നെ ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് എന്ത് കാര്യമാണ് ഈ കേരളത്തില്‍ നടന്നിട്ടുള്ളത്..? പിന്നെയെന്തിനാണ് ജനങ്ങളെ മുഴുവന്‍ ബുദ്ധിമുട്ടിക്കുന്ന ഏര്‍പ്പാട് ഈ നൂറ്റണ്ടിലും തുടരുന്നത് എന്ന് ഹര്‍ത്താല്‍ നടത്തുന്നവരും അതിനോട് അനുഭാവം പ്രകടിപ്പിക്കുന്നവരും ചിന്തിക്കുക.
ഏറ്റവും രസകരമായ കാര്യം, മന്ത്രി മാണി ഇങ്ങനെയൊരു ഹര്‍ത്താല്‍ നടന്നതായിട്ട്പോലും അറിഞ്ഞിട്ടുണ്ടാവില്ല. എല്ലാ ദിവസത്തെയും പോലെ പോലീസ് അകമ്പടിയോടുകൂടി അങ്ങേര് അങ്ങേരുടെ പണിക്ക് പോയിട്ടുണ്ടാവും! ഇനി മാണിയെക്കൊണ്ട് രാജിവെപ്പിക്കാനാണെങ്കില്‍ അങ്ങേരെ ഉപരോധിക്കുക, അല്ലാതെ സാധാരണക്കാരെയല്ല ബുദ്ധിമുട്ടിപ്പിക്കേണ്ടത്.
ഈ ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് കൈക്കൂലി മേടിക്കുന്ന ജനപ്രതിനിധികള്‍ ആ കലാപരിപാടി നിര്‍ത്തുമോ..? ഒരു വിദൂര സാധ്യതയെങ്കിലും..??
പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കുമവകാശമുണ്ട്. പക്ഷെ മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുംമേല്‍ കൈ കടത്തുന്നത് ശരിയല്ല. അതുകൊണ്ടാണ് ബന്ദ് നിയമവിരുദ്ധമാണെന്ന്‍ കോടതി ഉത്തരവിട്ടത്. അപ്പൊ എല്ലാവരും ചേര്‍ന്ന് അതിന്‍റെ പേര്മാറ്റി ഹര്‍ത്താല്‍ എന്നാക്കി. നിങ്ങള്‍ ആരെയാണ് പറ്റിക്കുന്നത്... കോടതിയേയോ..? അതോ ഇവിടുത്തെ ജനങ്ങളെയോ..?
ഹര്‍ത്താല്‍മൂലം സര്‍ക്കാരിനുണ്ടായ നഷ്ടം എത്രകോടിയാണെന്നത് തല്‍ക്കാലം മാറ്റിവെക്കാം. ഇന്നല്ലെങ്കില്‍ നാളെയത് നമ്മുടെ പോക്കെറ്റില്‍നിന്ന് തന്നെ അവര്‍ നികുതിയായിട്ട് പിരിച്ചെടുക്കും. അപ്പൊ നമുക്ക് അതിന്‍റെ പേരില്‍ അടുത്ത ഹര്‍ത്താല്‍ നടത്താം. അതുപോലെതന്നെ ഒരു ദിവസം കച്ചവടം അല്ലെങ്കില്‍ വ്യവസായം നടന്നില്ലെങ്കില്‍ വലിയ നഷ്ടമൊന്നും ഉണ്ടാവനിടയില്ലാത്ത കുത്തക മുതലാളിമാരെയും മാറ്റിനിര്‍ത്താം. എന്നിട്ട് നമുക്ക് സാധാരണക്കാരുടെ കാര്യമെടുക്കാം. കാരണം, ഹര്‍ത്താലുകള്‍ ഏറ്റവുമധികം ബാധിക്കുന്നത് ദിവസക്കൂലിക്ക് പണിയെടുക്കുന്നവര്‍ക്കും, മറ്റ് ആവശ്യങ്ങള്‍ക്കായി ഓടി നടക്കുന്നവര്‍ക്കുമായിരിക്കും.
മാസശമ്പളം മേടിക്കുന്ന എനിക്കും, എന്നെപ്പോലുള്ളവര്‍ക്കും ഒരു ഹര്‍ത്താല്‍ വലിയ പ്രശ്നമാവില്ല. കൂടിപ്പോയാല്‍ ഒരു ലീവ് പോകുമായിരിക്കും, പക്ഷെ മാസാവസാനം കിട്ടുന്ന കാശ് കുറയില്ല. പക്ഷെ, അന്നന്നത്തെ ആഹാരത്തിനും, മരുന്നിനുമൊക്കെ വേണ്ടി പണിയെടുക്കുന്ന ഒരുപാട് പേര്‍, ചിലപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ ഇന്നാട്ടിലുണ്ട്. അവരുടെ കണ്ണീര്‍..
പല ആശുപത്രികളിലും വിസിറ്റിംഗ് ആയിട്ട് ഡോക്ടര്‍മാര്‍ വരാറുണ്ട്. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങമളുള്ളവര്‍ മാസങ്ങളോളം കാത്തിരുന്നിട്ടായിരിക്കും അവരുടെയൊക്കെ ഒരു സന്ദര്‍ശന സമയം കിട്ടുന്നത്. ഈ ഹര്‍ത്താല്‍ മൂലം ആശുപത്രിയില്‍ എത്തിപ്പെടാതെ ആ അവസരം നഷ്ടമാകുന്ന എത്രയോ പേര്‍... ഹര്‍ത്താല്‍ മൂലം മാറ്റിവെക്കപ്പെടുന്ന ശസ്ത്രക്രിയകള്‍.. അവരുടെ കണ്ണീര്‍...
ദൂരദേശത്ത് പോവുന്നവരും, അവിടെ നിന്ന് വരുന്നവരും എന്തു ചെയ്യണമെന്നറിയാതെയാവുന്ന നിമിഷങ്ങള്‍... ഹര്‍ത്താല്‍ മൂലം യാത്രചെയ്യാന്‍ കഴിയാതെ (പ്രത്യേകിച്ച് വിദേശത്തേക്ക് പോവുന്നവര്‍) ജോലി നഷ്ടപ്പെട്ടവര്‍...
ഹോട്ടെലുകള്‍ അടയ്ക്കുന്നതുമൂലം ഭക്ഷണം കിട്ടാതെ വലയുന്നവർ... ദൈവത്തിന്‍റെ സ്വന്തം നാട് കാണാന്‍ ഇവിടെ വന്നിട്ട് ഒന്നും ചെയ്യാനാവാതെ റൂമില്‍ തന്നെ ഇരിക്കേണ്ടി വന്ന വിനോദസഞ്ചാരികള്‍ (അവരുടെ ഓരോ ദിവസവും, അതിലെ ഓരോ മണിക്കൂറും വിലപ്പെട്ടതായിരിക്കും).. അവരെന്തായിരിക്കും നമ്മുടെ കൊച്ചുകേരളത്തെക്കുറിച്ച് അവരുടെ നാട്ടില്‍പോയി പറയുക..?
സംസ്ഥാന അതിര്‍ത്തിയില്‍ പെട്ടുകിടക്കുന്ന ചരക്കുലോറികള്‍, ഒരു ദിവസം താമസിച്ചാല്‍ ചീത്തയായിപ്പോവുന്ന അതിലെ ഭക്ഷ്യവസ്തുക്കള്‍, ഹര്‍ത്താല്‍ അവസാനിക്കുമ്പോള്‍ അവിടെയുണ്ടാവുന്ന ട്രാഫിക് ബ്ലോക്കുകള്‍.
നേരത്തെതന്നെ പറഞ്ഞുറപ്പിച്ച കല്യാണങ്ങള്‍, അത് മാറ്റിവെച്ചാലുണ്ടാവുന്ന പ്രശ്നങ്ങള്‍, യൂണിവേഴ്സിറ്റി പരീക്ഷകള്‍, താറുമാറാവുന്ന സര്‍ക്കാര്‍ ഓഫീസ് ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍, ഒരു ദിവസത്തെ വരുമാനം നഷ്ടപ്പെട്ട ഓട്ടോ, ബസ്, ടാക്സി തൊഴിലാളികള്‍, പലചരക്ക് കട നടത്തുന്നവര്‍, സ്തംഭിക്കുന്ന കയറ്റുമതി മേഖലകള്‍, ഹര്‍ത്താല്‍ അക്രമങ്ങളില്‍ പരിക്കേല്‍ക്കുന്ന സര്‍ക്കാരുദ്യോഗസ്ഥര്‍... ഹര്‍ത്താല്‍ മൂലമുണ്ടാവുന്ന നഷ്ടങ്ങളുടെ കണക്ക് വളരെ വലുതാണ്.
ഈ ഹര്‍ത്താല്‍ നടത്തുന്നതുകൊണ്ട് ആകെ സന്തോഷിക്കുന്നതും, ഉപകാരമുള്ളതും സ്കൂള്‍ കുട്ടികള്‍ക്കാണ്..അവര്‍ക്ക് മാത്രമാണ്.
പിന്നെ, ആര് ഹര്‍ത്താല് നടത്തിയാലും പാലും പത്രവും അതുപോലെതന്നെ തീര്‍ഥാടനത്തിന് പോവുന്നവരെയും ഒഴിവാക്കും... ഹര്‍ത്താല്‍ നടത്തുന്നവര്‍ ഒന്നോര്‍ക്കുക, ഇതിനെക്കാളൊക്കെ പ്രധാനപ്പെട്ട പല കാര്യങ്ങളുമുണ്ട് ഇവിടുത്തെ പാവം ജങ്ങള്‍ക്ക്.
അവസാനമായി മാധ്യമങ്ങളോട് ഒരപേക്ഷ - പറ്റുമെങ്കില്‍ ഹര്‍ത്താല്‍ ആഹ്വാനം നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക... എതെങ്കിലും ഒരു മഞ്ഞ പത്രത്തില്‍ വന്നാല്‍ ആളുകളത് ശ്രദ്ധിക്കില്ല. അങ്ങനെയത് പരാജയപ്പെട്ടോളും.. സമൂഹത്തിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കുറച്ച് നല്ലകാര്യങ്ങളില്‍ ഒന്നാണിത്.
--
ചിത്രങ്ങള്‍ക്ക് കടപ്പാട്: SayNoToHarthal Facebook page, jinojoy.wordpress.com
No comments:
Post a Comment